ADVERTISEMENT

അബുദാബി∙ അപകടം കണ്ടാൽ വണ്ടിയിൽ നിന്നു പുറത്തേക്കു കഴുത്ത് നീട്ടി നോക്കരുത്, 1000 ദിർഹം പിഴ നൽകേണ്ടി വരും. അപകടത്തിന്റെ ചിത്രം പകർത്താനും വിഡിയോ എടുക്കാനും നിൽക്കേണ്ട, നാട്ടിലെ ഏകദേശം 22200 രൂപ ആ വഴി പോകും. അപകടം കാണാൻ മറ്റു വാഹനങ്ങൾ വേഗം കുറയ്ക്കുമ്പോൾ അടിയന്തര സേവനത്തിനായി എത്തേണ്ട ആംബുലൻസും സിവിൽ ഡിഫൻസും വഴിയിൽ കുടുങ്ങും. അപകടത്തിൽ പെട്ടയാൾക്ക് അടിയന്തരമായി ലഭിക്കേണ്ട വൈദ്യ സഹായമാണ് ഇതുവഴി നിഷേധിക്കപ്പെടുന്നത്. അപകടത്തിൽ പെട്ടയാളുടെ മരണത്തിനും സ്ഥിര വൈകല്യത്തിനും ഒരു പക്ഷേ മറ്റുള്ളവരുടെ ഇടപെടൽ കാരണമായേക്കാമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

അപകടം കാണുമ്പോൾ കഴുത്തു നീട്ടി നോക്കുന്നതിനെ (റബർ നെക്കിങ്) അടിയന്തര വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തി എന്ന ഗുരുതര ട്രാഫിക് നിയമ ലംഘനത്തിന്റെ പട്ടികയിൽ പെടുത്തിയാണ് പിഴ ഇടാക്കുക. അപകടത്തിനു ചുറ്റും ആളു കൂടുന്നത് ഗതാഗത കുരുക്കിനു കാരണമാകുന്നു. ആംബുലൻസും സിവിൽ ഡിഫൻസ് വാഹനങ്ങളും അപകട സ്ഥലങ്ങളിൽ എത്തിച്ചേരാനും പരുക്കേറ്റവരെ വേഗത്തിൽ രക്ഷിക്കാനും വഴിയൊരുക്കേണ്ടത് മറ്റു വാഹന ഡ്രൈവർമാരുടെ ഉത്തരവാദിത്തം കൂടിയാണെന്നു പൊലീസ് ഓർമപ്പെടുത്തുന്നു. അപകടം നടന്ന സ്ഥലത്തേക്ക് എത്താൻ കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്നതു മറ്റ് അപകടങ്ങൾക്കു കാരണമാകുന്നു. അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചാൽ നടപടിയുണ്ടാകും.

ദൗർഭാഗ്യകരമായ സംഭവങ്ങളെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യുകയാണ് ഇത്തരക്കാർ. ഇങ്ങനെ ചിത്രീകരിക്കുന്ന വിഡിയോകളും ഫോട്ടോകളും ലൈക്കിനു വേണ്ടി പങ്കുവയ്ക്കുന്നവർ പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. താമസ വീസയിലുള്ളവർ ഇത്തരം നിയമ ലംഘനങ്ങളിൽ പെട്ടാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും. അപകട സ്ഥലങ്ങളിൽ ട്രാഫിക് മാർഗനിർദേശങ്ങൾ പാലിച്ചും അപകടത്തിൽപ്പെട്ടവരുടെ സ്വകാര്യതയെയും അന്തസ്സിനെയും മാനിച്ചും വേണം പെരുമാറാനെന്നും പൊലീസ് ഓർമിപ്പിച്ചു.

fire
അഗ്നിബാധയുണ്ടായ കെട്ടിടത്തിനു സമീപം ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നു.

കൂട്ടംകൂടി നിന്ന് മാർഗതടസ്സമുണ്ടാക്കിയാൽ പോക്കറ്റ് കാലി

അബുദാബി∙ അഗ്നിബാധ, അപകടം എന്നിവിടങ്ങളിൽ കൂട്ടംകൂടി നിന്ന് രക്ഷാപ്രവർത്തകർക്കു മാർഗതടസ്സം സൃഷ്ടിക്കുന്നവർക്കു 1000 ദിർഹം  (22,500 രൂപ)  പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. ദുരന്തത്തിന്റെ ദൃശ്യമോ ചിത്രമോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. അപകട സ്ഥലത്തു ജനങ്ങൾ ഒത്തുചേരുന്നത് ആംബുലൻസ്, അഗ്നിശമനസേന, പൊലീസ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കും. ഇതുമൂലം രക്ഷാപ്രവർത്തനങ്ങൾ വൈകാനും വിലപ്പെട്ട ജീവൻ  നഷ്ടപ്പെടാനും ഇടയാക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അത്യാഹിത വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ മറ്റു വാഹനങ്ങൾ വഴിയൊരുക്കണമെന്നും പറഞ്ഞു. അപകടം, തീപിടിത്തം എന്നിവ കാണാനായി വാഹനത്തിന്റെ വേഗം കുറച്ച് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതും നല്ലതല്ല. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യസഹിതം പോസ്റ്റ് ചെയ്താണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

English Summary : Abu Dhabi Police warned against ‘rubbernecking’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com