ADVERTISEMENT

ദുബായ്∙ ട്രക്ക് വാഹനങ്ങൾക്ക് നിർത്തിയിടാനും ഡ്രൈവർമാർക്കു വിശ്രമിക്കാനും എമിറേറ്റിൽ 19 വിശ്രമ കേന്ദ്രങ്ങൾ വരുന്നു. അഡ്നോക്കുമായി ചേർന്നു പെട്രോൾ പമ്പ് സഹിതമുള്ള 3 ലേബൈസും 16 റെസ്റ്റ് സ്റ്റോപ്പുമാണ് നിർമിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ് ഹത്ത റോഡ്, ദുബായ് അൽ ഐൻ റോഡ്, ജബൽ അലി ലെബാബ് റോഡ്, അൽ അവീർ റോഡ് എന്നിവിടങ്ങളിലാണ് വിശ്രമ കേന്ദ്രങ്ങൾ വരുന്നത്.

 

3 ലക്ഷം ചതുരശ്ര മീറ്ററാണ് മൊത്തം വിശ്രമ കേന്ദ്രത്തിന്റെ വിസ്താരം. 1000 ട്രക്കുകൾ നിർത്തിയിടാം. ലേ ബൈസ് സ്റ്റേഷനുകളിൽ ഡീസൽ പമ്പ്, മോട്ടൽ, വർക്ക്ഷോപ്, റസ്റ്ററന്റ്, പ്രാർഥനാ മുറി, ഡ്രൈവിങ് പരിശീലന കേന്ദ്രം, ക്ലിനിക്, ഫാർമസി, മണി എക്സ്ചേഞ്ച് കേന്ദ്രം, ലോൻഡ്രി എന്നീ സൗകര്യങ്ങളുണ്ടാകും. റെസ്റ്റ് സ്റ്റോപ്പുകളിൽ ഡീസൽ സ്റ്റേഷൻ, പ്രാർഥനാ മുറി, റസ്റ്ററന്റ്, വർക്ക്ഷോപ്, വിശ്രമ മുറി എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക.

 

സർക്കാർ, സ്വകാര്യ സംരംഭമായിട്ടാണ് വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ജബൽ അലി ഫ്രീസോണിനും അൽ മക്തൂം എയർ പോർട്ടിനും ഇടയിലാണ് ആദ്യത്തെ ലേ ബൈ സെന്റർ. ഒരു ലക്ഷം ചതുരശ്ര മീറ്ററാണ് വലുപ്പം. 200 ട്രക്കുകൾ നിർത്തിയിടാം. രണ്ടാമത്തേത് എമിറേറ്റ്സ് റോഡിൽ അൽ തായ് റേസ് ട്രാക്കിനു സമീപം നിർമിക്കും. വലുപ്പം 76000 ചതുരശ്ര മീറ്റർ. 150 ട്രക്കുകൾ നിർത്തിയിടാം.

 

മൂന്നാമത്തേത് ദുബായ് ഇൻഡസ്ട്രിയൽ സിറ്റിക്കു സമീപം. 120 ട്രക്കുകൾ നിർത്തിയിടാം. 5000 – 10000 ചതുരശ്ര മീറ്റർ വിസ്താരമുള്ളതാണ് റെസ്റ്റ് സ്റ്റോപ്പുകൾ. 30 – 40 വാഹനങ്ങൾ നിർത്തിയിടാം. ചരക്കു ഗതാഗത രംഗത്തെ ആഗോള കേന്ദ്രമായി ദുബായെ ഉയർത്ത‌ുന്നതിന്റെ ഭാഗമായാണ് വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുന്നത്. അതോടൊപ്പം ട്രക്ക് ഡ്രൈവർമാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുമെന്നും ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.

 

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ വിശ്രമ കേന്ദ്രങ്ങൾ നിർണായകമാകുമെന്നാണ് ആർടിഎ പ്രതീക്ഷിക്കുന്നത്. ട്രക്കുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ നേർ പകുതിയാക്കാൻ കഴിയും. നിരോധിത സമയത്ത് ട്രക്കുകൾ റോഡിലിറങ്ങുന്നത് തടയാനും റോഡ് നിയമങ്ങളിൽ ഡ്രൈവർമാർക്ക് കൂടുതൽ അവബോധം നൽകാനും ഇതുവഴി ലക്ഷ്യമിടുന്നു.

 

പ്രധാന റോഡുകളിലും പാർപ്പിട മേഖലയിലും ട്രക്കുകൾ നിർത്തിയിടുന്നതു മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവായിക്കിട്ടും. ദിവസം 3 ലക്ഷം ട്രക്ക് ട്രിപ്പുകളിലായി 1.5 മെട്രിക് ടൺ ചരക്കുകളാണ് ദുബായിൽ കൈകാര്യം ചെയ്യുന്നത്. ഇത്രയും സൗകര്യങ്ങളോടെ ട്രക്കുകൾക്ക് വിശ്രമ കേന്ദ്രം വരുന്നത് ദുബായിൽ ആദ്യമാണ്.

English Summary: Dubai's RTA to build 16 rest stops for truck drivers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com