ADVERTISEMENT

ദുബായ്∙ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവർക്ക് ജൂൺ 30 മുതൽ പിഴ ചുമത്തും. സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് ബാധകമാണ്.

Also read: 6 മാസത്തിലേറെ വിദേശത്തു കഴിഞ്ഞ ദുബായ് വീസക്കാർക്ക് പിഴയടച്ച് രാജ്യത്ത് തിരിച്ചെത്താം

പദ്ധതിയിൽ അംഗമാകാത്തവർക്ക് 400 ദിർഹമാണ് പിഴയെന്ന് മാനവവിഭവ – സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. www.iloe.ae വഴി പദ്ധതിയിൽ ചേരാം. ഇതിൽ ഇൻഷുറൻസ് റജിസ്ട്രേഷന് പ്രത്യേക പേജുണ്ട്. ഏതു വിഭാഗത്തിൽപ്പെടുന്ന തൊഴിലാളിയാണെന്ന് തിരഞ്ഞെടുത്ത ശേഷം എമിറേറ്റ്സ് ഐഡി  വിവരങ്ങൾ നൽകണം. 

നടപടികൾ ലളിതം അതിവേഗം

ഫ്രീ സോണുകളിലുള്ളവർ മിനിസ്ട്രി ഓഫ് ഹ്യുമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (എംഒഎച്ച്ആർഇ) പുറത്തുള്ളവർ എന്ന ഒപ്‌ഷനിൽ നൽകണം. അതിനു ശേഷം എമിറേറ്റ്സ് ഐഡിയും ഫോൺ നമ്പറും നൽകണം. ഫോൺ നമ്പർ നൽകുന്നതോടെ റജിസ്ട്രേഷൻ വിവരങ്ങൾ സന്ദേശമായി ലഭിക്കും. പ്രതിമാസം, വാർഷികം, അർധ വാർഷികം, 3 മാസം എന്നിങ്ങനെ പ്രീമിയം അടയ്ക്കാനുള്ള തവണ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. രണ്ടു വർഷത്തേക്ക് ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അപേക്ഷകന്റെ ഇ-മെയിൽ വിലാസം നൽകി പണമടയ്ക്കുന്നതോടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി പോളിസി സർട്ടിഫിക്കറ്റ് അയച്ചുതരും. താൽക്കാലിക കരാറിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇൻഷുറൻസ് തുകയ്ക്കു വേണ്ടി തിരിമറി നടത്തിയാൽ കർശന നടപടിയുണ്ടാകും. 

നഷ്ടപരിഹാരം അർഹർക്കു മാത്രം

തൊഴിൽരഹിത ഇൻഷുറൻസ് നടപടികളും വിതരണവും സുതാര്യവും നിയമാനുസൃതവുമായിരിക്കണം. വ്യവസ്ഥകളോടെ ഇൻഷുറൻസ് തുക വിതരണം ചെയ്യും. തുടർച്ചയായ 3 മാസം തൊഴിലാളി പദ്ധതിയുടെ ഭാഗമായിരിക്കണം. ജോലി രാജിവച്ചവർക്ക് തുക ലഭിക്കില്ല. തൊഴിൽ ഉപേക്ഷിച്ചതല്ലെന്ന് തെളിയിക്കുന്ന രേഖ തൊഴിലാളി സമർപ്പിക്കണം. 90 ദിവസം അടവ് തെറ്റിച്ചാൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് റദ്ദാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെട്ടാൽ വേതനത്തിന്റെ 60 ശതമാനം മൂന്ന് മാസം വരെ നഷ്ടപരിഹാരമായി ലഭിക്കും.

നഷ്ടപരിഹാരം ശമ്പളത്തിന്റെ 60% 

16,000 ദിർഹമോ അതിൽ കുറവോ മാസ വേതനമുള്ളവർക്ക് 10,000 ദിർഹമാണ് ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുന്ന പരമാവധി തുക. പ്രതിവർഷം 60 ദിർഹം ഇതിനായി അടയ്ക്കണം.  5 ശതമാനം വാറ്റും നൽകണം. മൊത്തം തുക 63 ദിർഹം. രണ്ടു വർഷത്തേക്കെങ്കിൽ നികുതി അടക്കം 126 ദിർഹം. 16,000 ദിർഹത്തിനു മുകളിൽ വേതനമുള്ള ഒരാൾക്ക് 20,000 ദിർഹം വരെ ലഭിക്കും. പ്രതിവർഷം 120 ദിർഹമാണ് പ്രീമിയം തുക. നികുതി ബാധകം. രാജ്യം വിടുകയോ പുതിയ ജോലിയിൽ കയറുകയോ ചെയ്താൽ നഷ്ടപരിഹാരം നഷ്ടമാകും. സംരംഭകനായ തൊഴിലുടമ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക ജീവനക്കാർ, 18 വയസ്സ് തികയാത്തവർ, പെൻഷൻ സ്വീകരിക്കുന്ന വ്യക്തി, പുതിയ ജോലിയിൽ പരിശീലന കാലഘട്ടത്തിലുള്ളവർ എന്നിവർ ഇൻഷുറൻസ് എടുക്കേണ്ടതില്ല. 

പ്രീമിയം അടയ്ക്കാൻ മറക്കരുത്

തൊഴിൽ രഹിതനാകുന്ന സാഹചര്യമുണ്ടായാൾ പരിമിതമായ കാലത്തേക്ക് ആശ്വാസമാകുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. ഇതിൽ ഭാഗമാകുന്ന ദിവസം മുതൽ ഒരു വർഷം കഴിഞ്ഞാണ് ആദ്യ ഗഡു വിതരണം ചെയ്യുക. പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച പാടില്ല. നിശ്ചിത അടവ് തീയതി കഴിഞ്ഞ് 90 ദിവസം പിന്നിട്ടാൽ അംഗത്തിനെതിരെ നടപടിയുണ്ടാകും. ഇൻഷുറൻസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ അടച്ച തുക തിരികെ ലഭിക്കില്ല. തൊഴിൽ ബന്ധം അവസാനിച്ചാൽ 30 ദിവസത്തിനകം ഇൻഷ‌ുറൻസിന് അപേക്ഷിക്കണം. വ്യവസ്ഥകൾ പാലിച്ചുള്ള അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇൻഷുറൻസ് തുക ലഭിക്കും.

ഇൻഷുറൻസ് ലഭിക്കില്ല

കമ്പനി വ്യാജമാണെന്ന് വ്യക്തമാകുകയോ രേഖകളിൽ തിരിമറി നടത്തുകയോ ചെയ്താൽ തുക ലഭിക്കില്ല. സുരക്ഷിതമല്ലാത്ത രീതി (പണിമുടക്ക്, പ്രതിഷേധം) കാരണം ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇൻഷുറൻസ് തുകയ്ക്ക് അവകാശമുണ്ടാകില്ല. അപേക്ഷകർ നിയമപരമായി രാജ്യത്ത് തങ്ങുന്നവരാകണം. രാജ്യം ഏതെങ്കിലും അടിയന്തര സാഹചര്യം പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായാലും ഇൻഷുറൻസ് തുക ലഭിക്കില്ല. നിയമവിരുദ്ധ നീക്കങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് അസാധുവാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com