അബുദാബി∙ ജന്മദിനത്തിന് ബിഗ് സർപ്രൈസ് ഉണ്ടെന്ന് കേട്ട് പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞു തനിഷയുടെയും എമിന്റെയും കൈകളിലേക്ക് ഉപ്പ തൈസീർ നൽകിയത് കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയായ ഹൈസിൻ ഹംദിനെ. 9വയസ്സുകാരി തനിഷ തഹാനിയും അഞ്ചുവയസ്സുകാരൻ മുഹമ്മദ് എമിനും സന്തോഷം കൊണ്ട് തുള്ളിച്ചാടി.
കുഞ്ഞനുജന് മുത്തം നൽകിയിട്ടും മതിയായില്ല ഇരുവർക്കും. 3 പേരുടെയും ജന്മദിനം (മാർച്ച് 14) ഒരുമിച്ചു വന്നതിൽ കുടുംബവും ആഹ്ലാദത്തിൽ. കണ്ണൂർ പഴയങ്ങാടി സ്വദേശിയും ലുലു ഗ്രൂപ്പിലെ ബിസിനസ് ഡവലപ്മെന്റ് വിഭാഗത്തിൽ കാറ്റഗറി മാനേജരുമായ തൈസീർ അബ്ദുൽ കരീമിന്റെയും ഹലീമ മുസ്തഫയുടെയും മൂന്നാമത്തെ മകൻ ഹൈസിൻ ഹംദ് പിറന്നത് മാർച്ച് 14ന്.
ഇതേ ദിനത്തിലാണ് 2014ൽ മൂത്ത മകൾ തനിഷ തഹാനിയും 2018ൽ രണ്ടാമത്തെ മകൻ മുഹമ്മദ് എമിനും പിറന്നത്. 9 വർഷത്തിനിടെ ഹലീമയുടെ 3 പ്രസവവും മാർച്ച് 14ന്. ഇതിൽ തനിഷയെ നാട്ടിലും മറ്റു രണ്ടു പേരെ അബുദാബിയിലും പ്രസവിച്ചു. ഒരേ ദിവസത്തിൽ മൂന്നു മക്കൾ പിറക്കുന്ന അപൂർവതയിൽ അത്യാഹ്ലാദത്തിലാണ് തൈസീറും ഹലീമയും. എല്ലാം ദൈവത്തിന്റെ തീരുമാനം.
മൂന്നാമത്തെയാളുടെ വരവ് റമസാനിലായതിൽ അതിലേറെ സന്തോഷം. ഏറ്റവും ഒടുവിലെ സ്കാനിങ് റിപ്പോർട്ടിൽ മാർച്ച് 14നാണ് പ്രസവ തീയതി കുറിച്ചിരുന്നത്. പ്രസവം ചിലപ്പോൾ നേരത്തെയും വൈകിയും ആകാമെന്നതിനാൽ ആരോടും പറഞ്ഞിരുന്നില്ല. ഇനി മൂന്നു പേർക്കും കൂടി ഒറ്റ ജന്മദിന കേക്ക് മതി. മക്കളുടെ അടുത്ത ജന്മദിനം വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
അബുദാബി ബുർജീൽ ആശുപത്രിയിലായിരുന്നു പ്രസവം. ഒരു കുടുംബത്തിലെ 3 കുട്ടികൾ വ്യത്യസ്ത വർഷങ്ങളിൽ ഒരേ ദിവസം പിറക്കുന്നത് അത്യപൂർവമാണെന്ന് ഡോ. പാത്തുകുട്ടി മുഹമ്മദ് പറഞ്ഞു. മേഖലയിൽ ഇത് ആദ്യത്തേതായിരിക്കാമെന്നും സൂചിപ്പിച്ചു. 1966ൽ ഒരു യുഎസ് കുടുംബത്തിലെ 5 കുട്ടികളുടെ ജന്മദിനം ഫെബ്രുവരി 20ന് ആയതാണ് ഈയിനത്തിൽ നിലവിലെ ഗിന്നസ് വേൾഡ് റെക്കോർഡ്.