ADVERTISEMENT

ദുബായ്∙ ഓരോ ദിവസവും ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമം 4 വരെയാക്കണമെന്നു തൊഴിലാളികൾ. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് 3 മണിക്കുള്ള ചൂടും താങ്ങാനാവുന്നില്ല. വരും ദിവസങ്ങളിൽ ചൂടു കൂടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കനത്ത ചൂടിൽ വിശ്രമം ലഭിക്കുന്നതു പുറംജോലിക്കാർക്ക് വലിയ ആശ്വാസമാണ്. എന്നാൽ ഈ വർഷം ഉഷ്ണവും അന്തരീക്ഷ ഈർപ്പവും കൂടുതലായത് ബുദ്ധിമുട്ട് ഇരട്ടിയാക്കി.

 

ഈ സാഹചര്യത്തിൽ പ്രതിദിനം അരമണിക്കൂർ കൂടി അധികം വിശ്രമം നൽകിയാൽ വലിയ ആശ്വാസകമാകുമെന്ന് തൊഴിൽ മേഖലയിലുള്ളവർ അധികൃതരെ അറിയിച്ചു. ഒരു മണി മുതൽ 4 മണി വരെയാണ് ഏറ്റവും ഉയർന്ന താപനില. അതിനാൽ നിലവിലുള്ള ഉച്ചവിശ്രമ സമയത്തിൽ നേരിയ മാറ്റം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്നു വരെയാണ് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനു നിലവിൽ വിലക്കുള്ളത്.

 

ഇതു ഒരു മണിക്ക് ആരംഭിച്ചു 4 ന് അവസാനിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കണം എന്നതാണ് ആവശ്യം. ചില കമ്പനികൾ ഔദ്യോഗിക ഉച്ചവിശ്രമം വരുന്നതിന് ഒരു മാസം മുൻപ് തന്നെ തൊഴിലാളികൾക്ക് വിശ്രമം നൽകിയിരുന്നു. ചില കമ്പനികൾ ജോലി രാത്രിയിലേക്കു മാറ്റി. മാനവവിഭവ ,സ്വദേശിവൽകരണ മന്ത്രാലയത്തിൽ ഉച്ചവിശ്രമം പുനർനിർണയിക്കേണ്ടത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിച്ചു.

 

ഒന്ന് മുതൽ നാല് വരെ അല്ലെങ്കിൽ 12.30 മുതൽ 4വരെ എന്നിങ്ങനെ രണ്ടു നിർദേശങ്ങളാണുള്ളത്. നിർദേശങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷം പ്രതികരണം അറിയിക്കാമെന്ന് മന്ത്രാലയം മറുപടി നൽകി. മന്ത്രാലയത്തിന്റെ സമൂഹമാധ്യമ പേജിലും തൊഴിലാളികൾ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. മന്ത്രാലയത്തിനു പുറമെ നഗരസഭാ ഉദ്യോഗസ്ഥരും തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com