ദോഹ∙ സമത്വത്തിന്റെയും സനേഹത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്ന ഇഫ്താർ കൂടാരങ്ങളുടെ പ്രവർത്തനം അവസാന നാളുകളിലേക്ക്. 21നാണ് ഈദുൽ ഫിത്ർ കണക്കാക്കപ്പെടുന്നത്. ഒരുമാസം നീണ്ട വ്രതശുദ്ധിയുടെ പുണ്യവുമായി 20ന് വൈകിട്ട് നോമ്പ് അവസാനിക്കുന്നതോടെ ഇഫ്താർ കൂടാരങ്ങളും ഓർമയാകും.
കോവിഡ് നഷ്ടമാക്കിയ 3 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇഫ്താർ കൂടാരങ്ങൾ ഉയർന്നത്. അതുകൊണ്ടു തന്നെ ഒത്തുചേരലുകളുടെ ആഘോഷമായി നോമ്പുകാലം മാറി. ഔഖാഫ് മന്ത്രാലയത്തിന് പുറമേ ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളാണ് നോമ്പിന്റെ ആദ്യ ദിനം മുതൽ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. രണ്ടായിരത്തോളം പേർക്ക് വരെ ഒരുമിച്ച് നോമ്പുതുറക്കാൻ കഴിയുന്ന വലിയ കൂടാരങ്ങളാണ് ഓരോന്നും.
കൂടാതെ വിവിധ ഇടങ്ങളിലായി കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ദേശത്തിലും ഭാഷയിലും സംസ്‌കാരത്തിലും വ്യത്യസ്തത പുലർത്തുന്നവർ ഒരേ മനസ്സോടെ ഒരുമിച്ചിരുന്ന് നോമ്പു തുറക്കുന്നതാണ് ഇഫ്താർ കൂടാരങ്ങളുടെ പ്രത്യേകതകളിലൊന്ന്. അപരിചിതത്വം ഇല്ലാതെ, സ്‌നേഹവും സമാധാനവും നിറയുന്ന ഇഫ്താർ കൂടാരങ്ങളിൽ പുതിയ സൗഹൃദങ്ങളും ഉടലെടുക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
ജാതി, മത ഭേദമെന്യേ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക പ്രവാസികളും ആദ്യ ദിനം മുതലേ വ്രതം എടുക്കുന്നവരാണ്. അതുകൊണ്ടു തന്നെ കൂടാരങ്ങളിൽ നോമ്പു തുറക്കാനെത്തുന്നവർക്കിടയിലും ജാതിമത വ്യത്യാസങ്ങളില്ല.