ADVERTISEMENT

ദുബായ്∙ മാർക്കറ്റിങ്, പ്രമോഷനൽ വിളികളിൽ പൊറുതിമുട്ടി ജനം. തിരക്കിട്ടോടുമ്പോഴാകും അത്യാവശ്യക്കാരെ പോലെ ആ വിളികളെത്തുക. ലോൺ വേണോ, ക്രെഡിറ്റ് കാർഡ് വേണോ, വീടു വേണോ, ഷെയർ വേണോ. അങ്ങനെ നീളുന്നു ചോദ്യങ്ങൾ. വിളികൾക്ക് രാവെന്നോ പകലെന്നോ വ്യത്യാസമില്ല.

 

ഫോൺ വിളികൾ പലപ്പോഴും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇത്തരം ടെലി പ്രമോഷൻ വിളികൾക്ക് നമ്പർ നൽകും മുൻപ് വരിക്കാരുടെ അനുമതി വാങ്ങണമെന്ന ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയുടെയും ഡിജിറ്റൽ ഗവൺമെന്റിന്റെയും നിബന്ധന നിലനിൽക്കെയാണ് വിളികൾ. ഇവർക്ക് എങ്ങനെ നമ്പർ കിട്ടുന്നുവെന്ന കാര്യം പോലും അജ്ഞാതം.

 

റിയൽ എസ്റ്റേറ്റ് ,ഡിജിറ്റൽ കറൻസി മേഖലയിൽ നിക്ഷേപ അവസരം പറഞ്ഞാണ് കൂടുതൽ വിളികളും. ഒരു വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കും നമ്പർ നൽകിയിട്ടില്ലെന്നിരിക്കെ ഇവർക്കെങ്ങനെ നമ്പർ ലഭിക്കുന്നുവെന്നാണ് സ്വദേശിയായ ആസിം ഇബ്രാഹിം പരാതിയിൽ ചോദിക്കുന്നത്. ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി നിക്ഷേപം ആവശ്യപ്പെട്ടും വിളിയെത്തുന്നു. ജോലിത്തിരക്കുള്ള സമയത്തും ഉറക്കത്തിലും ഇത്തരക്കാരുടെ ഇടതടവില്ലാത്ത വിളിയാണ്.

 

രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപസാധ്യതകൾ ചൂണ്ടിക്കാണിച്ചാണ് വിളി. ഒരു ദിവസം പലതവണ വിളിക്കും. ചിലർ വിവിധ വസ്തുക്കൾ വാങ്ങാൻ പ്രേരിപ്പിച്ചാണ് ഫോൺ ചെയ്യുന്നത്. ജോലിയിൽ ശ്രദ്ധ തെറ്റിക്കാനും ഉറക്കം നഷ്ടപ്പെടാനും ഇടവരുത്തുന്നതാണ് ആവർത്തിക്കുന്ന ഫോൺ വിളികളെന്നും പരാതിക്കാർ പറയുന്നു. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഫോൺ വിളികൾ കിട്ടുന്നു. നിശ്ചിത നിക്ഷേപത്തിൽ താൽപര്യമില്ലെന്ന് അറിയിച്ചു ഫോൺ ബന്ധം വിഛേദിച്ചാൽ എന്തുകൊണ്ട് താൽപര്യമില്ലെന്നാണ് അടുത്തു ചോദ്യം.

 

ഇത്തരം ടെലിഫോൺ വിളികളിൽ നിന്നു രക്ഷപ്പെടാൻ ഇത്തിസാലാത്ത്, ഡൂ കമ്പനികളിൽ നോൺ കോൺഡാക്ട് റിക്കോർഡിൽ റജിസ്റ്റർ ചെയ്യാൻ അവസരം നൽകുന്നുണ്ട്. ഈ സേവനം ഉപയോക്താക്കൾക്ക് സൗജന്യമാണ്. അനാവശ്യ കോളുകൾ തടയാനും നിയന്ത്രിക്കാനും ഉള്ളതാണിത്. നിയമം ലംഘിച്ച് വരിക്കാരെ ഫോൺ ചെയ്യുന്നതായി പരാതിപ്പെട്ടാൽ ഇരു കമ്പനികളും നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കും. അനുമതി കൂടാതെ ആളുകളെ ശല്യം ചെയ്യുന്ന വിധത്തിൽ ഓഫറുകളും പരസ്യങ്ങളും അറിയിച്ചാൽ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാകുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

ഒരു വർഷത്തിൽ കൂടാത്ത തടവുശിക്ഷയും രണ്ടു ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ടെലിഫോൺ വഴിയുള്ള അനധികൃത മാർക്കറ്റിങ്. യുഎഇയിൽ ആളുകൾക്ക് അലോസരമുണ്ടാക്കുന്ന മാർക്കറ്റിങ്, നിയമം മൂലം വിലക്കിയതായി ലാൻഡ് ഡിപ്പാർട്മെന്റ് അധികൃതരും വ്യക്തമാക്കിയിരുന്നു. തടവു ശിക്ഷയ്ക്കു പുറമേ അരലക്ഷം ദിർഹം മുതൽ 2 ലക്ഷം ദിർഹം വരെ പിഴശിക്ഷ ലഭിക്കുന്ന കേസാണിത്. മാർക്കറ്റിങ്ങിനും വിപണനത്തിനും അംഗീകൃത മാർഗങ്ങൾ സ്വീകരിക്കാനാണ് അധികൃതരുടെ നിർദേശം.

English Summary: Marketing and promotional calls increase in UAE

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com