ADVERTISEMENT

അബുദാബി∙ അഴിമതി റിപ്പോർട്ട് ചെയ്യാൻ അബുദാബിയിൽ ആരംഭിച്ച പ്രത്യേക പോർട്ടലിന്റെ സേവനം (വാജിബ്) രാജ്യം മുഴുവൻ വ്യാപിപ്പിച്ചു. ഇനി 7 എമിറേറ്റിലെയും സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനാകുമെന്ന് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ അറിയിച്ചു.

Also read: ദുബായ് വിമാനത്താവളം ടെർമിനൽ ഒന്നിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശന വിലക്ക്

രാജ്യത്തെയും സാമ്പത്തിക സ്രോതസുകളെയും അഴിമതി മുക്തമാക്കുന്നതിന്റെ  ഭാഗമായാണ് നടപടി.  അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനായി അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി കഴിഞ്ഞ മേയിലാണ് പോർട്ടലിൽ ആരംഭിച്ചത്.

ഇതിന്റെ പ്രവർത്തനം വിജയിച്ചതോടെയാണ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാർ സ്ഥാപനങ്ങളുടെ സാമ്പത്തിക തിരിമറിയോ അഴിമതിയോ വെബ്സൈറ്റിലൂടെ (https://wajib.gov.ae/) പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. സമൂഹത്തിലെ തെറ്റായ പ്രവണതയ്ക്കെതിരെ സത്യസന്ധമായ വിവരം കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി അറിയിച്ചു.

തെറ്റായ വിവരം നൽകി സ്ഥാപനത്തെയോ വ്യക്തിയേയോ അപമാനിക്കുന്നവർക്കെതിരെ നടപടിയും ഉണ്ടാകും. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ, നടപടികൾ, അഴിമതി എന്നിവയെക്കുറിച്ചെല്ലാം റിപ്പോർട്ട് ചെയ്യാം. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സദ്ഭരണം, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അതോറിറ്റി അറിയിച്ചു. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും വിതരണക്കാർക്കും ജനങ്ങൾക്കുമെല്ലാം അഴിമതി റിപ്പോർട്ട് ചെയ്യാം. അഴിമതിക്കെതിരായ ദേശീയ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നവർക്ക് നിയമപരിരക്ഷ നൽകും.

പരാതിക്കാരുടെ സ്വകാര്യത സംരക്ഷിക്കുംവിധം രഹസ്യസ്വഭാവത്തിലാണ് പ്ലാറ്റ്ഫോം രൂപകൽപന. മികച്ച സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. സാമ്പത്തിക, ഭരണ ഇടപെടലുകളിൽ സുതാര്യതയും സമഗ്രതയും ഉത്തരവാദിത്തവും വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.

വിവരങ്ങൾ അവലോകനം ചെയ്ത ശേഷം നടപടി

അതോറിറ്റിക്കു ലഭിച്ച രഹസ്യ റിപ്പോർട്ടുകൾ അവലോകനം ചെയ്ത ശേഷം ആധികാരികത ഉറപ്പാക്കാൻ പരാതിക്കാരനെ  ബന്ധപ്പെടും. റജിസ്റ്റർ ചെയ്ത മൊബൈലിലേക്കു കോഡ് അയച്ച് പരാതി നൽകിയ യഥാർഥ വ്യക്തി തന്നെയാണോ എന്നും ഉറപ്പുവരുത്തും. തുടർന്ന് ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ആരാഞ്ഞ് ഉറപ്പുവരുത്തിയ ശേഷമാകും അഴിമതിക്കെതിരെ നടപടിയെടുക്കുക.

English Summary: Service of AI Based platform Wajib allowing individuals to confidentially report corruption, extended across UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com