ADVERTISEMENT

ദോഹ∙ഈ വർഷം ആദ്യ പാദത്തിൽ ഖത്തറിന്റെ ബജറ്റ് മിച്ചം 1,970 കോടി റിയാൽ. ധനമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ആദ്യ പാദത്തിൽ 6,860 കോടി റിയാൽ ആണ് മൊത്ത വരുമാനം. ഇതിൽ 6,340 കോടി റിയാലും എണ്ണ, വാതക മേഖലയിൽ നിന്നുള്ള വരുമാനമാണ്. 520 കോടി റിയാൽ മാത്രമാണ് എണ്ണ-ഇതര മേഖലയിൽ നിന്നുള്ള വരുമാനം.

 

അതേസമയം ആദ്യ പാദത്തിലെ മൊത്തം ചെലവ് 4,890 കോടി റിയാൽ ആണ്. 1,560 കോടി റിയാൽ വേതന ഇനത്തിലും 1,730 കോടി റിയാൽ നിലവിലെ ചെലവുകൾക്കുമായാണ് ഉപയോഗിച്ചത്. സെക്കൻഡറി മൂലധന ചെലവ് 100 കോടി റിയാലും വൻകിട മൂലധന ചെലവ് 1,510 കോടി റിയാലുമാണ്.

 

ബജറ്റ് മിച്ചം പൊതുകടം വീട്ടാനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽഖുവാരി വ്യക്തമാക്കി. 

ഖത്തർ സെൻട്രൽ ബാങ്കിന്റെ റിസർവിനെ പിന്തുണക്കാനും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മൂലധനം വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

 

ഈ വർഷം ആദ്യ പാദത്തിലെ എണ്ണവില ബാരലിന് 82.2 യുഎസ് ഡോളർ ആയിരുന്നു. ഖത്തറിന്റെ ബജറ്റിൽ കണക്കാക്കിയിരിക്കുന്ന വിലയേക്കാൾ കൂടുതലാണിത്. എണ്ണവില ബാരലിന് 65 യുഎസ് ഡോളർ കണക്കാക്കിയാണ് നടപ്പുവർഷത്തെ ബജറ്റ്. 2,900 കോടി റിയാലിന്റെ മിച്ചമാണ് ബജറ്റിൽ കണക്കാക്കിയിരിക്കുന്നതും.

 

ഈ തുകയുടെ 68 ശതമാനവും വർഷാദ്യപാദത്തിൽ തന്നെ രാജ്യം നേടി കഴിഞ്ഞു. 22,800 കോടി റിയാലിന്റെ വരുമാനവും 19,900 കോടി റിയാലിന്റെ ചെലവും കണക്കാക്കിയുള്ളതാണ് നടപ്പുവർഷത്തെ രാജ്യത്തിന്റെ ബജറ്റ്.

English Summary: Qatar records budget surplus of $5.4 billion in Q1.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com