ADVERTISEMENT

അറഫ(സൗദി)∙ ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന്  സാക്ഷ്യം വഹിക്കാനൊരുങ്ങി സൗദി മക്കയിലെ അറഫ. ഹജിന്റെ മർമ്മപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. ഇന്നലെ മിനായിലേയ്ക്കുള്ള മു‍ഴുവന്‍ വ‍ഴികളും തല്‍ബിയത്ത് മന്ത്രങ്ങളുമായി ഹാജിമാരെക്കൊണ്ട് നിറഞ്ഞിരുന്നു.

Read also: ഹജ്; നടന്നും സൈക്കിളിലും എത്തി 2 മലയാളികൾ...


ഇന്ന് പുലർച്ചെ മുതൽ ഹാജിമാർ അറഫ ലക്ഷ്യംവച്ച് നീങ്ങികൊണ്ടിരിക്കുകയാണ്. അറഫ ദിനത്തിലൊ‍ഴികെ ഹജ് അവസാനിക്കുന്ന ദുല്‍ഹജ് 13 വരെ(ശനി )തീര്‍ഥാടകര്‍ മിനായിലാണ് താമസിക്കുക. ഇന്ന് ഉച്ച നമസ്‌കാരത്തിന് മുൻപായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും. അറഫാ പ്രഭാഷണം സൗദിയിലെ മുതിർന്ന പണ്ഡിത സഭാംഗം ഷെയ്ഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് നിർവഹിക്കും.

 

ഇത്തവണ മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ തത്സമയം പ്രഭാഷണം കേൾക്കാം. കഴിഞ്ഞ വർഷം വരെ 14 ഭാഷകളിലായിരുന്നു അറഫ പ്രസംഗം വിവർത്തനം ചെയ്യപ്പെട്ടരുന്നത്. 20 ലക്ഷത്തിലധികം തീർഥാടകർ ഒരു പകൽ സംഗമിക്കുന്ന പ്രധാന ചടങ്ങാണിത്.  പശ്ചാത്താപവും, പ്രായശ്ചിത്തവും പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിയും.

 

ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അധികം വിസ്തൃതിയുള്ള നമീറ പള്ളിയും, 800ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള അറഫ നഗരി നിറഞ്ഞു കവിയും. തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേയ്ക്ക് രാപാർക്കാൻ പോകും. ബലി പെരുന്നാൾ ദിവസം ബലി കർമവും മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും.  തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ്‌യും നിർവഹിച്ച് മിനയിലേയ്ക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. പ്രാർത്ഥനാ നിര്‍ഭരമായ മനസുമായി ദൈവസ്മരണയും ഖുര്‍ആന്‍ പാരായണവും നമസ്കാരവുമായി ഹാജിമാര്‍ തമ്പുകളെ ധന്യമാക്കും.  മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. ദുൽഹജ്ജ് 13ന് (ശനി) വിടവാങ്ങൽ പ്രദിക്ഷണം നിർവ്വഹിച്ച് ഹാജി മാർ മക്കയോട് വിടപറയും.

 

കേരളത്തിൽ നിന്ന് ഇത്തവണ 11,252 ഹാജിമാരാണ് സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ എത്തിയിട്ടുള്ളത്. ഇതിൽ 4,232 പുരുഷന്മാരും 6,899 സ്ത്രീകളുമാണുള്ളത്. ഇതിൽ 2,733 മഹ്‌റമില്ലാ വിഭാഗത്തിൽ ഉള്ളവരാണ്.  ഇവരെ നയിക്കാനായി ഒമ്പത് വനിതാ വെളന്റിയർമാർ ഉൾപ്പടെ 28 ഖാദിമുൽ ഹുജാജുമാരാണുള്ളത്. ഇവരെ നിയന്ത്രിക്കുന്നത് ജാഫർ മാലിക് ഐ.എ.എസ് ആണ്. ഇത് കൂടാതെ 5,000 ത്തോളം വിവിധ സന്നദ്ധ സംഘടനാ വെളന്റിയർമാരും ഹജ് പ്രദേശങ്ങളിൽ സേവനത്തിനുണ്ട്. ഏഴായിരത്തോളം മലയാളി ഹാജിമാർ സ്വകാര്യ ഗ്രൂപ്പുകളിലും  എത്തിയിട്ടുണ്ട്. സ്നേഹവുംസഹകരണവും ത്യാഗവും സമന്നയിപ്പിക്കുന്ന ആരാധനയാണ് ഹജ്. നാളെയാണ് ബലി പെരുന്നാൾ . ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്. ദൈവേച്ഛയ്ക്ക് മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നൽകാൻ തയ്യാറായ പിതാവിന്റെയും, അതു ശിരസാവഹിച്ച പുത്രന്റെയും അല്ലാഹുവിന്റെ കല്പന അനുസരിച്ച് മകനെ ബലിനൽകാൻ തയ്യാറായ ഹാജറ ബീവിയുടെയും  ചരിത്രസ്മരണകളാണ് ഹജും ബലി പെരുന്നാളും.

 

 

English Summary: Muslims to begin celebration with a fast on the Day of Arafat 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com