ADVERTISEMENT

ജിദ്ദ ∙ പുണ്യമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച മക്കയിലേയ്ക്ക് തീർഥാടകരുടെ അനുസ്യൂത പ്രവാഹം. ഇരു ഹറമുകളും തിങ്ങി നിറഞ്ഞ് എണ്ണിയാലൊടുങ്ങാത്ത വിശ്വാസി ലക്ഷങ്ങളുടെ പ്രാർഥനാപൂർണമായ അലയാഴി തീർത്തു. റമസാനിൽ വിശേഷപ്പെട്ട ജുമാ നമസ്കാരത്തിലും ഹറമിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കഴിയാനും ഉംറ നിർവ്വഹിക്കുന്നതിനുമായി സ്വദേശികളും വിദേശികളുമായി ലക്ഷങ്ങളാണ് മക്കയിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. 

 

Saudi-Umrah10
മക്കയിലെയും ഹറം പള്ളിയിലെയും വിവിധ കാഴ്ചകൾ. ചിത്രങ്ങൾ: ട്വിറ്റർ.

വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരത്തിന് ഹറം പള്ളിയിൽ ഇമാം യാസിർ അൽ ദോസരി നേതൃത്വം വഹിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്കും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടയിൽ തന്നെ രണ്ടര ലക്ഷത്തോളം വിദേശ തീർഥാടകരാണ് സന്ദർശനത്തിനും തീർഥാടനത്തിനുമായി എത്തിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും തിരക്ക് വർധിച്ചിട്ടുണ്ട്. തീർഥാടകർക്കും സന്ദർശകർക്കും എറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൂടുതൽ പേരെ ഏർപ്പെടുത്തിയിട്ടുണ്ട്.

 

Saudi-Umrah14
Saudi-Umrah13
Saudi-Umrah7
Saudi-Umrah8
Saudi-Umrah
Haram-saudi
Saudi-Umrah12
Saudi-Umrah14
Saudi-Umrah13
Saudi-Umrah7
Saudi-Umrah8
Saudi-Umrah
Haram-saudi
Saudi-Umrah12

ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനൽ, നോർത്ത് ടെർമിനൽ, ഹജ്–ഉംറ ടെർമിനൽ കോംപ്ലക്‌സ് എന്നിവിടങ്ങളിലേയ്ക്ക് യാത്രക്കാരെ കടത്തിവിടുന്നതിന് വഴികാട്ടുന്ന പോയിന്റുകൾ സ്ഥാപിച്ചു. യാത്രാ നടപടികൾ എളുപ്പമാക്കാൻ സഹായിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാത്രക്കാർക്കുള്ള ബോധവൽക്കരണം സമൂഹ മാധ്യമങ്ങൾ വഴി നടത്തുന്നുണ്ട്. വ്യത്യസ്ത ഭാഷകളിൽ യാത്രക്കാരുടെ ഫോണുകളിലേയ്ക്ക് ബോധവൽക്കരണ സന്ദേശങ്ങളും അയക്കുന്നു. 

 

haramain-train
ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ.

ഒന്നാം നമ്പർ ടെർമിനലിലെ ഹറമൈൻ റെയിൽവെ സ്റ്റേഷൻ അടക്കം ഉംറ തീർഥാടകർക്ക് പ്രയോജനപ്പെടുത്താവുന്ന വ്യത്യസ്ത പൊതുഗതാഗത സംവിധാനങ്ങൾ വിമാനത്താവളത്തിലുണ്ട്. ജിദ്ദ എയർപോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മക്കയിലേയ്ക്കും മദീനയിലേയ്ക്കും പ്രതിദിനം 16 സർവീസുകൾ വീതം നടത്തുന്നു. ഇതിനു പുറമെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേയ്ക്ക് സൗജന്യ ബസ് ഷട്ടിൽ സർവീസുമുണ്ട്. എയർപോർട്ട് ടാക്‌സിയും തീർഥാടകർക്കും യാത്രക്കാർക്കും പ്രയോജനപ്പെടുത്താവുന്ന വിധം ക്രമീകരിച്ചിരിക്കുന്നു.

Saudi-Umrah1
മക്കയിലെയും ഹറം പള്ളിയിലെയും വിവിധ കാഴ്ചകൾ. ചിത്രങ്ങൾ: ട്വിറ്റർ.

 

ആഭ്യന്തര തീർഥാടകരുടെ വരവും വർധിച്ചു

Saudi-Umrah9
മക്കയിലെയും ഹറം പള്ളിയിലെയും വിവിധ കാഴ്ചകൾ. ചിത്രങ്ങൾ: ട്വിറ്റർ.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ഉംറ ഏജൻസികൾ മുഖേനയും ഒറ്റയ്ക്കും കൂട്ടമായും കുടുംബമായും നിരവധി പേരാണ് ദിവസവും മക്കയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ജിദ്ദയിലുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഹറമൈന്‍ അതിവേഗ ട്രെയിനിന്റെ ടിക്കറ്റ് ചാർജ് കുറച്ചു. മക്കയ്ക്കും ജിദ്ദയ്ക്കുമിടയില്‍ 23 റിയാലിന് യാത്ര ചെയ്യാം. മസ്ജിദുല്‍ ഹറമിലേയ്ക്ക് ബസുകൾ ഉള്ളതിനാല്‍ സുലൈമാനിയ സ്റ്റേഷനാണ് അവര്‍ക്ക് ഏറ്റവും സൗകര്യപ്രദം. തിരക്കുള്ള സമയങ്ങളില്‍ മക്ക മദീന സര്‍വീസുകള്‍ വര്‍ധിപ്പിക്കും. എല്ലാ സ്റ്റേഷനുകളിലും ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മക്കക്കും മദീനക്കുമിടയിലെ ട്രെയിൻ സർവീസുകളുടെ എണ്ണവും വർധിപ്പിച്ചു.

Saudi-Umrah3
മക്കയിലെയും ഹറം പള്ളിയിലെയും വിവിധ കാഴ്ചകൾ. ചിത്രങ്ങൾ: ട്വിറ്റർ.

 

മക്കയിലെ റുസൈഫ സ്‌റ്റേഷനിൽ നിന്ന് വലിയ പള്ളിയിലേയ്ക്ക് തീർഥാടകരെ എത്തിക്കാൻ ബസ് സർവീസുകളുണ്ടാകും. റമസാനിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള പ്രതിദിന ട്രെയിൻ ട്രിപ്പുകളുടെ എണ്ണം ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ മാനേജ്‌മെന്റ് 100 ആയി ഉയർത്തി. മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ നിന്നും മദീനയിലെ പ്രവാചകന്റെ പള്ളിയിൽ നിന്നു ജിദ്ദ നഗരത്തിലേക്കും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്കുള്ള സന്ദർശകരുടെയും തീർഥാടകരുടെയും എണ്ണം വർധിച്ചുവരികയാണ്. ജിദ്ദ, റാബിഗ് വഴി മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന റെയിൽവേ സർവീസ് ആരംഭിച്ചതിന് ശേഷം ഇതുവരെ 25,000-ലേറെ ട്രിപ്പുകൾ നടത്തി.

Saudi-Umrah4
മക്കയിലെയും ഹറം പള്ളിയിലെയും വിവിധ കാഴ്ചകൾ. ചിത്രങ്ങൾ: ട്വിറ്റർ.

അവസാന പത്തിൽ ആഭ്യന്തര തീർഥാടകർ പ്രവഹിക്കും

Saudi-Umrah5
മക്കയിലെയും ഹറം പള്ളിയിലെയും വിവിധ കാഴ്ചകൾ. ചിത്രങ്ങൾ: ട്വിറ്റർ.

റമസാൻ അവസാന പത്തിലെത്തുമ്പോൾ ആഭ്യന്തര രാജ്യാന്തര തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. തിരക്ക് മുൻകൂട്ടിക്കണ്ട് ചുമതലപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ റമസാനിലെ ഒരോ പത്തു നാളിലേയ്ക്കുമായി പ്രത്യേക പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. 

ഇരു ഹറമുകളിലുമായി പരിപൂർണ ശേഷിയിൽ കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാനുള്ള എല്ലാ ഒരുക്കവും നേരത്തെ പൂർത്തിയാക്കി. നമസ്കാര പായകളും മുസ്ഹഫുകളും പരവതാനികളും ലഭ്യമാക്കുകയും സംസം ജലവിതരണത്തിനായി കൂടുതൽ സ്ഥലങ്ങൾ ഒരുക്കി. ഹറമിലെ മുഴുവൻ ഭാഗങ്ങളും ശുചിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ഏറ്റവും പുതിയ സംവിധാനങ്ങളാണുള്ളത്. ശുചീകരണത്തിന് ധാരാളം ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനും കൂടുതൽ ആളുകളുടെ സേവനം ലഭ്യമാക്കിയിരിക്കുന്നു.

Saudi-Umrah2
മക്കയിലെയും ഹറം പള്ളിയിലെയും വിവിധ കാഴ്ചകൾ. ചിത്രങ്ങൾ: ട്വിറ്റർ.

മികച്ച സേവനത്തിന് ഒട്ടേറെ പദ്ധതികൾ

തീർഥാടകർക്കും ആരാധകർക്കും 24 മണിക്കൂറും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനായി നിരവധി പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ഗ്രാൻഡ് മോസ്‌കിന്റെ വിപുലീകരണത്തിൽ 120 പ്രാർഥനാ സ്ഥലങ്ങളുണ്ട്. പ്രാർഥനാ സ്ഥലങ്ങളിലേക്കുള്ള സന്ദർശകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് പ്രവേശനത്തിനായി നിരവധി കവാടങ്ങൾ അനുവദിച്ചു. വടക്ക് വശത്ത് നിന്ന്, ആരാധകർക്ക് 104,106, 112, 173, 175,176 ഗേറ്റുകൾ വഴി പ്രാർഥനാ സ്ഥലത്തേയ്ക്ക് പ്രവേശിക്കാം. കൂടാതെ പടിഞ്ഞാറു ഭാഗത്തു നിന്ന് ഗേറ്റുകൾ 114, 116, 119, 121, 123 തുറന്നിരിക്കും. കിഴക്കു ഭാഗത്തെ 162, 165, 169 ഗേറ്റുകളാണ് തുറന്നിരിക്കുന്നത്.

Saudi-Umrah6
മക്കയിലെയും ഹറം പള്ളിയിലെയും വിവിധ കാഴ്ചകൾ. ചിത്രങ്ങൾ: ട്വിറ്റർ.

675 മാർബിൾ സ്റ്റേഷനുകൾ (മഷ്‌റബിയ), 362 എസ്‌കലേറ്ററുകൾ, 26 എലിവേറ്ററുകൾ എന്നിവയ്‌ക്ക് പുറമെ പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കായി 72 ശുചിമുറികൾ സജ്ജീകരിച്ചിരിക്കുന്നു. 4800 ശുചിമുറികൾ, 22,000 പരവതാനികൾ, 12,000 സംസം വാട്ടർ കണ്ടെയ്‌നറുകൾ എന്നിവ എല്ലാവർക്കും ഉപയോഗിക്കുന്നതിനായി സജ്ജീകരിച്ചതിനും പുറമേയാണിത്.

ഒരാൾക്ക് ഒരു ഉംറ മാത്രം

തിരക്ക് കുറക്കാനും കൂടുതൽ ആളുകൾക്ക് ഉംറക്ക് അവസരമൊരുക്കാനുംവേണ്ടി ഒരാൾക്ക് ഒരു ഉംറയ്ക്ക് മാത്രമാണ് അനുമതി. ആവർത്തിച്ചുള്ള ഉംറ അനുവദിക്കില്ലെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റമസാനിലെ അവസാന പത്തിലേയ്ക്കുള്ള ഉംറ ബുക്കിങ് തുടങ്ങിയതായി ഹജ് – ഉംറ മന്ത്രാലയം അറിയിച്ചു. നുസ്‌ക്, തവക്കൽനാ ആപ്പുകളിലൂടെ വേണം ബുക്കിംഗ് നടത്താൻ. നിശ്ചിത തിയതിയും സമയവും എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. 

ഹറം താഴത്തെ നിലയിലെ പ്രദക്ഷിണവീഥി (മത്വാഫ്) ഉംറ തീർഥാടകർക്ക് മാത്രമാക്കിയിട്ടുണ്ട്. ഒന്നാം നില, മതാഫിന്റെ മേൽഭാഗം, മുറ്റങ്ങൾ, മൂന്നാം സൗദി വിപുലീകരണ ഭാഗവും അതിന്റെ മുറ്റങ്ങളും നിസ്കരിക്കുന്നവർക്കായാണ് നീക്കിവച്ചിരിക്കുന്നത്. രണ്ട് വിശുദ്ധ പള്ളികളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡൻസി മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ വികലാംഗർക്കും പ്രായമായ സ്ത്രീകൾക്കുമായി പ്രാർഥനാ മേഖലകൾ അനുവദിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹിക, സന്നദ്ധ, മാനുഷിക സേവനങ്ങൾക്കായുള്ള അസിസ്റ്റന്റ് ഏജൻസി എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് അവരുടെ അനുഷ്ഠാനങ്ങളും കർമ്മങ്ങളും എളുപ്പത്തിലും സൗകര്യത്തോടെയും നിർവഹിക്കാൻ അനുവദിച്ചിരിക്കുന്ന പ്രാർഥനാ സ്ഥലങ്ങളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും ലഭ്യമാക്കുന്നതിനും പ്രവർത്തിക്കുന്നു. 

തിരക്കില്ലെന്നു ഉറപ്പു വരുത്തുന്നതിനായി വനിതകളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രവേശനവും പുറത്തുകടക്കലും സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും പ്രാർഥനാ സ്ഥലങ്ങൾ നിശ്ചയിച്ചിരിക്കുന്നു. അതിൽ ചിലത് വീൽചെയർ ഉപയോഗിക്കുന്നവർക്കായി നീക്കിവച്ചിരിക്കുന്നു. കാഴ്ച വൈകല്യമുള്ള സന്ദർശകർക്കായി ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വെളുത്ത വാക്കിങ് സ്റ്റിക്കുകൾ, ബ്രെയിൽ ലിപിയിലുള്ള ഖുർആനിന്റെ ഇലക്ട്രോണിക്, പേപ്പർ കോപ്പികൾ, ഖുർആനിനായുള്ള ഫ്ലെക്സിബിൾ ഹോൾഡറുകൾ, പേന റീഡർ എന്നിവയ്‌ക്കൊപ്പം ഖുർആനും മതപാഠങ്ങളും ആംഗ്യഭാഷയിലുള്ള വെള്ളിയാഴ്ച പ്രഭാഷണങ്ങളുടെ വിവർത്തനം, ദുആ (പ്രാർഥന), ഫത്‌വകൾ (മതവിധികൾ), അദ്‌കാർ (സ്മരണയുടെ വാക്കുകൾ) എന്നിവയുടെ വിതരണവും ഉൾപ്പെടുന്നു. തീർഥാടകരുടെ വരവ് കൂടിയതോടെ മക്കയിലെയും മദീനയിലെയും താമസകേന്ദ്രങ്ങളിലും തിരക്കേറിയിട്ടുണ്ട്. 

പെരുന്നാൾ നമസ്കാര സമയം നിശ്ചയിച്ചു

സൗദിയിൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ (ഈദുൽ ഫിത്ർ) നമസ്‌കാരം നിർവഹിക്കേണ്ട സമയം തീരുമാനിച്ചു. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്തർ നമസ്‌കാരം നടത്തണമെന്ന് ഇസ്‍ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് രാജ്യത്തെ മന്ത്രാലയത്തിന്റെ എല്ലാ ശാഖകൾക്കും നിർദ്ദേശം നൽകി. പള്ളികളോട് ചേർന്നുള്ള പ്രാർഥനാ മൈതാനത്തിനു പുറമേ തുറന്ന പ്രാർഥനാ മൈതാനങ്ങളിലും (ഇൗദ് ഗാഹ്) എല്ലാ പള്ളികളിലും നമസ്‌കാരം നടത്തണമെന്ന് നിർദ്ദേശിച്ചു. ഈദുൽ ഫിത്ർ പ്രാർഥനകൾ നടത്തുന്നതിനുള്ള തയാറെടുപ്പുകൾ നടത്താനും ശുചീകരണ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ആവശ്യമായ ഒരുക്കങ്ങൾ നേരത്തെ പൂർത്തീകരിക്കുന്നതിനും സൗദിയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള മന്ത്രാലയ ശാഖകളോട് അൽ ഷെയ്ഖ് അഭ്യർഥിച്ചു. 

English Summary: Saudi Arabia expands services for millions of Umrah pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com