ADVERTISEMENT

ഡൽഹി∙ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എംഡി അദീബ് അഹമ്മദിനെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച നടന്ന ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ ആറാമത്തെ യോഗത്തിലാണ് അദീബ് അഹമ്മദിനെ ചെയർമാനായി നിയമിച്ചത്. സാമ്പത്തിക സേവന രംഗത്തും ഹോസ്പിറ്റാലിറ്റി  ബിസിനസ്സ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ സംരംഭകനാണ് അദീബ് അഹമ്മദ്.

അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിലെ പത്തോളം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ എൻബിഎഫ്‌സി രംഗത്ത് ലുലു ഫിൻസെർവ്, ക്രോസ്-ബോർഡർ പേയ്‌മെന്റ് കമ്പനിയായ ലുലു ഫോറെക്‌സ് എന്നിവ 40 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ആഡംബര ഹോസ്പിറ്റാലിറ്റി രംഗത്തും സജീവമാണ്. നിരവധി വർഷങ്ങളായി ഇന്ത്യൻ വ്യാവസായിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന അദീബ് അഹമ്മദ് ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാവസായിക സാമൂഹിക ബന്ധം മെച്ചപ്പെടുത്താൻ സജീവമായി പിന്തുണയും നൽകി വരുന്നുണ്ട്. 

എഫ്ഐസിസിഐ സെക്രട്ടറി ജനറൽ ശൈലേഷ് പതക്, സീനിയർ ഡയറക്ടറും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജൻ ഹെഡുമായ ഗൗതം ഘോഷ്, ജോയിന്റ് ഡയറക്ടറും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ ഹെഡുമായ ദീപ്തി പന്ത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ഇരുമേഖലകളിലെയും വ്യാവസായിക രംഗത്ത് വർധിച്ചുവരുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ചും ചർച്ച നടന്നു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ആസൂത്രണവും അത് നടപ്പിലാക്കുന്നതിനായി  ബിസിനസ്സ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള രാജ്യത്തിന്റെ അംബാസഡർമാരെ കണ്ടെത്തുകയും ചെയ്തു.

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുടെ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ യോഗത്തിൽ സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഡെവലപ്‌മെന്റ് പാർട്ണർഷിപ്പ് ജോയിന്റ് സെക്രട്ടറി സതീഷ് ശിവനും ദുബായിലെ ഇന്ത്യൻ കോൺസൽ ജനറലും പങ്കെടുത്ത ചർച്ചയും നടന്നു. ഒമാനിലെ ഓയിൽ സാധ്യതകളെക്കുറിച്ചുള്ള സെമിനാറും നടത്തി.

ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം സമീപകാലത്ത് 150 ബില്യൺ ഡോളറിനെ മറികടന്നു. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 10% ത്തിലധികം ജിസിസി രാജ്യങ്ങൾ ഏറ്റെടുത്തതോടെ ഇന്ത്യൻ കയറ്റുമതി പ്രധാന ലക്ഷ്യമായി ഉയരുകയും ചെയ്തു. കൂടാതെ ജിസിസിയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി മൊത്തം ഇറക്കുമതി അളവിന്റെ 18 ശതമാനത്തിലധികവുമായി മാറി. 

ഇന്ത്യയും വിവിധ ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ എഫ്ഐസിസിഐ മിഡിൽ ഈസ്റ്റ് കൗൺസിൽ, വ്യാപാരം വർധിപ്പിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടത്തുന്ന വേദിയാണ്. കഴിഞ്ഞ 12 മാസങ്ങളിൽ യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികളുമായും ബിസിനസ് ചേംബറുമായും കൗൺസിൽ നിരവധി പരിപാടികളും ചർച്ചകളും നടത്തിയിട്ടുണ്ട്.

English Summary: lulu financial holdings md adeeb ahmed appointed as ficci chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com