റിയാദ് ∙ ബഹിരാകാശത്ത് പട്ടം പറത്താമോ? എന്നാലിതാ ആ പരീക്ഷണവും നടത്തിയിരിക്കുകയാണ് സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും. രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് സൗദിയിലെ 47 സ്‌കൂളുകളിലെ 12,000 മിഡിൽ ക്ലാസ് വിദ്യാർഥികൾ ഈ പട്ടം പറത്തൽ പരീക്ഷണം ലൈവായി കണ്ടു. തത്സമയ വിഡിയോ ഫീഡിലൂടെ ബഹിരാകാശയാത്രികരുമായി വിദ്യാർഥികൾ നേരിട്ട് ആശയവിനിമയം നടത്തി.
ഇരു ബഹിരാകാശസഞ്ചാരികളോടും വിദ്യാർഥികൾ സംശയങ്ങൾ ചോദിക്കുകയും പരീക്ഷണഫലങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. ബഹിരാകാശ പരിസ്ഥിതിയിലും ഭൂഗുരുത്വാകർഷണ പരിധിക്കുള്ളിലും പറക്കുന്ന പട്ടങ്ങളുടെ സ്വഭാവം താരതമ്യം ചെയ്യാൻ വിദ്യാർഥികൾക്ക് നിർദേശം നൽകി. കമ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി കമീഷൻ, വിദ്യാഭ്യാസ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ, റിയാദ് മിസ്‌ക് സ്‌കൂളുകൾ എന്നിവയുമായി സഹകരിച്ച് സൗദി സ്‌പേസ് കമീഷനാണ് വിദ്യാർഥികൾക്ക് അവസരമൊരുക്കിയത്.
English Summary : Saudi astronauts conduct space kite experiment with students