ADVERTISEMENT

ഷാർജ∙ ആഴ്ചയിൽ 4 ദിവസം പഠിത്തവും 3 ദിവസം അവധിയും വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഗുണകരമായെന്നു പഠന റിപ്പോർട്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവിത നിലവാരം ഉയർന്നു. കുട്ടികൾക്ക് പഠനേതര കാര്യങ്ങൾക്കു കൂടുതൽ സമയം ലഭിക്കുന്നു. കുടുംബ ചെലവിൽ ഗണ്യമായ കുറവുണ്ടായി. ശാരീരിക, മാനസിക ആരോഗ്യത്തിനും പരിഷ്കാരം കാരണമായെന്നു ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 

പരിഷ്കാരം നടപ്പാക്കിയപ്പോൾ ഉണ്ടായിരുന്ന ആശങ്കകൾ ഗുണപരമായ മാറ്റങ്ങൾക്കു വഴിമാറി. 4 ദിവസ ക്ലാസുകൾ ദോഷത്തേക്കാളേറെ ഗുണമാണെന്നു മിക്കവരും സാക്ഷ്യപ്പെടുത്തുന്നു. പുതിയ മാറ്റത്തെ അധ്യാപകരും രക്ഷിതാക്കളും ശുഭകരമായാണ് കാണുന്നത്. എല്ലാ ദിവസവും പഠിത്തവും ട്യൂഷനുമായി കടന്നു പോകുന്നത് വിദ്യാർഥികൾക്കും വിരസതയുണ്ടാക്കിയിരുന്നു. സ്വന്തം ഇഷ്ടങ്ങൾക്കും കഴിവുകൾക്കും വേണ്ടി മാറ്റിവയ്ക്കാൻ ആഴ്ചയിൽ 3 ദിവസം ലഭിച്ചതോടെ കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെട്ടു. 

∙ ഉണ്ട് ദോഷങ്ങളും 

പഠന ദിനങ്ങൾ നാലായി ചുരുങ്ങിയതിന്റെ സമ്മർദം ഉയർന്ന ക്ലാസുകളിൽ കുട്ടികൾ നേരിടുന്നുണ്ട്. തീവ്രപരിശീലനത്തിന്റെ ബുദ്ധിമുട്ട് പല കുട്ടികൾക്കുമുണ്ട്. അവധി ദിവസങ്ങളിൽ എങ്ങനെ സമയം ചെലവഴിക്കണമെന്നു പലർക്കും അറിയില്ല. ചുരുങ്ങിയ പ്രവൃത്തി ദിവസങ്ങൾക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കാത്ത പ്രശ്നവും നിലനിൽക്കുന്നു. 

∙ പരിഹാരം

പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ മാർഗ നിർദേശം കുട്ടികൾക്ക് നൽകുക, കൃത്യ സമയത്തു പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാവുന്ന തരത്തിൽ സിലബസിൽ മാറ്റം വരുത്തുക. അവധി ദിവസം ഗുണപരമായി ഉപയോഗിക്കുന്നതു സംബന്ധിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. 

ഒരുപാട് പഠിപ്പിക്കുന്നതിനേക്കാൾ ഗുണപരമായി പഠിപ്പിക്കുക എന്നതിലേക്കു പാഠ്യപദ്ധതി മാറേണ്ടതുണ്ട്. ഇക്കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും അതിന്റെ ഫലം അവലോകനം ചെയ്യുകയും വേണം.

 2022 ജനുവരി മുതലാണ് ഷാർജയിൽ 4 ദിവസ പഠനം ആരംഭിച്ചത്. കോവിഡാനന്തരം ലോകത്ത് വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ മാറ്റങ്ങളുടെ തുടർച്ചയായാണ് ഷാർജയിൽ പരിഷ്കാരം നടപ്പാക്കിയത്. 

∙ പാഠ്യേതര കാര്യങ്ങൾക്ക് കൂടുതൽ സമയം

പഠിക്കാൻ ചെലവഴിക്കുന്ന അത്രയും സമയം കളിക്കാനും കലാപരമായ കഴിവുകൾക്കും അറിവിന്റെയും വിനോദത്തിന്റെയും പുതിയ മേഖലകൾ കണ്ടെത്താനും കുട്ടികളെ സഹായിക്കുന്നു. ദീർഘമായ വാരാന്ത്യം കുട്ടികളെ കൂടുതൽ സന്തുഷ്ടരാക്കിയതിനൊപ്പം മാനസിക ആരോഗ്യവും മെച്ചപ്പെടുത്തി. ക്ലാസിലെ ഹാജർ നിലയിലും വർധനയുണ്ടായി. അനാവശ്യമായി അവധിയെടുക്കുന്നതും സ്കൂളിൽ പോകാൻ മടി കാണിക്കുന്നതും മാറി.

പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ലഭിക്കുന്നതും ഗുണപരമായ മാറ്റമാണെന്നും പഠനം പറയുന്നു. പ്രവാസികളും സ്വദേശികളും ഒരുപോലെ പഠന മാറ്റത്തെ സ്വാഗതം ചെയ്യുന്നു.

English Summary: SPEA revealed that  four-day education system has improved the quality of life for students, educators, and parents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com