ADVERTISEMENT

ഷാർജ∙ സിറ്റി ചെക്ക് ഇൻ സംവിധാനവുമായി എയർ അറേബ്യ. ദുബായിലും അബുദാബിയിലും സിറ്റി ചെക്ക് ഇൻ തുടങ്ങിയതിനു പിന്നാലെ ഷാർജയിലും പുതിയ സൗകര്യം ഉപയോഗിക്കാം. അൽ മദീന ഷോപ്പിങ് സെന്ററിന് എതിർ ഭാഗത്ത് മുവെയ്‌ലയിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ രാത്രി 10വരെ ചെക്ക് ഇൻ കേന്ദ്രം പ്രവർത്തിക്കും.

 

യാത്രക്കാർക്ക് അവരുടെ ലഗേജുകൾ ചെക്ക് ഇൻ കേന്ദ്രത്തിൽ നൽകാം, ബോർഡിങ് പാസും വാങ്ങാം. യാത്രയുടെ 24 മണിക്കൂർ മുൻപ് മുതൽ 8 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാം. യാത്രയുടെ സമയത്തു മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയാകും. വിമാനത്താവളത്തിലെ ചെക്ക് ഇൻ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

 

വിമാനത്താവളത്തിലെ ചെക്ക് ഇന്നിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സിറ്റി ചെക്ക് ഇന്നിൽ ലഭിക്കും. അധിക ബാഗേജ് ആവശ്യമായവർക്ക് പണം നൽകി വാങ്ങാം. ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും ഇവിടെ സൗകര്യമുണ്ട്. സമയം ലാഭിക്കുന്നതിനൊപ്പം വിമാനത്താവളത്തിലെ നീണ്ടു വരിയും ഒഴിവാക്കാൻ കഴിയും. സിറ്റി ചെക്ക് ഇൻ ചെയ്തവർക്ക് നേരെ വിമാനത്തിന്റെ സുരക്ഷാ പരിശോധനയിലേക്കു പോയാൽ മതി.

 

ഷാർജയിൽ നിന്നു പുറപ്പെടുന്നവർക്ക് ഷാർജ, റാസൽഖൈമ, അജ്മാൻ, അൽഐൻ എന്നിവിടങ്ങളിലെ 6 സിറ്റി ചെക്ക് ഇൻ കേന്ദ്രങ്ങളിൽ എവിടെ നിന്നു വേണമെങ്കിലും ബോർഡിങ് പാസ് വാങ്ങാം. റാസൽഖൈമ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ തുടങ്ങിയ എമിറേറ്റിലുള്ളവരും ഷാർജ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. 24 മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യാമെന്നതിനാൽ മറ്റ് എമിറേറ്റിലുള്ളവരുടെ വിമാന യാത്ര കൂടുതൽ എളുപ്പമായി.

 

അല്ലെങ്കിൽ യാത്രയുടെ ദിവസം പൂർണമായും വിമാനത്താവളത്തിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. തിരക്കും ഗതാഗത കുരുക്കും ഭയന്ന് നേരത്തെ ഇറങ്ങേണ്ട സാഹചര്യം ഇനിയില്ല. ചെക്ക് ഇൻ ചെയ്തു ലഗേജും വിട്ട് ബോർഡിങ് പാസും വാങ്ങിയാൽ യാത്രയുടെ ഒരു മണിക്കൂർ മുൻപ് മാത്രം വിമാനത്തവാളത്തിൽ എത്തിയാൽ മതി. നേരെ സുരക്ഷാ പരിശോധന പൂർത്തിയാക്കി വിമാനത്തിൽ കയറാം.

English Summary: Air Arabia launches new city check-in facility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com