ADVERTISEMENT

ദുബായ്∙ 60 ദിവസത്തെ സന്ദർശക വീസയിൽ യുഎഇയിലെ വിനോദസഞ്ചാരികൾക്ക് രാജ്യത്തിനകത്ത് 30 ദിവസത്തേയ്ക്ക് കൂടി താമസം നീട്ടാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (െഎ സിഎ), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) എന്നിവയാണ് തീരുമാനം അറിയിച്ചത്.  ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് പ്രോഗ്രാം (െഎസിപി) ന്റെ ഏറ്റവും വലിയ റെസിഡൻസി, എൻട്രി പെർമിറ്റ് പരിഷ്കരണങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ യുഎഇ വീസാ നടപടിക്രമങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. െഎസിഎ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, 30 അല്ലെങ്കിൽ 60 ദിവസത്തെ സന്ദർശക വീസ കൈവശമുള്ള വ്യക്തികൾക്ക് ഇപ്പോൾ 30 ദിവസത്തെ അധിക താമസത്തിന് അർഹതയുണ്ടെന്നാണ്. കൂടാതെ, സന്ദർശക വീസ പരമാവധി 120 ദിവസത്തേയ്ക്കാണ് നീട്ടാനാകുക. ഇതിനായി ഉപയോക്താവ് തങ്ങളുടെ വീസാ ഏജൻറുമായി ബന്ധപ്പെടണം.

 

അതേസമയം, ദുബായിലുള്ള സന്ദർശകർക്ക് അവരുടെ ടൂറിസ്റ്റ്, സന്ദർശക വീസ കാലാവധി കഴിഞ്ഞാൽ 10 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കില്ലെന്ന് റിപ്പോർട്ട്. മുൻപ് വീസയുടെ കാലാവധി കഴിഞ്ഞ് പിഴ ഈടാക്കുന്നതിന് മുന്‍പ് 10 ദിവസം അധികമായി താമസിക്കാൻ അനുവദിച്ചിരുന്നു.  ഇനി വീസാ കാലാവധി കഴിഞ്ഞ് താമസിക്കുന്നവർ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്‌ക്കേണ്ടി വരും. പുതിയ നിർദ്ദേശത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ട്രാവൽ ഏജന്റുമാർ ഇടപാടുകാരെ അറിയിച്ചു.

 

സന്ദർശക വീസയ്ക്കുള്ള 10 ദിവസത്തെ ഗ്രേസ് പിരീഡ് ദുബായ് ഒഴികെയുള്ള എല്ലാ എമിറേറ്റുകളും നേരത്തെ ഒഴിവാക്കിയിരുന്നു.  എങ്കിലും ദുബായിൽ ഗ്രേസ് പിരീഡ് നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്മാർട് ട്രാവൽസ് എംഡി അഫി അഹമദ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. പ്രവേശന തീയതി മുതൽ സന്ദർശക വീസയുടെ തരം (30 അല്ലെങ്കിൽ 60 ദിവസം) അനുസരിച്ചാണ് താമസ കാലയളവ്. സന്ദർശകനോ വിനോദസഞ്ചാരിയോ അവരുടെ വീസാ കാലഹരണപ്പെടുന്നതിന് മുൻപ് രാജ്യം വിടണം. നിയമം ലംഘിച്ചാൽ കൂടുതലായി നിന്ന ദിവസങ്ങൾക്ക് പിഴ ഒടുക്കേണ്ടി വരും.  

English Summary : Visit visa holders are now eligible for an additional 30-day stay in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com