ദോഹ ∙ സത്യം വളച്ചൊടിക്കുന്ന ‘പ്രൊപ്പഗൻഡ’ സിനിമകൾക്കുള്ള മറുപടി സമൂഹം തന്നെ നൽകുമെന്ന് ചലച്ചിത്ര സംവിധായകനും നിർമാതാവുമായ സക്കരിയ മുഹമ്മദ്. ഭരണഘടനാപരമായി അവകാശങ്ങളും ആനുകൂല്യങ്ങളും എല്ലാവർക്കും ഒരുപോലെയാണ്.
എന്നാൽ ഭരണകൂടത്തിന്റെ പിന്തുണയിൽ നുണകൾ പടച്ചുവിടുന്ന സിനിമകളെ ചോദ്യം ചെയ്യുകയും ബോധവൽക്കരണം നടത്തുകയും ചെയ്യേണ്ടത് പൊതുസമൂഹമാണെന്നു സക്കരിയ പറഞ്ഞു. ഒടിടിയുടെ കാഴ്ചാനുഭവവും തിയറ്റർ അനുഭവവും വ്യത്യസ്തമാണെന്നും രണ്ടിനും പ്രേക്ഷകർ ഉണ്ടെന്നും ഡോക്യുമെന്ററി-ചലച്ചിത്ര പ്രവർത്തകനായ എം.നൗഷാദ് അഭിപ്രായപ്പെട്ടു. ഖത്തറിലെ സിനിമാസ്വാദകരുടെ സംഘടനയായ ഫിലിം ലവേഴ്‌സ് ഖത്തറിന്റെ (ഫിൽഖ) ദ്വിദിന ഫിലിം മേക്കിങ് ശിൽപശാലയിൽ പങ്കെടുക്കുന്നതിനാണ് ഇരുവരും ദോഹയിൽ എത്തിയത്.
വാർത്താസമ്മേളനത്തിൽ ഫിൽഖ ചെയർമാൻ അഷ്‌റഫ് തൂണേരി, ഇവന്റ് പ്രതിനിധി ഷംസീർ എന്നിവരും പങ്കെടുത്തു. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ഇന്നും നാളെയുമായാണ് ഫിൽഖയുടെ ഫിലിം മേക്കിങ് ശിൽപശാല നടക്കുന്നത്. സിനിമ നിർമാണവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളാണ് ശിൽപശാലയിലെ വിഷയം.