ADVERTISEMENT

ദുബായ്∙ ഈദ് ആഘോഷത്തിൽ ദുബായിലെ തൊഴിലാളി സമൂഹത്തിനു കൈനിറയെ സമ്മാനങ്ങളുമായി തൊഴിൽ മന്ത്രാലയം സ്ഥിരം സമിതി. സന്തോഷം എന്നർഥമുള്ള ‘സാദ’ എന്ന പേരാണ് ആഘോഷത്തിനു നൽകിയിരിക്കുന്നത്.

 

രാജ്യത്തിന്റെ വികസനത്തിൽ സുപ്രധാന പങ്കാളികളായ തൊഴിലാളി സമൂഹത്തെ ചേർത്തു നിർത്തുകയാണ് ‘സാദ’യുടെ ലക്ഷ്യം. വീട്ടുകാരെയും സുഹൃത്തുക്കളെയും വേർപെട്ടു ജീവിക്കുന്ന തൊഴിലാളികൾ തനിച്ചല്ലെന്നും ഈ രാജ്യം മുഴുവൻ അവർക്കൊപ്പമാണെന്ന ധൈര്യവും ഉറപ്പും നൽകുകയാണ് സാദയുടെ ലക്ഷ്യമെന്ന് ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടറും പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ്‌ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു.

 

ജബൽ അലി, അൽഖൂസ്, മുഹയ്സന എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തൊഴിലാളികൾക്കായുള്ള ആഘോഷപരിപാടികൾ നടക്കുന്നത്. ലേബർ ക്യാംപുകളിൽ സമ്മാനക്കൂപ്പൺ വിതരണം തുടങ്ങിക്കഴിഞ്ഞു. 10 ലക്ഷം തൊഴിലാളികൾക്കാണ് കൂപ്പണുകൾ നൽകുന്നത്. 10,000 ദിർഹമാണ് ദിവസേനയുള്ള കാഷ് പ്രൈസ്. ഇതിനു പുറമെ ഐഫോൺ, മെഗാ നറുക്കെടുപ്പിൽ 3 കാറുകൾ എന്നിവയും സമ്മാനമായി നൽകും. പെരുന്നാൾ ദിവസം തൊഴിലാളികൾക്കായി സ്നേഹവിരുന്നും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

 

ഉൽപാദക, നിർമാണ വിതരണ മേഖലകളിൽ കർശന പരിശോധന

 

ദുബായ്∙ ബലിപെരുന്നാൾ ആഘോഷം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന ശക്തമാക്കി.

 

എല്ലാവർക്കും സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളാണ് ലഭിക്കുക എന്ന് നഗരസഭ ഉറപ്പുവരുത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഉൽപാദക കേന്ദ്രം, നിർമാണം കേന്ദ്രം, വിൽപന കേന്ദ്രം എന്നിവിടങ്ങളിൽ ഒരുപോലെ പരിശോധന നടത്തും. ഭക്ഷണം ചൂടായി സൂക്ഷിക്കണം. സുരക്ഷിതമല്ലാത്ത നിലയിൽ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയാൽ  800900 എന്ന നമ്പറിൽ 24 മണിക്കൂറും ജനങ്ങൾക്കു പരാതിപ്പെടാം.

English Summary: Permanent Committee of Labour with gifts for workers on eid.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com