'ജിന്നുകളുടെ രാജാക്കന്മാരുടെ രാജാവ്'; ദുർമന്ത്രവാദം നടത്തി കബളിപ്പിച്ച 7 പേർക്ക് തടവും പിഴയും

Mail This Article
ദുബായ് ∙ ജിന്നാണെന്ന് പറഞ്ഞ് ദുർമന്ത്രവാദം നടത്തുകയും മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്ത ഏഴ് പേർക്ക് യുഎഇയിൽ ആറ് മാസം തടവും 50,000 ദിർഹം പിഴയും വിധിച്ചു.
പ്രതികളുടെ കുതന്ത്രങ്ങൾക്ക് താൻ ഇരയായതായി ഒരാൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേസെടുത്തതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ആളുകളെ ചികിത്സിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്. പ്രതികളിലൊരാൾ 400 വർഷത്തിലേറെ പഴക്കമുള്ള 'ജിന്നുകളുടെ രാജാക്കന്മാരുടെ രാജാവാ'ണ് തന്റെ ഉള്ളിലുള്ളതെന്നാണ് അവകാശപ്പെട്ടിരുന്നത്. ആളുകളെ സുഖപ്പെടുത്താൻ കഴിയുന്ന ഒരു ജിന്ന് തങ്ങളുടെ ഉള്ളിലുമുണ്ടെന്ന് ബാക്കിയുള്ള പ്രതികളും അവകാശപ്പെട്ടു. മന്ത്രവാദം, വഞ്ചന, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കൈവശം വച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഏഴുപേരെയും കോടതിയിൽ ഹാജരാക്കിയത്. പിന്നീട് അവർക്ക് 6 മാസത്തെ ജയിൽ ശിക്ഷയും ജുഡീഷ്യൽ ഫീസിന് പുറമെ 50,000 ദിർഹം പിഴ അടക്കാനും വിധിക്കുകയായിരുന്നു.
2021 ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 31 പ്രകാരം കുറ്റകൃത്യങ്ങളുടെയും പിഴകളുടെയും നിയമം പുറപ്പെടുവിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു. മന്ത്രവാദവും വഞ്ചനയും കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
English Summary: Seven fined and jailed in Dubai for practicing sorcery and deceiving others