ADVERTISEMENT

ദോഹ∙ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ഖത്തർ ലോകകപ്പിന്റെ എക്കാലത്തെയും അവിസ്മരണീയ കാഴ്ചകൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്കായി 'ഖത്തർ 2022' ഡോക്യൂമെന്ററി പുറത്തിറക്കി. ഫുട്‌ബോൾ ആരാധകർക്കായി ഖത്തർ ലോകകപ്പിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഡോക്യുമെന്ററി ആക്കിയത്  മിന മേഖലയിലെ വിനോദ-കായിക സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ ടിഒഡിയാണ്.

 

ഖത്തർ 2022 എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി അറബ് അഭിമാനം, അനശ്വരമായ പൈതൃകം, ചാംപ്യൻസ് അർജന്റീന, ഓർത്തിരിക്കാൻ ഒരു ടൂർണമെന്റ് എന്നിങ്ങനെ 4 ഭാഗങ്ങളായാണ് പുറത്തിറക്കിയിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞ് 6 മാസം പിന്നിട്ടെങ്കിലും മനസ്സിൽ മായാതെ നിൽക്കുന്ന ടൂർണമെന്റിലെ ആവേശക്കാഴ്ചകളും ആരവങ്ങളും ആരാധകർക്ക് അതേ ആവേശത്തോടെ സ്‌ക്രീനിൽ വീണ്ടും കാണാം.

 

ആരാധകരുടെയും കളിക്കാരുടെയും വികാരങ്ങളും കളിയാവേശവും അതേപടി ഒപ്പിയെടുത്ത കാഴ്ചകൾക്കൊപ്പം അതേ ഊർജം പകർന്നുള്ള വിവരണവും ഡോക്യുമെന്ററിയുടെ പ്രേക്ഷക എണ്ണം കൂട്ടുമെന്നതിൽ സംശയമില്ല. ലോകകപ്പിനായുള്ള ഖത്തറിന്റെ 10 വർഷം നീണ്ട തയാറെടുപ്പുകൾ, ടൂർണമെന്റിലെ തിരശീലയ്ക്ക് പിന്നിലെ കാഴ്ചകൾ, കളിക്കാരുടെ ഇടപെടലുകൾ, ആരാധകരുടെ കളിയാവേശം, മത്സരങ്ങളിലെ വിജയ-പരാജയങ്ങളിലുള്ള ആരാധകരുടെ സന്തോഷവും നിരാശയും എന്നിവ മാത്രമല്ല ലോകകപ്പ് സംഘാടകർ, ഫുട്‌ബോൾ ഇതിഹാസങ്ങൾ, വിഖ്യാത പരിശീലകർ, ഫിഫ ഉദ്യോഗസ്ഥർ എന്നിവരുമായുള്ള അഭിമുഖങ്ങൾ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് മധ്യപൂർവ ദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന്റെ വിജയകരമായ ആതിഥേയത്വത്തെക്കുറിച്ച് 4 ഭാഗങ്ങളായുള്ള ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്.

 

സ്റ്റേഡിയങ്ങളിലെ അതേ ആവേശത്തോടെയുള്ള കാഴ്ചകളുടെ വിവരണമാണ് ഡോക്യുമെന്ററിയുടെ സവിശേഷത. ഇതിനെല്ലാം പുറമേ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി, മൊറോക്കൻ താരം അഷ്‌റഫ് ഹകീമി, ഫിഫ ഗ്ലോബൽ ഫുട്‌ബോൾ ഡവലപ്‌മെന്റ് ചീഫ് ആഴ്‌സൻ വെങ്കർ എന്നിവർ തങ്ങളുടെ ലോകകപ്പ് അനുഭവം പങ്കുവയ്ക്കുന്നുണ്ട്.

English Summary: TOD celebrates historic FIFA World Cup with new documentary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com