ADVERTISEMENT

ദോഹ∙ വിവിധ മേഖലകളിലുള്ള സഹകരണം ശക്തമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഉസ്‌ബക്കിസ്ഥാൻ സന്ദർശനം പൂർത്തിയായി. കിർഗിസ് പര്യടനത്തിന് തുടക്കമായി. ഇന്നലെ കിർഗിസ് തലസ്ഥാനമായ ബിഷ്‌കെകിലെത്തിയ അമീറിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

 

മനാസ് ഇന്റർനാഷനൽ എയർപോർട്ടിൽ കിർഗിസ് പ്രസിഡന്റ് സദിർ ജപറോവ് നേരിട്ടെത്തിയാണ് അമീറിനെ സ്വീകരിച്ചത്. ഖത്തറുമായി വിവിധ മേഖലകളിലെ സഹകരണവും ഉഭയകക്ഷി ബന്ധവും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സന്ദർശനം. ഉസ്‌ബെക് പര്യടനത്തിന് ശേഷമാണ് അമീർ കിർഗിസിൽ എത്തിയത്. തിങ്കളാഴ്ച ഉസ്‌ബക്കിസ്ഥാനിലെ സമർകണ്ടിലെ കോൺഗ്രസ് സെന്ററിൽ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയെവുമായി നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ സഹകരണവും നിക്ഷേപ, വ്യാപാര പദ്ധതികൾ നടപ്പാക്കുന്നതും പ്രധാന ചർച്ചയായി.

 

വ്യാപാരം, കസ്റ്റംസ്, തൊഴിലാളികളെ റിക്രൂട്ട് ചെയ്യൽ, നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്കുള്ള യാത്രാ വീസ വ്യവസ്ഥകളിൽ ഇളവ്, ഉന്നത വിദ്യാഭ്യാസം-ശാസ്ത്രീയ ഗവേഷണം കായികം-യുവജനം, കൃഷി-ഭക്ഷ്യ സുരക്ഷ, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിൽ ധാരണാപത്രങ്ങളിലും കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അമീരി ദിവാൻ മേധാവി ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖ്വാസിം അൽതാനി, സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്‌മാൻ ബിൻ ഹമദ് അൽതാനി, വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി തുടങ്ങി അമീറിന്റെ പ്രതിനിധി സംഘവും  പങ്കെടുത്തു.

 

കോൺഗ്രസ് സെന്ററിലെത്തുന്ന നേതാക്കളുടെയും പ്രസിഡന്റുമാരുടെയും സന്ദർശനം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി അമീറും പ്രസിഡന്റും ചേർന്ന് സെന്ററിലെ പൂന്തോട്ടത്തിൽ വൃക്ഷത്തൈ നട്ടു. സമർകണ്ട് നഗരത്തിലെ പ്രധാന മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും അമീർ സന്ദർശിച്ചു.

 

പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിലും പങ്കെടുത്ത ശേഷമാണ് അമീറും സംഘവും കിർഗിസ്ഥാനിലേക്ക് തിരിച്ചത്.  തിങ്കളാഴ്ചയാണ് അമീറിന്റെ മധ്യ ഏഷ്യൻ സന്ദർശനം തുടങ്ങിയത്. ഉസ്‌ബക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ 4 രാജ്യങ്ങളാണ് സന്ദർശിക്കുന്നത്.

English Summary: Amir holds official talks with President of Kyrgyzstan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com