ADVERTISEMENT

ദോഹ∙ വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയിൽ (ജിംസ്) ആഗോള തലത്തിലെ മുൻനിരക്കാരായ 30 വാഹന ബ്രാൻഡുകൾ പങ്കെടുക്കും. ഒക്‌ടോബർ 5 മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് ഷോ. ഇതാദ്യമായാണ് ഖത്തർ ജനീവ മോട്ടർ ഷോയ്ക്ക് വേദിയാകുന്നത്.

 

സ്വിറ്റ്‌സർലൻഡിന് പുറത്ത് ഇതാദ്യമാണ് ജനീവ മോട്ടർ ഷോ നടക്കുന്നതും. 10 പ്രീമിയർ വാഹനങ്ങളാണ് അവതരിപ്പിക്കുന്നത്. വിപണിയിലെ പുത്തൻ മോഡലുകളും വിസ്മയങ്ങളുമാണ്  മോട്ടർ ഷോയിലെ സവിശേഷ കാഴ്ചകൾ. ഖത്തർ ടൂറിസമാണ് സംഘാടകർ.  ഷോയുടെ ഭാഗമായി രാജ്യത്തുടനീളം 5 കേന്ദ്രങ്ങളിലായി സന്ദർശകർക്കും അതിഥികൾക്കും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ കാഴ്ചകൾ വേറെയുമുണ്ടാകും.

 

പ്രദർശകർക്കുള്ള റജിസ്‌ട്രേഷൻ ജൂണിൽ സമാപിച്ചു. ഏതൊക്കെ വാഹന ബ്രാൻഡുകളാണ് പങ്കെടുക്കുന്നതെന്ന് വരും ആഴ്ചകളിൽ ജിംസ് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അറിയാം. ഖത്തർ ദേശീയ മ്യൂസിയത്തിൽ കാറുകളുടെ ഡിസൈൻ സംബന്ധിച്ച പ്രത്യേക ഫോറം, സീലൈനിൽ ഓഫ് റോഡ് അഡ്വഞ്ചർ അനുഭവം, ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ റൈഡ്, ക്ലാസിക് ഓട്ടമൊബൈലുകളുടെ മികച്ചതിൽ മികച്ചവ സന്ദർശിക്കാനുള്ള അവസരം തുടങ്ങി ഒട്ടേറെ പരിപാടികളാണ് നടക്കുക.

 

മോട്ടർ ഷോയ്ക്ക് പിന്നാലെ ഒക്‌ടോബർ 6 മുതൽ 8 വരെ ലുസെയ്ൽ സർക്യൂട്ടിൽ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി നടക്കുന്നത് കാറോട്ട മത്സര പ്രേമികൾക്കും ആവേശം കൂട്ടും. ഫിഫ ലോകകപ്പിന്റെ വിജയകരമായ ആതിഥേയത്വത്തിന്റെ അനുഭവ സമ്പത്തുമായാണ്  മോട്ടർ ഷോ, ഫോർമുല വൺ ഉൾപ്പെടെ രാജ്യാന്തര ഇവന്റുകൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.

English Summary: 10 ground-breaking new cars to be unveiled at Geneva International Motor Show in Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com