മസ്‌കത്ത് ∙ മാര്‍ബര്‍ഗ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടാന്‍സാനിയ, ഗിനിയ എന്നീ ആഫിക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. രണ്ടു രാജ്യങ്ങളിലേക്കും അത്യാവശ്യമില്ലെങ്കില്‍ യാത്ര മാറ്റിവെക്കണം. ടാന്‍സാനിയ, ഗിനിയ രാജ്യങ്ങളിലെ വൈറസ് വ്യാപനം ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് സര്‍വൈലന്‍സും എമര്‍ജന്‍സി മാനേജ്‌മെന്റ് സെന്ററും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സ്വീകരിക്കണമെന്നും പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
അതേസമയം, അടിയന്തിരമായി യാത്ര ചെയ്യേണ്ടവര്‍ എടുക്കേണ്ട മുന്‍കരുതലുകളും മന്ത്രാലയം പുറത്തുവിട്ടു. പനി, പേശിവേദന, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മാര്‍ബര്‍ഗ് വൈറസ് രോഗം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുത്. മറ്റുള്ളവരുടെ രക്തവുമായും മറ്റു ശരീര സ്രവങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം.
തിരികെ എത്തുന്ന യാത്രക്കാര്‍ 21 ദിവസം വരെ ഐസോലേഷനില്‍ കഴിയണം. പനി, വിറയല്‍, പേശിവേദന, ചുണങ്ങ്, തൊണ്ടവേദന, വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, രക്തസ്രാവം, ശരീരത്തില്‍ ചതവ് എന്നിവ ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.