ADVERTISEMENT

അബുദാബി ∙ പെരുന്നാൾ അവധി ആഘോഷമാക്കി പ്രവാസികൾ എത്തിയതോടെ ഇൻഡോർ വിനോദ കേന്ദ്രങ്ങളിൽ തിരക്കേറി. പൊള്ളുന്ന ചൂടിനെ തുടർന്ന്  പകൽ പാർക്കും ബീച്ചും കാലിയായിരുന്നെങ്കിലും വൈകിട്ടോടെ സന്ദർശകത്തിരക്കേറി.

ഗ്രാൻഡ് മോസ്ക്

അബുദാബിയിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്ക് ജനപ്രവാഹമായിരുന്നു.വിവിധ എമിറേറ്റുകളിൽനിന്നും അയൽ രാജ്യങ്ങളിൽനിന്നുമുള്ളവർ ഷെയ്ഖ് സായിദ് പള്ളി കാണാൻ എത്തിയതോടെ  റജിസ്ട്രേഷന് പലർക്കും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു. ജിസിസി രാജ്യങ്ങളിൽനിന്ന് കുറഞ്ഞ അവധിക്ക് എത്തിയവരും ട്രാൻസിറ്റ് വീസയിൽ എത്തിയവരും നീണ്ട ക്യൂ കണ്ടതോടെ പുറത്തുനിന്ന് ഫോട്ടോ എടുത്ത് മടങ്ങി.

abaz
ഖത്തറിൽനിന്ന് അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് കാണാനെത്തിയ തൃശൂർ പെരുമ്പിലാവ് പള്ളിക്കുളം സ്വദേശി പടിഞ്ഞാക്കര അബ്ബാസും കുടുംബവും.

അബുദാബിയിലെ  പുതിയ ആകർഷണമായ സ്നോ പാർക്ക്, സീ വേൾഡ്, അഡ്രിനാൾ അഡ്വഞ്ചർ, ഏബ്രഹാമിക് ഫാമിലി ഹോം, അബുദാബി നാഷനൽ അക്വേറിയം എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക്. തീം പാർക്കുകളുടെ കേന്ദ്രമായ യാസ് ഐലൻഡിലെ വാർണർ ബ്രോസ് വേൾ‍ഡ്, ഫെറാറി വേൾഡ്, യാസ് വാട്ടർ വേൾഡ്, ക്ലൈംമ്പ് അബുദാബി എന്നിവിടങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി കോർണിഷ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലെ വെടിക്കെട്ടു കാണാനും ജനമെത്തി. 

ഏബ്രഹാമിക് ഫാമിലി ഹൗസ്

മതമൈത്രിയുടെ പ്രതീകമായ ഏബ്രഹാമിക് ഫാമിലി ഹൗസ് സന്ദർശിക്കാനും സന്ദർശകർ തിടുക്കം കൂട്ടി. ഏബ്രഹാമിന്റെ കുടുംബങ്ങളായ മുസ്‌ലിം, ക്രൈസ്തവ, ജൂത വിശ്വാസികളുടെ ആരാധനാലയങ്ങളായ ഇമാം അൽ ത്വയ്യിബ് മോസ്ക്, ഫ്രാൻസിസ് ചർച്ച്, മോസസ് ബിൻ മൈമൂൻ സിനഗോഗ് എന്നിവ ഒരു കുടക്കീഴിൽ ഒരുക്കിയത് വിശ്വാസികളെ മാത്രമല്ല വിനോദസഞ്ചാരികളെയും ആകർഷിച്ചു. മൂന്നു മതങ്ങളെയും അടുത്തറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത.

സീ വേൾ‍ഡ്

മേഖലയിലെ ഏറ്റവും വലിയ മറൈൻ തീപാർക്കായ സീ വേൾ‍ഡ് അബുദാബിയിലേക്കും ജനപ്രവാഹമായിരുന്നു. കണ്ടൽക്കാടുകൾ, ഫോസിൽ ഡ്യൂൺസ്, പർവതങ്ങൾ, ഗുഹകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ തുടങ്ങി  5 നില കെട്ടിടത്തിലെ ചില്ലുകൊട്ടാരത്തിൽ ആഴക്കടലിന്റെ ആവാസ വ്യവസ്ഥയും പരിസ്ഥിതിയും ഒരുക്കിയതാണ് ജനങ്ങളെ ആകർഷിക്കുന്നത്.  150ലേറെ ഇനങ്ങളിലായി ഒരു ലക്ഷത്തിലേറെ കടൽ ജീവികളെ ഇവിടെ കാണാം. 

സ്നോ പാർക്ക്

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്കായിരുന്നു മറ്റൊരു ആകർഷണം. ചുട്ടുപൊള്ളുന്ന യുഎഇയിൽ കുളിരണിയിക്കുന്ന കാഴ്ചകൾ തേടി അബുദാബി റീം മാളിലേക്കും ജനമൊഴുകി. മഞ്ഞുപെയ്തിറങ്ങുന്ന പർവതങ്ങൾ, താഴ്‌വാരം, പാർക്ക്, തീവണ്ടി, തണുത്തുറഞ്ഞ തടാകം, വിപണി, കളിക്കളം എന്നിവയെല്ലാം സന്ദർശകരെ കോരിത്തരിപ്പിച്ചു. 

നാഷനൽ അക്വേറിയം

ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പുകളിലൊന്നായ സൂപ്പർ സ്നേക്കിനെ കാണാനാണ് നാഷനൽ അക്വേറിയത്തിലേക്ക് ജനം എത്തുന്നത്. 115 കിലോ ഭാരമുള്ള പെൺപാമ്പിനു പുറമെ 300 ഇനത്തിൽപെട്ട 46,000 ജലജീവികളുമുണ്ട്. 

അഡ്രിനാർക്ക് അഡ്വഞ്ചർ പാർക്ക് 

അൽഖനയിലെ അഡ്രിനാർക്ക് അഡ്വഞ്ചർ പാർക്ക് സാഹസികത ഇഷ്ടപ്പെടുന്നവരെക്കൊണ്ട് നിറഞ്ഞിരുന്നു. മേഖലയിലെ ഏറ്റവും വലിയ ഇൻ‍ഡോർ സാഹസിക പാർക്കിലും കുടുംബാംഗങ്ങൾക്കെല്ലാം ആസ്വദിക്കാവുന്ന വിനോദങ്ങളുണ്ട്. ഇ-കാർട്ടിങ് ട്രാക്ക്, എൽഇഡി സ്ലൈഡുകൾ, ട്രഷർ ഗുഹകൾ, ബംഗീ ട്രാംപോളിനുകൾ എന്നിവ ഉൾപ്പെടെ 20ലധികം വിനോദങ്ങളാണ് ആകർഷണം.

ബീച്ചുകളും പാർക്കുകളും

വെയിലാറും വരെ ഇൻഡോർ വിനോദ കേന്ദ്രങ്ങളിൽ കഴിയുന്നവർ സന്ധ്യയോടെ പാർക്കിലും ബീച്ചിലും എത്തുന്നു. അബുദാബി ഹുദൈരിയാത് ബീച്ച്, മാംഗ്രൂവ് പാർക്ക്, അൽവത്ബ ലെയ്ക്, ഉമ്മുൽഇമറാത് പാർക്ക്, കോർണിഷ്, ജുമൈറ ബീച്ച്, ദുബായ് ഫ്രെയിം, ഫ്യൂചർ മ്യൂസിയം, ഷാർജ അൽനൂർ ഐലൻഡ്, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ ബീച്ചുകൾ, റാസൽഖൈമ അൽമർജാൻ ഐലൻഡ് തുടങ്ങി പൊതു സ്ഥലങ്ങളിലാണ് കൂടുതൽ തിരക്കുണ്ടായത്. പ്രവേശന ഫീസില്ലാത്തതും കുറഞ്ഞ ഫീസുള്ളതുമായ സ്ഥലങ്ങളാണ് കൂടുതൽ പേർ തിരഞ്ഞെടുത്തത്.

English Summary: Expats celebrated Eid in indoor recreation centres due to scorching heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com