ADVERTISEMENT

അബുദാബി∙ കാർബൺ പുറന്തള്ളുന്നത് 2045 ആകുമ്പോഴേക്കും പൂജ്യത്തിൽ എത്തിക്കുമെന്ന് അബുദാബി ദേശീയ ഓയിൽ കമ്പനിയുടെ (അഡ്നോക്) പ്രഖ്യാപനം. 2050 ൽ ലക്ഷ്യം നേടും എന്നു പ്രഖ്യാപിച്ച പദ്ധതി 5 വർഷം മുൻപേ പൂർത്തിയാക്കുമെന്നാണ് അഡ്നോക്കിന്റെ പ്രഖ്യാപനം. മീഥേൻ പുറന്തള്ളൽ 2030 ആകുമ്പോഴേക്കും പൂജ്യത്തിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു. പുനരുപയോഗ ഇന്ധനത്തിൽ നിക്ഷേപം വർധിപ്പിച്ചും, രാജ്യാന്തര ഹൈഡ്രജൻ ഊർജ ശൃംഖല സൃഷ്ടിച്ചും, കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാൻ പര്യാപ്തമായ സാങ്കേതിക വിദ്യകൾ സ്വീകരിച്ചും കണ്ടൽ ചെടികൾ നട്ടുവളർത്തിയുമാണ് പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അഡ്നോക്ക് എത്തിച്ചേരുക.

കാർബൺ കുറയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് രാജ്യാന്തര തലത്തിൽ അഡ്നോക് പങ്കാളികളെ തേടും. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലേദ് ബിൻ മുഹമ്മദ് ബിൻ സായദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. 2030 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ 40% കുറയ്ക്കും. നവംബർ 30 മുതൽ ഡിസംബർ 12വരെ ദുബായ് എക്സ്പോ സിറ്റിയിൽ ചേരുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിലെ ചർച്ചകൾ അഡ്നോക്കിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് കൂടുതൽ വഴി തെളിക്കുമെന്നും കരുതുന്നു.  

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ വിവിധ കമ്പനികൾ പൂജ്യം ബഹിർഗമന ലക്ഷ്യം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പെട്രോളിയം ഉൽപാദക കമ്പനിയായ അഡ്നോക്കിന്റെ പ്രഖ്യാപനത്തിനു രാജ്യാന്തര തലത്തിൽ വലിയ പ്രാധാന്യമുണ്ട്. ബിൽഡിങ് മേഖലയിലെ കാർബൺ പുറന്തള്ളൽ 2050 ആകുമ്പോഴേക്കും പൂജ്യത്തിൽ എത്തിക്കാനുള്ള തീരുമാനം കാലാവസ്ഥ വ്യതിയാന പരിസ്ഥിതി കാര്യ മന്ത്രാലയത്തിന്റെ സമ്മേളനത്തിൽ നേരത്തെ സ്വീകരിച്ചിരുന്നു. ഇന്നലെ എമിറേറ്റ്സ് എൻബിഡി ബാങ്കും പൂജ്യം ബഹിർഗമന ലക്ഷ്യത്തിനായി കാലാവസ്ഥ റസ്പോൺസബിൾ കമ്പനിയുമായി കരാർ ഒപ്പിട്ടു. കടൽ യാനങ്ങൾ വഴിയുള്ള കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ യുഎഇ മാരിടൈം ഡീ കാർബണൈസേഷൻ കേന്ദ്രം സ്ഥാപിക്കുമെന്നു യുഎഇ പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തിൽ നാലാമത്തെ മാരിടൈം ഡീകാർബണൈസേഷൻ കേന്ദ്രമാണിത്. 

നീക്കിവച്ചിരിക്കുന്നത് വൻ തുക

കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കായി 5340 കോടി ദിർഹമാണ് അഡ്നോക്ക് നീക്കിവച്ചിരിക്കുന്നത്. ലക്ഷ്യത്തിലെത്താൻ കൂടുതൽ തുക നീക്കിവയ്ക്കുമെന്നും അനുബന്ധ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. ആദ്യ ഘട്ടത്തിൽ കടലിൽ എണ്ണ കുഴിച്ചെടുക്കുന്ന സ്ഥലങ്ങളിലെ കാർബൺ ഫുട്പ്രിന്റ്സ് 50 ശതമാനമായി കുറയ്ക്കും. കാർബൺ പിടിച്ചെടുക്കുകയും പുറത്തു വിടാതെ സൂക്ഷിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയിലൂടെ 2030 ആകുമ്പോഴേക്കും വർഷം 50 ലക്ഷം ടൺ കാർബൺ ശേഖരിക്കും..

English Summary: ADNOC brings forward net zero emission target by 5 years to 2045

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com