ശുചീകരണം, ഭക്ഷ്യശാലകളിൽ പരിശോധന; ഈദ് ഒരുക്കങ്ങളുമായി ദോഹ നഗരസഭ
Mail This Article
ദോഹ ∙ബലിപെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ദോഹ നഗരസഭ. പള്ളികളിലും ഈദ് ഗാഹുകളിലും ശുചീകരണ പ്രവർത്തനങ്ങൾ സജീവമായി. റസ്റ്ററന്റുകൾ, മാർക്കറ്റുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങൾക്കു സമീപത്തെ മാലിന്യ പെട്ടി ശുചീകരണവും കീടനിയന്ത്രണവും നടത്തുന്നുണ്ട്.
സന്ദർശകരെ വരവേൽക്കാൻ പബ്ലിക് പാർക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പാർക്കുകളിൽ അറ്റകുറ്റപണികളും ശുചീകരണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം ഭക്ഷ്യ വിൽപനശാലകളിലും ഉൽപാദന യൂണിറ്റുകളിലും ആരംഭിച്ച സമഗ്ര പരിശോധനാ ക്യാംപെയ്‌നും തുടരുകയാണ്.
ഈദ് അവധി കഴിയുംവരെ പരിശോധന തുടരും. ഭക്ഷ്യ വിതരണ-പാക്കേജിങ് കമ്പനികൾ, ഇറച്ചി കടകൾ, കേറ്ററിങ് അടുക്കളകൾ, കൺസ്യൂമർ കോംപ്ലക്‌സ്, സ്വീറ്റ്‌സ്-നട്‌സ് വിൽപനശാലകൾ, പച്ചക്കറി-പഴം വിൽപന ശാലകൾ, വിനോദ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങൾ ലക്ഷ്യമിട്ടാണ് പരിശോധന. ഭക്ഷ്യ സാധനങ്ങളുടെ ആരോഗ്യസുരക്ഷയും വിൽപനശാലകളിലെ ജോലിക്കാർ ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നതുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്‌ഷൻ വകുപ്പിന്റെ സഹകരണത്തോടെ സൂഖ് വാഖിഫ്, ദോഹ തുറമുഖം, മിഷറീബ്, കത്താറ, പേൾ ഖത്തർ, കോർണിഷ് എന്നിവിടങ്ങളിലെ വിൽപനശാലകളിൽ പരിശോധന നടത്തിയിരുന്നു. വ്യവസായ മേഖലയിലെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിലെ ഭക്ഷ്യ നിരീക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ദിവസേന ഭക്ഷ്യ ഉൽപാദന യൂണിറ്റുകളിലും റീ-പാക്കിങ് കമ്പനികളിലും വിതരണ ശാലകളിലുമെല്ലാം പരിശോധന തുടരുന്നുണ്ട്.
എമർജൻസി ആൻഡ് കംപ്ലെയ്ന്റ് വിഭാഗത്തിന് ലഭിക്കുന്ന അടിയന്തര പരാതികളിലും റിപ്പോർട്ടുകളിലും പ്രത്യേക സംഘത്തിന്റെ പരിശോധനയും പരിഹാരവും 24 മണിക്കൂറിനുള്ളിൽ ദിവസവും നടക്കുന്നുണ്ട്.
English Summary: Doha Municipality intensifies inspections in preparation for Eid al-Adha