ADVERTISEMENT

റിയാദ്∙ സൗദി അറേബ്യ തങ്ങളുടെ എണ്ണ ഉൽപാദനത്തിൽ കൂടുതൽ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. പ്രതിദിനം 10 ലക്ഷം ബാരല്ലാണ് കുറയ്ക്കുക. പ്രമുഖ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് സഖ്യത്തിന്റെ സുപ്രധാന യോഗത്തിന് മുന്നോടിയായാണ് സൗദിയുടെ പ്രഖ്യാപനം.

Read Also: വ്യാജ ഹജ് പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...

ഒപെക് പ്ലസ് അംഗ രാജ്യങ്ങള്‍ നേരത്തെ നടത്തിയ രണ്ട് ഉല്‍പാദന വെട്ടിക്കുറക്കലുകള്‍ ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ജൂലൈ മുതല്‍ തന്നെ എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കുന്നത് തുടങ്ങും. അതിനിടെ, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെയും റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെയും കൂട്ടായ്മയായ ഒപെക് പ്ലസ് വിയന്നയിലെ ആസ്ഥാനത്ത് ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം എണ്ണ ഉല്‍പാദന നയത്തില്‍ കരാറിലെത്തുകയായിരുന്നു. 2024 അവസാനത്തോടെ എണ്ണ ഉല്‍പാദനവും വിതരണവും കൂടുതല്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറയ്ക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്.

സൗദിയെ സംബന്ധിച്ചിടത്തോളം ഇത് തങ്ങള്‍ക്ക് ഒരു മഹത്തായ ദിവസമാണെന്ന് ഒപെക് തീരുമാനത്തെ കുറിച്ച് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ ഉല്‍പാദന ലക്ഷ്യങ്ങള്‍ കൂടുതല്‍ സുതാര്യവും ന്യായവുമാണ്. പ്രതിദിനം 10 ലക്ഷം ബാരല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വേണ്ടിവന്നാല്‍ ജൂലൈക്ക് ശേഷവും തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യ, നൈജീരിയ, അംഗോള എന്നീ രാജ്യങ്ങളോടും എണ്ണ ഉല്‍പ്പാദനം അവര്‍ക്ക് അനുവദിച്ച നിലയിലേയ്ക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇതിനു വിപരീതമായി, ഉല്‍പാദനം ഉയര്‍ത്താന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് ഒപെക് പ്ലസ് യോഗം അനുമതി നല്‍കി.

ഉല്‍പാദനം കുറയ്ക്കുന്നത് ഈ വര്‍ഷം രണ്ടാം തവണ ലോകത്തിലെ ക്രൂഡ് ഓയിലിന്റെ 40 ശതമാനവും പമ്പ് ചെയ്യുന്നത് ഒപെക് പ്ലസ് രാജ്യങ്ങളായതിനാല്‍ അതിന്റെ നയ തീരുമാനങ്ങള്‍ എണ്ണ വിലയില്‍ വലിയ സ്വാധീനം ചെലുത്തുക പതിവാണ്. കഴിഞ്ഞ വര്‍ഷം അംഗീകരിച്ച പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഇതിനകം തന്നെ നിലവിലുണ്ട്. ഇത് ആഗോള എണ്ണ ഡിമാന്‍ഡിന്റെ രണ്ട് ശതമാനമായിരുന്നു. ഇതിനു പുറമെ, 2023 അവസാനം വരെ പ്രതിദിനം 1.6 ദശലക്ഷം ബാരല്‍ തോതില്‍ ഉല്‍പാദനം കുറയ്ക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനം കൈക്കൊണ്ടിരുന്നു.

English Summary: Saudi announced further cuts in oil production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com