ബസും മെട്രോയും ശീലമാക്കി ജനം, പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ കൂടി; ടൂറിസം മേഖലയിലും ഉണർവ്
Mail This Article
ദോഹ∙ ഫിഫ ലോകകപ്പിന് ശേഷം രാജ്യത്ത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന രീതി കൂടിയെന്ന് അധികൃതർ.
പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് കൂടുതൽ ശക്തിപ്പെടാൻ ലോകകപ്പ് ഇടയാക്കിയെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായിരുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി വ്യക്തമാക്കി.
അൽ വക്രയിലുള്ളവർ ഉൾപ്പെടെ കൂടുതൽ പേർ ദോഹ മെട്രോ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ചു തുടങ്ങി. അത്യാധുനിക, പരിസ്ഥിതി-സൗഹൃദ പൊതുഗതാഗത സംവിധാനത്തിലൂടെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറച്ച് പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചെന്നും അൽ തവാദി ചൂണ്ടിക്കാട്ടി. 700 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ പൊതുബസുകളിൽ 3,000 എണ്ണം സ്‌കൂൾ ട്രാൻസ്‌പോർട്ടേഷനു വേണ്ടി ഉപയോഗിക്കുമെന്ന് അൽ തവാദി വിശദമാക്കി. ലോകകപ്പിന് ശേഷം ടൂറിസം മേഖലയിലും വലിയ ഉണർവുണ്ട്.
സഞ്ചാരികളുടെ അവധിക്കാല കേന്ദ്രമായി ഖത്തർ മാറി. പ്ലാനിങ്-സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ മേയിൽ 2,85,000 സന്ദർശകരാണ് രാജ്യത്തെത്തിയത്. വർഷാടിസ്ഥാനത്തിൽ 72 ശതമാനമാണ് വർധന. ലുസെയ്ൽ നഗരം ലോകകപ്പിന് വേണ്ടി മാത്രം നിർമിച്ചതല്ല. ഖത്തർ ദേശീയ ദർശന രേഖ-2030 പ്രകാരമുള്ള ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള വിപുലീകരണ പദ്ധതിയാണ് ലുസെയ്ൽ എന്നും അൽതവാദി വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബർ 20 മുതൽ ഡിസംബർ 18 വരെ നീണ്ട ഫിഫ ലോകകപ്പിനായി ഖത്തർ 10 വർഷമാണ് തയാറെടുത്തത്. എല്ലാ മേഖലകളിലും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമിച്ചുകൊണ്ടാണ് ലോകകപ്പ് ആതിഥേയത്വം മികവുറ്റതാക്കി മാറ്റിയത്. 14 ലക്ഷം ആരാധകരാണ് ലോകകപ്പ് കാണാനെത്തിയത്.
English Summary: Al Thawadi discusses Qatar post 2022 World Cup.