ADVERTISEMENT

ദോഹ ∙ ലോകാരോഗ്യ സംഘടനയുടെ പുകയില വിരുദ്ധ പുരസ്‌കാരം സ്വന്തമാക്കിയതിന്റെ ആവേശത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ച് ഖത്തർ. മേയ് 31ന് ആയിരുന്നു ലോക പുകയില വിരുദ്ധ ദിനം. 2022 ഫിഫ ലോകകപ്പിനെ പുകവലി രഹിത ടൂർണമെന്റാക്കി മാറ്റാൻ നടത്തിയ പരിശ്രമങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനയുടെ വേൾഡ് നോ ടുബാക്കോ ഡേ പുരസ്‌കാരം ലഭിച്ചത് കഴിഞ്ഞ ആഴ്ചയാണ്.

 

പുകയിലക്കൃഷിയും അനുബന്ധ ഉൽപന്നങ്ങളുടെ നിർമാണവും പ്രോത്സാഹിപ്പിക്കാത്ത രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലെ ടുബാക്കോ കൺട്രോൾ സെന്റർ ഡയറക്ടർ ഡോ.അഹമ്മദ് അൽ മുല്ല വ്യക്തമാക്കി. പുകയില ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട രാജ്യാന്തര കരാറുകളിലും ഖത്തർ സജീവമാണ്. ഇതിലൂടെ ഉപയോഗത്തിന്റെ വ്യാപനം കുറയ്ക്കുന്നതിൽ ഖത്തർ ഗണ്യമായ പങ്കു വഹിക്കുന്നു. പുകവലി ശീലം ഉപേക്ഷിക്കാൻ താൽപര്യമുള്ളവർക്കായി പ്രത്യേക ചികിത്സാ ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്.

 

പുകയില ഉൽപന്നങ്ങളുടെ ലഭ്യതയും ഉപയോഗവും കുറയ്ക്കാനുള്ള നടപടികളും ശക്തമാണ്. ഫെബ്രുവരി 1 മുതലാണ് ഡിജിറ്റൽ ടാക്‌സ് സ്റ്റാംപുകൾ പതിക്കാത്ത സിഗരറ്റുകളുടെയും പുകയില ഉൽപന്നങ്ങളുടെയും വിൽപന ജനറൽ ടാക്‌സ് അതോറിറ്റി നിരോധിച്ചത്. 2019 മുതലാണ് ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾക്ക് മേൽ സിലക്ടീവ് നികുതി ചുമത്തിയത്. പുകയില ഉൽപന്നങ്ങളിൽ 100 ശതമാനം നികുതി ചുമത്താൻ തുടങ്ങിയതോടെ ഭൂരിഭാഗം വിൽപനശാലകളും സിഗരറ്റ് വിൽപന നിർത്താൻ നിർബന്ധിതരായി. പുകവലി ശീലമാക്കിയവർ പോലും സിഗരറ്റ് വാങ്ങാൻ മടിക്കുന്നതായാണ് നിഗമനം.

 

ചെലവിടുന്നത് ചെറിയ തുക മാത്രം

 

പുകയില ഉൽപന്നങ്ങൾക്കായി ഏറ്റവും കുറഞ്ഞ തുക ചെലവിടുന്ന അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും. ഫിച്ച് സൊലൂഷൻസിന്റെ റിപ്പോർട്ട് പ്രകാരം പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള ഖത്തറിലെ ശരാശരി വാർഷിക പ്രതിശീർഷ ചെലവ് ഏകദേശം 22.6 ഡോളർ ആണ്. ജോർദാൻ (120.5 ഡോളർ), ഈജിപ്ത് (86.7 ഡോളർ), സൗദി അറേബ്യ (68.1 ഡോളർ), യുഎഇ (43 ഡോളർ), കുവൈത്ത് (31.3 ഡോളർ) എന്നീ രാജ്യങ്ങളിലേതിനെക്കാൾ കുറവാണ് ഖത്തറിന്റേത്. മൊത്തം വാർഷിക ചെലവിലും ഖത്തർ പിറകിലാണ്; 7 കോടി ഡോളർ. വാർഷിക ചെലവിന്റെ കാര്യത്തിൽ അറബ് രാജ്യങ്ങളിൽ ഈജിപ്ത് (977 കോടി ഡോളർ), സൗദി അറേബ്യ (252 കോടി ഡോളർ), തുനീസിയ (215 കോടി ഡോളർ) എന്നിവയാണ് ഏറ്റവും മുൻപിൽ.

English Summary: Qatar among Arab countries with least spending on tobacco products.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com