ADVERTISEMENT

ദോഹ∙ അധികാരത്തിൽ പ്രവേശിച്ച് 10 വർഷം പൂർത്തിയാക്കുമ്പോൾ ഖത്തറെന്ന ചെറു രാജ്യത്തെ വികസന മുന്നേറ്റത്തിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ആശംസയറിയിച്ച് അറബ് ഭരണാധികാരികൾ. 2013 ജൂൺ 25നാണ് ഖത്തർ ഭരണാധികാരിയായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സ്ഥാനമേറ്റത്. സ്ഥാനാരോഹണത്തിന്റെ 10-ാം വാർഷിക ദിനമായ ഇന്നലെ മേഖലയിലെ ഭരണാധികാരികളുടെയും നേതാക്കളുടെയും ആശംസകളും അഭിനന്ദനങ്ങളും അമീറിനെ തേടിയെത്തി.

 

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സെയ്ദ് അൽ നഹ്യാൻ, ഒമാൻ സുൽത്താൻ ഹെയ്താം ബിൻ താരിക്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരെല്ലാം അമീറിന് ആശംസ നേർന്നു. 

 

കൊച്ചുരാജ്യത്തിന്റെ വലിയ നേട്ടങ്ങൾ

 

ദോഹ ∙ പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വികസന പാത പിന്തുടർന്നുള്ള ഭരണം ഒരു പതിറ്റാണ്ടു തികയുമ്പോൾ ഖത്തറിന്റെ ചരിത്രത്തിൽ മാറ്റങ്ങളുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട ഭരണാധികാരിയെന്ന വിശേഷണമാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ലോകം നൽകുന്നത്. സ്വന്തം ജനങ്ങൾക്കായി എല്ലാ മേഖലകളിലും മികച്ച പരിഷ്‌കരണങ്ങളും പദ്ധതികളും നടപ്പാക്കുന്നതിനൊപ്പം ആഗോള തലത്തിൽ മധ്യസ്ഥതയുടെയും തർക്കപരിഹാര ശ്രമങ്ങളുടെയും നയതന്ത്ര ചാംപ്യനായും ദോഹ മാറി.

 

ഖത്തറിന്റെ മധ്യസ്ഥതയിലൂടെയാണ് 20 വർഷം നീണ്ട കലാപങ്ങൾ അവസാനിപ്പിച്ച് യുഎസിനും താലിബാനും ഇടയിൽ അഫ്ഗാൻ സമാധാന കരാർ ഒപ്പുവച്ചതെന്നും ശ്രദ്ധേയമാണ്. മേഖലയിലെ പ്രഥമ യുഎൻ ഹൗസ് ദോഹയിൽ പ്രവർത്തനം തുടങ്ങിയതും സഹകരണം ശക്തിപ്പെടുത്തി. ദാരിദ്ര്യത്തിലും യുദ്ധക്കെടുതിയിലും പ്രയാസപ്പെടുന്ന ജനതയ്ക്ക് കൈത്താങ്ങാകാൻ നൂറിലധികം രാജ്യങ്ങൾക്ക് സഹായമെത്തിച്ചതിലൂടെ സഹജീവി സ്‌നേഹത്തിന്റെ കാവലാളെന്ന പേരും അമീറിനെ തേടിയെത്തി. അയൽ രാജ്യങ്ങളും ലോക രാജ്യങ്ങളുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കുന്നതിലുള്ള അമീറിന്റെ നയതന്ത്ര മികവ് രാജ്യാന്തര സമൂഹത്തിന്റെ പ്രീതി നേടി.

 

രാജ്യാന്തര വേദികളിലും വളർച്ചയുടെയും വികസനത്തിന്റെയും മാതൃകയായി ഖത്തറിനെ പരാമർശിക്കാൻ തക്കവിധം അതിവേഗ വളർച്ചയാണ് അമീറിന്റെ ഭരണമികവിന്റെ മറ്റൊരു നേട്ടം. സാംസ്‌കാരികം മുതൽ സാമ്പത്തിക വളർച്ച, നയതന്ത്രം, ഊർജം  മുതൽ കായികം വരെയുള്ള എല്ലാ മേഖലകളിലും ചർച്ചകൾക്കും സാംസ്‌കാരിക കൈമാറ്റത്തിനുമുള്ള വേദിയായി ഖത്തറിനെ ഉയർത്തി. രാജ്യത്തിന്റെ ഉപരോധം മുതൽ കോവിഡ് പ്രതിസന്ധി വരെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് മേഖലയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുള്ള സമ്പദ് വ്യവസ്ഥയായി മാറിയത്.

 

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും ഗണ്യമായ വളർച്ച നേടി. നോർത്ത് ഫീൽഡ് എണ്ണപ്പാട വികസന പദ്ധതിയുടെ വിപുലീകരണ പ്രഖ്യാപനത്തിലൂടെ വാതക മേഖലയിൽ പുതിയ ചരിത്രം കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാജ്യമെന്ന നിലയിൽ ഖത്തറിന്റെ പ്രശസ്തി വർധിച്ചു 2017 ലെ അയൽ രാജ്യങ്ങളുടെ ഉപരോധം മുതൽ 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം വരെയുള്ള നാളുകളിൽ അഭിമുഖീകരിച്ച  വെല്ലുവിളികളെ വിവേകപൂർവം നേരിട്ടാണ് ലോകത്തിന്റെ കയ്യടി നേടിയത്. ആഭ്യന്തര തലത്തിൽ വ്യോമ മേഖലയുടെ വികസനം ലക്ഷ്യമിട്ട് 2014 ൽ ഹമദ് രാജ്യാന്തര വിമാനത്താവളം,  2016 ൽ ഹമദ് തുറമുഖം, ഗതാഗത മേഖലയിൽ പുതിയ ചരിത്രം കുറിച്ച് 2019 ൽ ദോഹ മെട്രോ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ 2020ൽ അൽ ഖർസ സോളർ പവർ പ്ലാന്റ് തുടങ്ങിയ മുന്നേറ്റങ്ങൾ ലോക റാങ്കിങ്ങിലും ഖത്തറിനെ മുന്നിലെത്തിച്ചു.

 

രാജ്യത്തിന്റെ പരമോന്നത കൗൺസിൽ ആയ ശൂറ കൗൺസിലിലേയ്ക്ക് അംഗങ്ങളെ പൊതുതിരഞ്ഞെടുപ്പിലൂടെ നിയമിച്ചതും ശ്രദ്ധേയ മാറ്റമാണ്. ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് എക്കാലത്തെയും അവിസ്മരണീയമായ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെയാണ് ഖത്തറിന്റെ ശേഷി ലോകമറിഞ്ഞത്. കായിക അടിസ്ഥാന സൗകര്യങ്ങളിലെ വികസനം ലോകകപ്പ് ഉൾപ്പെടെ 470 രാജ്യാന്തര ടൂർണമെന്റുകൾക്ക് വേദിയൊരുക്കാൻ രാജ്യത്തെ പ്രാപ്തമാക്കി.

 

ഫോർമുല വൺ, എഎഫ്‌സി ഏഷ്യൻ കപ്പ്, ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ ഇനിയും ഖത്തറിന്റെ മണ്ണിൽ കളിയാവേശം നിറക്കുന്ന രാജ്യാന്തര ടൂർണമെന്റുകൾ ഏറെയാണ്. അമീറിന്റെ ഭരണനേതൃത്വത്തിനു കീഴിൽ ഇനിയുമേറെ വികസന മുന്നേറ്റത്തിനും നേട്ടങ്ങൾക്കുമാണ് രാജ്യം കാത്തിരിക്കുന്നത്.

English Summary: Regional leaders congratulate Qatar’s Amir Tamim for ‘transformative’ decade-long rule.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com