ADVERTISEMENT

ദോഹ. വേനൽ കടുത്തതോടെ ഇൻഡോർ പ്ലാന്റുകൾക്ക് പ്രിയമേറുന്നു. വേനൽച്ചൂടിൽ പുറത്തെ പൂന്തോട്ടങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്നതിനാൽ  അകത്തളങ്ങളിൽ മനോഹരങ്ങളായ വിവിധ തരം ചെടികൾ പരിപാലിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുകയാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവവർ. 

 

ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് പൂച്ചെടി വിപണിയിൽ ഇൻഡോർ പ്ലാന്റുകളുടെ വൻ ശേഖരം തന്നെ വിൽപനയ്ക്കുണ്ട്. ഉഷാറാണ്. ഫെയ്‌സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഓൺലൈൻ വിൽപനകളും സജീവമാണ്. വേനലിനെ അതിജീവിക്കുന്ന ഔട്ട്‌ഡോർ പ്ലാന്റുകൾക്കും ആവശ്യക്കാരുണ്ട്.

 

പരിചരണം അധികം ആവശ്യമില്ലാത്തതും നന്നായി ഓക്‌സിജൻ പ്രദാനം ചെയ്യുന്നതും പോസിറ്റിവിറ്റി കൂടുതലുള്ളതുമായ ചെടികളാണ് അകത്തളങ്ങളിൽ കൂടുതലും സ്ഥാനം പിടിക്കുന്നത്. സ്വീകരണ മുറിയിൽ വയ്ക്കാൻ വാസ്തുവിന് യോജ്യമായ തരം ചെടികൾ തിരഞ്ഞെടുക്കുന്നവരും ഏറെയുണ്ട്.

 

വ്യത്യസ്ത തരത്തിലുള്ള മണി പ്ലാന്റുകൾ, ആന്തൂറിയം, പീസ് ലില്ലി, ഐവി, പാം, സ്‌നേക്ക് പ്ലാന്റ്, പല തരം വള്ളിച്ചെടികൾ, കലാത്തിയ എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ എത്തുന്നതെന്ന് ഖത്തറിലെ അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിൽ പ്രവർത്തിക്കുന്ന പ്ലാന്റൂറ ട്രേഡിങ് ഉടമ അഷിത അസ്‌ലം പറയുന്നു. വ്യത്യസ്ത ഇനം ഇൻഡോർ പ്ലാന്റുകളുടെ ശേഖരമാണ് അഷിതയുടെ വിൽപനശാലയിലുള്ളത്. വിവിധ തരം മണിപ്ലാന്റുകൾക്ക് 10 റിയാൽ മുതലാണ് നിരക്ക്. ആന്തൂറിയം 80 റിയാൽ, പീസ് ലില്ലി 30 റിയാൽ, പാം 35 റിയാൽ, സ്‌നേക്ക് പ്ലാന്റ് 15 റിയാൽ മുതൽ ലഭ്യമാണ്.

വീട്ടിനുള്ളിൽ ചെടികൾ നട്ടുവളർത്തുന്നത് പ്ലാസ്റ്റിക്, സെറാമിക്, കളിമൺ എന്നിവ കൊണ്ടുള്ള പൂച്ചട്ടികളിലാണ്. ഇൻഡോർ പ്ലാന്റുകൾക്കൊപ്പം ഇത്തരം പൂച്ചട്ടികൾക്കും ആവശ്യക്കാർ ഏറെയാണെന്ന് അഷിത പറയുന്നു.  5 റിയാൽ മുതൽ 500 റിയാൽ വരെ വില വരുന്ന വ്യത്യസ്ത വലുപ്പത്തിലും നിറത്തിലും ഡിസൈനിലുമുള്ള പൂച്ചട്ടികൾ വിപണിയിലുണ്ട്. വീട്ടിനുള്ളിലെ സ്ഥല പരിമിതി അനുസരിച്ച് ഒന്നിലധികം ചെടികൾ ഒരുമിച്ച് വയ്ക്കാവുന്ന ചെറുതും വലുതുമായ സ്റ്റാൻഡുകളുമുണ്ട്. 100 റിയാൽ മുതലാണ് ഇവയുടെ നിരക്ക്. ചെടികൾ നട്ടുവളർത്താനുള്ള നല്ല വളക്കൂറുള്ള മണ്ണും വളങ്ങളും സുലഭം. രണ്ടിനും ചെറിയ പായ്ക്കറ്റുകൾക്ക് 10 റിയാൽ വീതമാണ് നിരക്ക്. 

അകംചെടികൾക്ക് ഗുണങ്ങളേറെ

ഇൻഡോർ പ്ലാന്റുകൾക്ക് ഗുണങ്ങൾ ഏറെയുണ്ട്. കുറ്റിച്ചെടികളും നീളൻ ചെടികളും വള്ളിച്ചെടികളും തുടങ്ങി വിവിധ തരം ചെടികൾ അകത്തളങ്ങൾക്ക് ഭംഗിയേകും. ഇവയുടെ ഗുണങ്ങളും പരിപാലന രീതികളും നോക്കിയും കണ്ടും മനസ്സിലാക്കിയും വേണം തിരഞ്ഞെടുക്കാനെന്നു മാത്രം. 

 

വീട്ടിനുള്ളിൽ ചെടികൾ നട്ടു വളർത്തുന്നത് നിസ്സാര കാര്യമല്ല. ദിവസേന രാവിലെയോ വൈകിട്ടോ ഇത്തിരി നേരം അൽപം കാര്യമായി ശ്രദ്ധിച്ചാൽ മതിയാകും. ആവശ്യത്തിന് വെളിച്ചവും നല്ല പരിചരണവും കൃത്യമായ ജലസേചനവും ചെടികളെ നല്ല ഉഷാറാക്കി നിർത്തും.

 

വീട്ടിനുള്ളിൽ ആവശ്യത്തിന് പച്ചപ്പ് ഉണ്ടെങ്കിൽ പോസിറ്റിവിറ്റി കൂട്ടും. മാനസിക സമ്മർദം കുറയ്ക്കും. ഉൽപാദനക്ഷമതയും സന്തോഷവും ഏകാഗ്രതയും കൂട്ടാൻ സഹായകമാകും.

മുറികളിലെ ഈർപ്പം കൂട്ടിയും ഓക്‌സിജൻ ഉൽപാദിപ്പിച്ചും വായുവിനെ ശുദ്ധീകരിച്ച് ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിവുള്ളതാണ് മിക്ക ചെടികളും. നല്ല ഉറക്കവും നൽകും.

 

തിരക്കിൽ നിന്നും   സമ്മർദത്തിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ പച്ചപ്പ് നിറച്ചു നിൽക്കുന്ന ചെടികളുടെ സാന്നിധ്യം മനസ്സിനെ റിലാക്‌സ് ആക്കുക തന്നെ ചെയ്യും.  ഓരോ ഇനം ചെടികൾക്കും പ്രകൃത്യാലുള്ള  നിരവധി സ്വാഭാവിക ഗുണങ്ങളുണ്ട്. മുറികൾക്ക് ഭംഗി കൂട്ടുന്നതിനൊപ്പം വീട്ടുകാരുടെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നതാണ് ഇൻഡോർ ചെടികളുടെ പ്രധാന നേട്ടം.

English Summary: As summer heats up, indoor plants gain more popularity in Doha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com