ADVERTISEMENT

ദുബായ് ∙ പൊള്ളുന്ന വിമാന ടിക്കറ്റ് നിരക്കുകാരണം വേനലവധിക്കാലത്ത് നാട്ടിൽ പോകാനാകാതെ ഒട്ടേറെ മലയാളി കുടുംബങ്ങൾ. രണ്ട് മാസം സ്കൂൾ അടയ്ക്കുന്നതിനാൽ എല്ലാ വർഷവും നാട്ടിൽ പോകാറുള്ള അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്.  ബലി പെരുന്നാളാഘോഷിക്കാൻ നാട്ടിൽ പോകാനാഗ്രഹിച്ച സാധാരണക്കാരും പതിവ് നിരക്കിലും ഇരട്ടിയിലേറെ തുക നൽകാനാകാതെ  യാത്ര മാറ്റിവച്ചിരിക്കുകയാണ്.

Read also: അബുദാബി ബിഗ് ടിക്കറ്റ്: രണ്ട് മലയാളി സംഘങ്ങൾക്ക് 22 ലക്ഷം രൂപ വീതം സമ്മാനം...


അവധിക്കാലങ്ങളിലും വിശേഷ ദിവസങ്ങളിലും ഇന്ത്യയിലേക്കും തിരിച്ചും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികളുടെ പ്രവണത ഇക്കുറി നേരത്തെ തന്നെ തുടങ്ങി. പെരുന്നാളടുക്കുന്നതോടെ അനുദിനം നിരക്ക് വർധിക്കുകയാണ്. നാളെ ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് 3,000 ദിർഹത്തിലേറെ(66,000 ത്തിലേറെ രൂപ)യാണ് ടിക്കറ്റ് നിരക്ക് വിവിധ ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ കാണുന്നത്. 

dubai-airport-luggage
ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ ബാഗേജുകൾ റാപ് ചെയ്യാനുള്ള സംവിധാനം. (ചിത്രം: മനോരമ.)

 

ബലി പെരുന്നാളിന് തലേദിവസമായ ഈ മാസം 27ന് അത് 3500 ദിർഹത്തോളമായി ഉയർന്നു. പ്രവാസി സംഘടനകളും മറ്റും കാലങ്ങളായി ഇത്തരത്തിലുള്ള കൊള്ളയടിക്കലിനെതിരെ അധികൃതർക്ക് പരാതികളും നിവേദനങ്ങളും നൽകുന്നുണ്ടെങ്കിലും  യാതൊരു നടപടിയും ഉണ്ടാകുന്നില്ല. യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി വിമാന സർവീസുകൾ ഇല്ലാത്തതും എയർ ഇന്ത്യയടക്കം പല വിമാന കമ്പനികളും യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള വിമാനങ്ങൾ പിൻവലിച്ചതുമാണ് ടിക്കറ്റ് നിരക്ക് വർധന തുടരാൻ കാരണമെന്ന് ട്രാവൽ ഏജൻസിക്കാർ പറയുന്നു. എയർ ഇന്ത്യ വിമാനം എയർ ഇന്ത്യ എക്സ്പ്രസ് ആക്കുന്നതിനാൽ സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. 

 

orama
ദുബായിലെ ഓർമ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുന്നു. (കടപ്പാട്: ഓർമ)

കഴിഞ്ഞ ഏതാനും മാസമായി യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് 500 ദിർഹത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, കണക് ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ നിരക്ക് നേരിയ തോതിൽ കുറയും. മുംബൈ, ചെന്നൈ, ഡൽഹി, ഗോവ, ശ്രീലങ്ക തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്കാണ് കേരളത്തിലേക്ക് പോകാൻ കണക്ഷൻ വിമാനത്തിൽ ടിക്കറ്റെടുക്കേണ്ടത്. പക്ഷേ, ഇവിടുത്തെ വിമാനത്താവളങ്ങളിൽ 10 മണിക്കൂറോളം കാത്തിരുന്നാൽ മാത്രമേ കണക്ഷൻ വിമാനത്തിൽ കയറാൻ സാധിക്കൂ. 

Read also: ആനുകൂല്യങ്ങളുമായി യുഎഇയിലെ സ്വകാര്യ കമ്പനികൾ; അവധിദിനങ്ങളിലെ ജോലിക്ക് ഇരട്ടി ശമ്പളം, പകരം അവധി...


ചിലർ ഇവിടങ്ങളിൽ നിന്ന് ട്രെയിൻ മാർഗവും കേരളത്തിലെത്തുന്നു. ഇത്തരത്തിലുള്ള യാത്രാ ദൈർഘ്യം കുടുംബങ്ങളെ ഏറെ വലയ്ക്കുന്നു. ബാഗേജുകളും കുട്ടികളുമായി ട്രെയിൻ യാത്ര നടത്താനും കുടുംബങ്ങൾക്ക് പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് പല കുടുംബങ്ങളും ഇപ്രാവശ്യത്തെ അവധിയാത്ര വേണ്ടെന്ന് വച്ചത്. അത്യാവശ്യകാര്യത്തിന് നാട്ടിൽ പോകാനുള്ള തനിക്ക് വിമാന ടിക്കറ്റ് നിരക്ക് വർധന തടസ്സമായെന്നും ഒടുവിൽ ഗോവയിലേയ്ക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചപ്പോൾ അതുവഴി പോകാൻ തീരുമാനിച്ചതായും ഷാർജയിലെ ഒരു സ്പെയർ പാർട്സ് കടയിലെ ജീവനക്കാരനായ തൃശൂർ സ്വദേശി ബൈജു മനോരമ ഓൺലൈനിനോട് പറഞ്ഞു. ഗോവയിൽ നിന്ന് ട്രെയിൻ മാർഗമാണ് ബൈജു നാട്ടിലെത്തുക. 

 

ഉത്സവ സീസണിലും ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധി നാളുകളിലും നാട്ടിലേയ്ക്കുള്ള വിമാനനിരക്ക് അമിതമായി വർധിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക്‌ ദുബായിലെ സന്നദ്ധ സാംസ്കാരിക സംഘടനയായ ഓർമയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ നിവേദനം നൽകി. നേരത്തെ  ഇൻകാസ്, യുവകലാ സാഹിതി തുടങ്ങിയ സംഘടനകളും അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നതിനാൽ ആ കനിവിനായി കാത്തിരിക്കേണ്ടി വരുമെന്ന് ഭാരവാഹികൾ പറയുന്നു.

 

കണ്ണൂർ വിമാനത്താവളത്തെ തകർക്കാൻ കേന്ദ്രം ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യവും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഗൾഫിൽ നിന്ന് അവധിക്കാലങ്ങളിലും ഉത്സവ കാലാത്തും ചാർട്ടർ ഫ്ലൈറ്റ്‌ ഏർപ്പെടുത്തണം. ഗൾഫിൽ ചെലവുകുറഞ്ഞ കപ്പൽ യാത്രാ സൗകര്യം പരിഗണിക്കണം. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനും സ്ട്രക്ചർ സൗകര്യം ഒരുക്കുന്നതിനുമുള്ള അസൗകര്യം നീക്കാൻ ഇടപെടണം, കണ്ണൂരിൽ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആഭ്യന്തര സർവ്വീസ്‌ തുടങ്ങുന്നതിനായി സമ്മർദ്ദം ചെലുത്തണം തുടങ്ങി വിവിധ കാര്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

 

 

മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗൾഫ് പ്രവാസികൾ ഉള്ള ഉത്തര മലബാറിന്റെ പ്രതീക്ഷയായിരുന്ന കണ്ണൂർ നിലവിൽ ഒരൊറ്റ  ദിവസം 1200 സീറ്റുകൾ വെട്ടിച്ചുരുക്കി ദ്രോഹിക്കുകയാണ് കേന്ദ്ര വ്യോമയാന വകുപ്പ് ചെയ്യുന്നത്. കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് സർവീസ് നടത്താൻ തയ്യാറായ വിദേശ വിമാന കമ്പനികളെ അനുവദിക്കാതിരുന്നത് മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്നത് പ്രവാസികളാണ്. രണ്ട് കുട്ടികൾ അടങ്ങുന്ന ഒരു കുടുംബത്തിന് നാട്ടിൽ വന്നു പോകുന്നതിനു 14,000 ദിർഹം ( ഏകദേശം 3 ലക്ഷം രൂപ ) ആണ് കൊടുക്കേണ്ടി വരുന്നത് . പ്രവർത്തനം തുടങ്ങി 10 മാസത്തിനുള്ളിൽ 10 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളിൽ ഒന്നായി മാറാൻ കഴിഞ്ഞ വിമാനത്താവളമാണ് കണ്ണൂർ . ഇവിടെ നിന്ന് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ, ഗോ ഫസ്റ്റ്  വിമാനങ്ങൾ നിർത്തലാക്കിയത്  പ്രവാസികളെ ഏറെ ദുരിതത്തിലാക്കി. കണ്ണൂർ , കാസർകോട് പ്രദേശത്തുള്ള പ്രവാസികൾ ഇതിന്റെ ദുരിതം സഹിക്കുന്നുവെന്നും നിവേദനത്തിൽ പറഞ്ഞു.

 

ദുബായിൽ ഇന്ന് തിരക്കേറിയ ദിനം; ഒരു ലക്ഷം യാത്രക്കാർ

 

ദുബായിൽ നിന്ന് ഏകദേശം ഒരുലക്ഷം പേർ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഇന്നായിരിക്കും ഇപ്രാവശ്യത്തെ ഏറ്റവും തിരക്കേറിയ ദിനം. അബുദാബിയിൽ, ഇത്തിഹാദ് എയർവേയ്‌സ് ഈ വാരാന്ത്യത്തിൽ തിരക്കേറിയ വേനൽക്കാല കാലയളവ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 30 വരെ എമിറേറ്റിന്റെ വിമാനത്താവളത്തിലൂടെ 40 ലക്ഷത്തിലേറെ യാത്രക്കാർ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  

 

നാട്ടിലേക്ക് കൂടാതെ ഒട്ടേറെ പേർ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും യാത്ര പുറപ്പെടാനൊരുങ്ങുന്നുണ്ട്. വിവിധ ട്രാവൽ ഏജൻസികളും വിമാനക്കമ്പനികളും നൽകുന്ന അവധിക്കാല–ബലി പെരുന്നാൾ നിരക്കിളവ് വിനിയോഗിച്ചാണ് യാത്ര. ജോർജിയ, തുർക്കി, അസർബൈജാൻ, അർമേനിയ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാണ് ഇവരിൽ കൂടുതൽ പേരും പോകുന്നത്. യൂറോപ്പ് ചുറ്റിയടിച്ച് വരാൻ പദ്ധതിയിട്ടവരുമേറെ.

 

ഏറ്റവും പുതിയ യാത്രാ മാർഗനിർദേശങ്ങൾ 

 

അവധിക്കാലം ആസൂത്രണം ചെയ്യുന്നതിനുമുൻപ് നിങ്ങളുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടെന്ന് ഉറപ്പാക്കണമെന്ന് അബുദാബി എയർപോർട്ടിന്റെ വെബ്‌സൈറ്റ് ഉപദേശിക്കുന്നു. യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനത്തിന്റെ വീസയും അവിടേയ്ക്ക് പ്രവേശനത്തിന് ആവശ്യമായ കാര്യങ്ങളും പരിശോധിക്കണം. തിരക്കുള്ള സമയങ്ങളിൽ എയർപോർട്ടിലെ ക്യൂ ഒഴിവാക്കാൻ ഓൺലൈനിൽ ചെക്ക് ഇൻ ചെയ്യാനും വിമാനക്കമ്പനികൾ യാത്രക്കാരെ ഉപദേശിച്ചു. ഓൺലൈൻ ചെക്ക്-ഇൻ സാധാരണയായി പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് തുറക്കും. ആവശ്യമായ എല്ലാ രേഖകളും സമയത്തിന് മുൻപായി അപ്‌ലോഡ് ചെയ്യാൻ യാത്രക്കാർ ശ്രദ്ധിക്കണം.  

 

ദുബായ് രാജ്യാന്തര വിമാനത്താവളം വാരാന്ത്യത്തിലും അടുത്ത ആഴ്‌ചയിലുടനീളവും വളരെ തിരക്കിലായിരിക്കും. ദുബായിൽ നിന്ന് പറക്കുന്ന തങ്ങളുടെ അതിഥികളോട് വിമാനത്താവളത്തിലെത്താൻ മതിയായ സമയം ആസൂത്രണം ചെയ്യാൻ അധികൃതർ അഭ്യർഥിച്ചു. റോഡുകളിൽ തിരക്ക് വർധിക്കുന്നതാണ് കാരണം.  ഇത്തിഹാദ് എയർവേയ്‌സ് അതിന്റെ ഓൺലൈൻ ചെക്ക്-ഇൻ അപ്‌ഗ്രേഡുചെയ്‌തു, ഇത് യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് പാസ്‌പോർട്ട്, വീസ പരിശോധനകൾ പൂർത്തിയാക്കാൻ അനുവദിക്കുന്നു. യുഎസ് ഇതര ഫ്ലൈറ്റുകളുടെ ഇക്കണോമി ചെക്ക്-ഇൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് തുറക്കുകയും പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് അടയ്ക്കുകയും ചെയ്യും. ബിസിനസ്, ഫസ്റ്റ് ക്ലാസ് ചെക്ക്-ഇൻ പുറപ്പെടുന്നതിന് 45 മിനിറ്റ് മുൻപ് അവസാനിക്കും.  യുഎസ് വിമാനങ്ങളിൽ, വിമാനങ്ങൾ പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് ചെക്ക്-ഇൻ അവസാനിപ്പിക്കണമെന്ന് ഇത്തിഹാദ് യാത്രക്കാരെ ഓർമിപ്പിക്കുന്നു. യുഎഇയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് യുഎസ് ഇമിഗ്രേഷൻ ആവശ്യകതകൾ തീർക്കാൻ ഇത്തിഹാദിന്റെ പ്രീ-ക്ലിയറൻസ് സിസ്റ്റം ഉപയോഗിച്ച് യാത്രക്കാർക്ക് കഴിയും. 

 

ഹജിന് പോകുന്നവർക്ക് അബുദാബിയിൽ പ്രത്യേക ചെക്–ഇൻ കൗണ്ടറുകൾ

 

ഹജിനായി സൗദിയിലേയ്ക്ക് പോകുന്ന തീർഥാടകർക്ക് അബുദാബിയിലെ പ്രത്യേക ചെക്ക് ഇൻ കൗണ്ടറുകൾ ഉപയോഗിക്കാം. വീട്ടിലിരുന്ന് ഓൺലൈനിലോ മിന സായിദിലെയും അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിലെയും കേന്ദ്രങ്ങളിൽ ചെക്ക് ഇൻ ചെയ്യുന്നത് യാത്രാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. വിമാനങ്ങൾക്ക് 24 മണിക്കൂർ മുതൽ നാല് മണിക്കൂർ മുൻപ് വരെ ഇവ ലഭ്യമാണ്.

 

 

ബാഗുകൾ മുൻകൂട്ടി തൂക്കിനോക്കിയാൽ ടെൻഷൻ കുറയും

 

എയർപോർട്ടിലെ സമ്മർദം കുറയ്ക്കാൻ യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ വീട്ടിൽ തന്നെ തൂക്കിനോക്കാൻ ദുബായ് എയർപോർട് അധികൃതർ ഉപദേശിക്കുന്നു.  നിങ്ങൾ എമിറേറ്റ്‌സിനൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ വിമാനത്തിനുള്ള ബാഗ് അലവൻസ് എന്താണെന്ന് പരിശോധിക്കണം. നിങ്ങളുടെ യാത്രാ ക്ലാസിനുള്ള വെയ്റ്റ് അലവൻസ് വരെ നിങ്ങൾക്ക് ഇഷ്ടമുള്ളത്ര ബാഗുകൾ പരിശോധിക്കാം. എന്നിരുന്നാലും, ഓരോ ബാഗും 32 കിലോയിൽ കൂടരുത്.  തിരക്കുള്ള സമയങ്ങളിൽ, നീണ്ട ക്യൂ ഒഴിവാക്കാൻ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് ബാഗുകൾ തൂക്കിനോക്കി തയ്യാറാക്കാൻ എയർലൈൻ യാത്രക്കാരോട് നിർദേശിച്ചു. എയർലൈൻ ചെക്ക്-ഇൻ ഡെസ്‌കിലും ടെർമിനലുകളിലെ സെൽഫ് ചെക്ക്-ഇൻ ഡെസ്‌ക്കുകളിലും ബാഗ് വെയ്‌റ്റിങ് സേവനങ്ങൾ നൽകുന്നുണ്ട്.  

 

ഇത്തിഹാദിന്‍റെ സെൽഫ് സർവീസ് ബാഗ് ഡ്രോപ്പ് സൗകര്യം വേഗത്തിലും കാര്യക്ഷമമായും ചെക്ക്-ഇൻ പൂർത്തിയാക്കാൻ സഹായിക്കുന്നു. യാത്രക്കാർ ചെക്ക് ഇൻ ചെയ്‌തു കഴിഞ്ഞാൽ സ്വയം സേവന സൗകര്യങ്ങൾ അവരുടെ ബുക്കിങ് തടസ്സമില്ലാതെ വീണ്ടെടുക്കാനും ബാഗ്-ടാഗ് പ്രിന്റ് ചെയ്യാനും രണ്ട് മിനിറ്റിനുള്ളിൽ അവരുടെ ബാഗുകൾ നീക്കാനും അനുവദിക്കുന്നു.  ഫ്ലൈ ദുബായിൽ യാത്ര ചെയ്യുന്നവർക്ക് അവരുടെ ബുക്കിങ് സ്ഥിരീകരണത്തിലെ ലഗേജ് അലവൻസ് കവിയാതെ മൂന്ന് ബാഗേജുകൾ വരെ പരിശോധിക്കാം. ഓരോ ബാഗേജിനും 32 കിലോഗ്രാമിൽ താഴെ ഭാരം ഉണ്ടായിരിക്കണം. പരമാവധി അളവുകൾ കവിയരുത്. ഹാൻഡ് ലഗേജിനായി എല്ലാ ദ്രാവകങ്ങളും പരമാവധി 100 മില്ലി കപ്പാസിറ്റി ഉള്ള പാത്രങ്ങളിലായിരിക്കണം. അവ വ്യക്തമായ, അർധസുതാര്യമായ ബാഗുകളിലും പായ്ക്ക് ചെയ്യണം. സെക്യുരിറ്റി വിഭാഗത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ദുബായിലെയും അബുദാബിയിലെയും വിമാനത്താവളങ്ങളിൽ ഇവ പലപ്പോഴും നൽകാറുണ്ട്.

 

ഇ-ഗേറ്റുകൾ ഉപയോഗിക്കുക 

 

വിമാനത്താവളത്തിലെ സമയം ലാഭിക്കുന്നതിനും വേനൽക്കാല ക്യൂകൾ ഒഴിവാക്കുന്നതിനും ദുബായിലെയും അബുദാബിയിലെയും പ്രധാന വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകൾ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. പ്രക്രിയ തടസ്സങ്ങളില്ലാതെ പൂർത്തിയാക്കുന്നതിന്  മാസ്കുകൾ, ഗ്ലാസുകൾ, തൊപ്പികൾ തുടങ്ങിയവ നീക്കം ചെയ്യണം. കൂടാതെ നിങ്ങളുടെ പാസ്‌പോർട്ടും ബോർഡിങ് പാസും തയ്യാറാക്കി സൂക്ഷിക്കുക. 

 

വിമാനത്താവളത്തിന്റെ ഇ-ബോർഡർ ഗേറ്റ് പ്രക്രിയ ഏഴ് സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ, സ്‌മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചുള്ള കോൺടാക്റ്റ്‌ലെസ് പ്രക്രിയ പൂർത്തിയാക്കാൻ സെക്കൻഡുകൾ എടുക്കും. യുഎഇ, ജിസിസി പൗരന്മാർ, യുഎഇ നിവാസികൾ, ബയോമെട്രിക് പാസ്‌പോർട്ടുള്ള വീസ ഓൺ അറൈവൽ അതിഥികൾ, മുൻപ് സ്‌മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച എല്ലാവർക്കും അവ വീണ്ടും ഉപയോഗിക്കാം. ദുബായിലെ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാനുള്ള  യോഗ്യതയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റ് പരിശോധിച്ച് റജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

 

English Summary: Due to Flight ticket price hike many Malayali families are unable to go home during the summer holidays

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com