ദുബായ്∙ കൂടുതൽ ഗൾഫ് വിമാനങ്ങൾക്ക് ഇന്ത്യയിലേയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി പ്രവാസികളോടുള്ള വഞ്ചനയാണെന്നു സാംസ്കാരിക സംഘടന ഒാർമ. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇന്ത്യയിലേക്കു ഗൾഫ് വിമാനങ്ങൾക്കു കൂടുതൽ സർവ്വീസ് നടത്താൻ അനുമതി നൽകില്ലെന്നു കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
'ഇന്ത്യക്കു പൊതുമേഖലയിൽ വിമാന കമ്പനികളില്ലാത്ത സാഹചര്യത്തിൽ കോവിഡിന് മുമ്പുള്ള സർവ്വീസുകൾ പോലും അനുവദിച്ചു തരില്ലെന്ന വാദം വിചിത്രമാണ്. സാധാരണക്കാരായ പ്രവാസികൾക്ക് ഈ തീരുമാനം വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കും. പെരുന്നാൾ, ഈസ്റ്റർ, വിഷു തുടങ്ങിയ ആഘോഷ നാളുകളും കേരളത്തിലെ സ്കൂൾ അവധിക്കാലവും പ്രമാണിച്ചു പ്രവാസി മലയാളികൾ കൂടുതൽ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്ക് അനുദിനം വർധിക്കുന്നു. അതിനിടയിൽ എയർ ഇന്ത്യ കേരളത്തിലേയ്ക്കുള്ള സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്നു'. പ്രവാസി സമൂഹത്തോടു കരുണയില്ലാത്ത നിലപാട് കേന്ദ്ര സർക്കാർ ഉടൻ തിരുത്തണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനോട് ഓർമ സെൻട്രൽ കമ്മറ്റി അഭ്യർത്ഥിച്ചു.