ADVERTISEMENT

ദുബായ്/അബുദാബി∙ മാനവികതയുടെ ഐക്യ സന്ദേശം പകർന്ന് യുഎഇയിലും രാജ്യാന്തര യോഗാ ദിനാചരണം നടത്തി. ദുബായ് റാഷിദ് പോർട്ടിലെ ഡിപി വേൾഡ് ക്രൂസ് ടെർമിനലിൽ നടന്ന ദിനാചരണത്തിൽ യുഎഇ മന്ത്രിമാരും ഇന്ത്യയിലെയും യുഎഇയിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർക്കു പുറമെ സ്കൂൾ വിദ്യാർഥികളും തൊഴിലാളികളും യോഗയിൽ ഒന്നിച്ചു. ഓഷ്യൻ റിങ് ഓഫ് യോഗയിൽ ഇന്ത്യൻ നാവികസേനാ കപ്പൽ ബ്രഹ്മപുത്രയുടെയും 250 അംഗ നാവികരുടെയും  സാന്നിധ്യം ഉണ്ടായിരുന്നു. ഇതാദ്യമായാണ് ഐഎൻഎസ് ബ്രഹ്മപുത്ര യോഗയുടെ ഭാഗമാകുന്നത്.

യോഗാ ദിനാചരണത്തിന്റെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ ചെയ്യുന്ന സുൽത്താൻ അൽ നെയാദി.
യോഗാ ദിനാചരണത്തിന്റെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ ചെയ്യുന്ന സുൽത്താൻ അൽ നെയാദി.

 

യോഗ, സഹിഷ്ണുതയും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്ന ഒന്നിപ്പിക്കുന്ന ശക്തിയായി മാറട്ടെ എന്ന് യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വിഡിയോ സന്ദേശത്തിൽ അറിയിച്ചു. പുരാതന കാലത്തെ മുത്ത് വ്യാപാരം മുതൽ നാളിതുവരെ ഇന്ത്യ-യുഎഇ ബന്ധത്തിന്റെ വികാസത്തിനും പുരോഗതിക്കും സാക്ഷ്യം വഹിച്ച മിന റാഷിദിലെ യോഗാ ദിനാചരണത്തിന്  ഏറെ പ്രാധാന്യമുണ്ടെന്ന് മുഖ്യാതിഥിയായ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു.

 

ഡിപി വേൾഡ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, നേവി കമാൻഡർ അഭിലാഷ് ടോമി, അബുദാബി ബുർജീൽ ആശുപത്രി യോഗ സ്‌പെഷലിസ്റ്റ് ലോകേഷ് ഹെഗ്‌ഡെ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. വാരാന്ത്യത്തിൽ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ യോഗാ ദിനാചരണം നടത്തിയിരുന്നു. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലെ യോഗാ ദിനാചരണത്തോടെ ഈ വർഷത്തെ യോഗാദിനാചരണ പരിപാടികൾക്കും സമാപനമായി.

English Summary: Over 250 Dubai residents come together to do yoga on board historic Navy ship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com