ADVERTISEMENT

ദോഹ∙ സൗഹൃദവും ഉഭയകക്ഷി ബന്ധവും സുദൃഢമാക്കി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മധ്യ ഏഷ്യന്‍പര്യടനം പൂര്‍ത്തിയായി.

അസ്താന ഇന്റർനാഷനൽ ഫോറത്തിലും അമീർ ശ്രദ്ധ നേടി.  കസാഖിസ്ഥാൻ തലസ്ഥാനമായ അസ്താനയിലെ കോൺഗ്രസ് സെന്ററിൽ ആരംഭിച്ച 2 ദിവസത്തെ അസ്താന ഇന്റർനാഷനൽ ഫോറത്തിന്റെ ഉദ്ഘാടനത്തിലാണ് അമീർ പങ്കെടുത്തത്.

 

അസ്താനയിലെ അകോർഡ പ്രസിഡൻഷ്യൽ പാലസിൽ പ്രസിഡന്റ് കാസിം ജോമർട്ട് ടോകയേവുമായി നടത്തിയ കൂടിക്കാഴ്ചയും ഫലപ്രദമായിരുന്നു. മേഖലയിലെയും രാജ്യാന്തര തലത്തിലെയും പൊതുതാൽപര്യമുള്ള പ്രധാന വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.  എണ്ണ,വാതകം, ഖനനം, കാർഷികം, മെഡിസിൻ ഫിനാൻസ് എന്നീ മേഖലകളിൽ ഒന്നിച്ചുള്ള പദ്ധതികൾ നടപ്പാക്കുന്നതിലെ സാധ്യതകളും ചർച്ചയായി. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വർഷത്തിൽ ബന്ധം കൂടുതൽ ഊഷ്മളമാക്കിയാണ് അമീർ മടങ്ങിയത്.

 

ഇന്നലെ വൈകിട്ടോടെ തജിക്കിസ്ഥാനിലെത്തിയ അമീറിനും സംഘത്തിനും ഊഷ്മള  സ്വീകരണമാണ് ദുഷാൻബിയിലെ പാലസ് ഓഫ് നേഷനിൽ പ്രസിഡന്റ് ഇമോമാലി റഹ്‌മാൻ നൽകിയത്. കൂടിക്കാഴ്ചയെ തുടര്‍ന്ന് വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാന്‍ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. തജിക്കിസ്ഥാനിലെ ഇമാം അബു ഹനീഫ നുമാന്‍ ഇബ്ന്‍ താബിത് പള്ളിയുടെ ഉദ്ഘാടനവും അമീറും പ്രസിഡന്റും ചേര്‍ന്ന് നിര്‍വഹിച്ചു.തിങ്കളാഴ്ച ആരംഭിച്ച മധ്യ ഏഷ്യൻ പര്യടനത്തിന് സമാപനം കുറിച്ചത് തജിക്കിസ്ഥാനിലാണ്.

 

ഉസ്ബക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ 4 മധ്യ ഏഷ്യൻ രാജ്യങ്ങളിലാണ് പര്യടനം നടത്തിയത്. 4 രാജ്യങ്ങളുമായി പുതിയ കരാറുകളിലൂടെയും ധാരണാപത്രങ്ങളിലൂടെയും നിക്ഷേപം, സാമ്പത്തികം, വ്യാപാരം, കൃഷി, ഭക്ഷ്യ സുരക്ഷ തുടങ്ങി പ്രധാന മേഖലകളിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതല്‍ വിപുലമാക്കുന്നതിന് ശക്തി കൂട്ടാനും അമീറിന്റെ പര്യടനത്തിന് കഴിഞ്ഞു.

English Summary: Amir accorded official reception ceremony in Dushanbe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com