പച്ചപ്പിനെ മാറോട് ചേർത്ത് പരിസ്ഥിതിദിനാചരണം
Mail This Article
അബുദാബി∙ ചെടികൾ നട്ടും പൊതുസ്ഥലങ്ങൾ ശുദ്ധീകരിച്ചും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിച്ചും യുഎഇ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
അബുദാബി, ദുബായ്, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലെ നഗരസഭകളുടെയും പരിസ്ഥിതി ഏജൻസികളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികൾ. ഇതോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിൽ ബോധവൽക്കരണ പരിപാടികളും നടത്തി.
അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഷഹാമ, മുസഫ, മദീനത്ത് സായിദ് എന്നിവിടങ്ങളിൽ ചെടികൾ നടാൻ വിദ്യാർഥികളും എത്തിയിരുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷയെക്കുറിച്ച് ശിൽപശാലയും സംഘടിപ്പിച്ചു. ആഗോളതാപനം മൂലം മനുഷ്യരും പ്രകൃതിയും നേരിടേണ്ടിവരുന്ന ദൂഷ്യവശങ്ങളെക്കുറിച്ചും വിവരിച്ചു.
പരിസ്ഥിതി സൗഹൃദ പദ്ധതികളിൽ സ്വദേശികളും വിദേശികളും സ്ഥാപനങ്ങളും സഹകരിക്കണമെന്നും അഭ്യർഥിച്ചു. ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുക, പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക, നഗര സൗന്ദര്യം കാത്തുസൂക്ഷിക്കുക എന്നിവയുടെ പ്രാധാന്യവും വിവരിച്ചു.
യുഎഇയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് തൈകൾ വിതരണം ചെയ്തു. തൈകൾ നട്ടുനനച്ച് വളർത്തി വലുതാക്കി പ്രകൃതിയെ ഹരിതാഭമാക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാർഥികൾ, വിവിധമേഖലകളിലെ ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം, ഫ്രണ്ട്സ് ഓഫ് എൻവയോൺമെന്റ് സൊസൈറ്റി, പരിസ്ഥിതി ഏജൻസി എന്നിവയുടെ സഹകരണത്തോടെയിരുന്നു പരിപാടികൾ.
English Summary: Abu Dhabi City Municipality commemorates World Environment Day.