അബുദാബി∙ എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്ക് ആക്കി തുക ഏകീകരിച്ചത് പ്രവാസി കുടുംബങ്ങൾക്ക് അധിക ബാധ്യത വരുത്തുന്നു. 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന നിരക്കിന്റെ 25% ഇളവ് നൽകിയിരുന്നതാണ് എയർലൈൻ കഴിഞ്ഞ ദിവസം പിൻവലിച്ചത്.
ഇതോടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് നാലംഗ കുടുംബത്തിന് ടിക്കറ്റ് ഇനത്തിൽ വൻ തുക അധികം നൽകേണ്ടിവരും.സീസൺ സമയത്ത് അഞ്ചിരട്ടി വരെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനാൽ അവധിക്കാലമായിട്ടും വർഷങ്ങളായി നാട്ടിൽ പോകാത്ത പ്രവാസി കുടുംബങ്ങൾ ഒട്ടേറെയുണ്ട്. ഈ നില തുടർന്നാൽ അടുത്ത കാലത്തെങ്ങാനും നാട്ടിൽ പോകാൻ കഴിയുമോ എന്ന ആശങ്കയിലാണ് സാധാരണ പ്രവാസി കുടുംബങ്ങൾ. കൈക്കുഞ്ഞിനും മുതിർന്നവരുടേതിനു സമാനമായ ടിക്കറ്റ് തുക നൽകേണ്ടിവരുന്നത് തന്നെപ്പോലെ കുറഞ്ഞ വരുമാനത്തിനു ജോലി ചെയ്യുന്നവരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്ന് ഗുരുവായൂർ സ്വദേശി ദിവ്യ സതീഷ് പറഞ്ഞു.
വേനൽ അവധിക്കാലത്ത് നാട്ടിലേക്കു പോകാനായി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ചൈൽഡ് ഫെയർ എടുത്തുകളഞ്ഞ കാര്യം അറിയുന്നത്. 2 കുട്ടികൾക്കും കൂടി കഴിഞ്ഞ തവണത്തേതിനെക്കാൾ 1000 ദിർഹത്തോളം (22,300 രൂപ) അധികം നൽകേണ്ടിവന്നെന്നും പറഞ്ഞു.
എയർ ഇന്ത്യയും എയർ ഏഷ്യയും തമ്മിൽ ലയിച്ച ശേഷം വെബ്സൈറ്റ് പരിഷ്ക്കരിച്ചപ്പോഴാണ് ചൈൽഡ് ഫെയർ ഓപ്ഷൻ എടുത്തുകളഞ്ഞ് നിരക്ക് ഏകീകരിച്ചത്. ബജറ്റ് എയർലൈനുകൾ ഈ ആനുകൂല്യം നൽകാറില്ലെന്നാണ് എയർലൈന്റെ വാദം.