ADVERTISEMENT

ദുബായ്∙ സ്വന്തം വീടു വിട്ടാൽ ദുബായിലൊരു വീട്, കോടീശ്വരന്മാരുടെ പുതിയ ശീലങ്ങളിൽ ദുബായും ഇടം നേടി. ഡൗൺടൗൺ, പാം ജുമൈറ, ദുബായ് ഹിൽസ് അങ്ങനെ ശതകോടീശ്വരന്മാരുടെ വീട്ടുവിലാസത്തിന് ആഡംബരത്തിന്റെ ചന്തം ചാർത്തി ഈ പേരുകൾ തിളങ്ങുന്നു.

Read also :  യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
 

ദുബായ് ഹിൽസിൽ സ്ഥലം വാങ്ങി ഇഷ്ട വീടുകൾ നിർമിക്കുന്നതാണ് സമ്പന്നരുടെ രീതി. വിശാലമായ തടാകം, ഗോൾഫ് കോഴ്സ് തുടങ്ങിയ ആഡംബരങ്ങൾക്ക് നടുവിലാണ് വീടുകൾ. അയൽക്കാരൻ ഏതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രിയോ വൻകിട കോർപറേറ്റ് സ്ഥാപനത്തിന്റെ അധിപനോ ആകാം. മലയാളി വ്യവസായ സംരംഭകരും സിനിമാ താരങ്ങളും ഈ ആഡംബര വിലാസത്തിന് ഉടമകളാണ്. ഏറ്റവും ചെലവേറിയ മേഖലയിലെ കൊട്ടാര സമാനമായ വസതിക്കായി ഡൗൺടൗണും പാം ജുമൈറയും തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ യഥാക്രമം 37, 30 ശതമാനമാണ് വളർച്ച.

യുകെ, അമേരിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി, സൗദി, ഇന്ത്യ എന്നിവിടങ്ങളിലെ 183 അതിസമ്പന്നർ (ഹൈ നെറ്റ് വർത്ത് ഇൻഡിവിജുവൽസ് – എച്ച്എൻഡബ്ല്യുഐ) അവരുടെ സ്വന്തം വീടിനു പുറമെ ലോകമെമ്പാടും 851 വീടുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കണക്ക്. അതിന്റെ മൊത്തം മൂല്യം 320 കോടി ഡോളർ വരും. രൂപയിൽ കണക്കു കൂട്ടിയാൽ  26240 കോടിയാണ് ഈ വീടുകളുടെ മൂല്യം. 

ആഡംബര ഇടങ്ങൾ

ബിസിനസ് ബേ, എമിറേറ്റ്സ് ഹിൽസ്, ദുബായ് മറീന, ദുബായ് കനാൽ, ജുമൈറ ഗോൾഡ് എസ്റ്റേറ്റ്, ജുമൈറ ബേ ഐലൻഡ്, മുഹമ്മദ് ബിൻ റാഷിദ് സിറ്റി എന്നിവയാണ് അതിസമ്പന്നരുടെ പ്രിയപ്പെട്ട മറ്റു പ്രദേശങ്ങൾ. ഇവിടെ സ്വന്തമായി ഫ്ലാറ്റും വില്ലയും ഇല്ലെങ്കിൽ ആഡംബരത്തിനു പൂർണതയില്ലെന്നു കരുതുന്ന വ്യവസായികളുമുണ്ട്. പാർക്കിങ് യാർഡിൽ 10 – 20 അത്യാഡംബര വാഹനങ്ങൾ സൂക്ഷിക്കുന്നവരും കുറവല്ല. ഹെൻലി ഗ്ലോബൽ സിറ്റിസൺസിന്റെ കണക്കു പ്രകാരം 2022ൽ മാത്രം 4000 അതിസമ്പന്നർ ദുബായിലേക്കു കുടിയേറി.

ജനപ്രീതിയിൽ പാം ജുമൈറ

ദുബായിൽ വസതിയുള്ള കോടീശ്വരന്മാരുടെ എണ്ണം 92,600 എന്നാണ് കണക്ക്. ഇവരുടെ ആസ്തി ഏറ്റവും കുറഞ്ഞത് 10 ലക്ഷം ഡോളറാണ്. 100 കോടി ഡോളറിനു മേൽ ആസ്തിയുള്ള 251 പേരും ഒരു കോടി ഡോളറിനു മേൽ ആസ്ഥിയുള്ള 4000 പേരും ഇവരിൽ ഉൾപ്പെടുന്നു. യൂറോപ്പ്, യുഎസ് സമ്പന്നരും തിരഞ്ഞെടുക്കുന്നത് പാം ജുമൈറയും എമിറേറ്റ്സ് ഹിൽസുമാണ്. ഇന്ത്യക്കാർ അടക്കമുള്ള ഏഷ്യൻ സമ്പന്നർക്ക് താൽപര്യം ഡൗൺ ടൗണും പാം ജുമൈറയുമാണ്. പാം ജുമൈറയ്ക്കുള്ള ജനപ്രീതി കണക്കിലെടുത്ത് ഇരട്ടി വലിപ്പത്തിൽ പാം ജബൽ അലി പദ്ധതിക്ക് ദുബായ് തുടക്കമിട്ടു കഴിഞ്ഞു. 

വസ്തുവില കൂടി

പാർപ്പിട സമുച്ചയങ്ങളാണ് പാം ജബൽ അലി പദ്ധതിയിൽ ഭൂരിഭാഗവും. ആവശ്യക്കാർ ഏറിയതോടെ ഈ മേഖലകളിലെ വസ്തുക്കൾക്ക് വിലയും കുതിച്ചു. എന്നാൽ, ലോകത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ദുബായിൽ വിലക്കുറവാണ്. 10 ലക്ഷം ഡോളറുണ്ടെങ്കിൽ 1,130 ചതുരശ്രയടി സ്ഥലം ദുബായിൽ സ്വന്തമാക്കാം. ഹോങ്കോങ്ങിൽ ഇത് 231 ചതുരശ്രയടി, യൂറോപ്യൻ രാജ്യമായ മൊണാക്കോയിൽ ഇത് 184 ,ന്യൂയോർക്കിൽ 353, ലണ്ടനിൽ 365, പാരിസിൽ 458 എന്നിങ്ങനെയാണ് കണക്ക്.

English Summary: Dubai’s luxury home market is booming as wealthy buyers flock to city.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com