ADVERTISEMENT

മനാമ∙ കംപ്യൂട്ടർ  ഗെയിമുകളിലും സമൂഹ മാധ്യമങ്ങളിലും  പുതിയ തലമുറ  സമയം പാഴാക്കിക്കളയുമ്പോൾ  നൂതന ആശയങ്ങളിലൂടെ ഐ ടി മേഖലയെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ബഹ്‌റൈൻ മലയാളി വിദ്യാർഥിയായ  ക്രിസ് തോമസ് ജോസ്.   ബഹ്‌റൈനിലെ ന്യൂ ഇന്ത്യൻ  സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ  ക്രൈസ് കംപ്യൂട്ടർ കോഡിംഗിൽ വളരെ ചെറുപ്പത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടമാണ്  കൈവരിച്ചിരിക്കുന്നത് . കോവിഡ് കാലഘട്ടത്തിൽ വീട്ടിൽ  വെറുതെയിരിക്കുമ്പോഴാണ്  കംപ്യൂട്ടർ  പ്രോഗ്രാമിങ്ങിൽ താൽപ്പര്യം തോന്നിത്തുടങ്ങിയത്.

 

മകന്റെ താൽപ്പര്യം മനസിലാക്കിയ പിതാവ് ജോസ് തോമസ് ക്രിസിനെ  ഒരു കംപ്യൂട്ടർ  'സ്ക്രാച്ച്' കോഴ്സിൽ ചേർത്തു. കുട്ടികൾക്കുള്ള ഗെയിമുകളും ആനിമേഷനുകളും സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വിഷ്വൽ പ്രോഗ്രാമിംഗ് ഭാഷയായ  സ്‌ക്രാച്ച് കോഴ്‌സ്  ക്രിസ് പെട്ടെന്ന് തന്നെ  സ്വായത്തമാക്കിയതോടെ മറ്റ് പ്രോഗ്രാമിങ് ഭാഷകൾക്കായുമുള്ള   തിരച്ചിൽ  തുടങ്ങി.

ക്രിസ് ചിത്രം : വിഷ്ണു നെട്ടത്ത്
ക്രിസ് ചിത്രം : വിഷ്ണു നെട്ടത്ത്

 

വെബ് ഡെവലപ്‌മെന്റ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന  പ്രോഗ്രാമിങ് ഭാഷയായ പൈത്തൺ കുറച്ച് ക്രിസ് മനസിലാക്കി. അങ്ങനെ  യു ട്യൂബിലൂടെയും  ഓൺലൈൻ ട്യൂട്ടോറിയലുകൾ വായിച്ചും പൈത്തൺ പഠിക്കാൻ തുടങ്ങി. കൂടാതെ കുറച്ച് ഓൺലൈൻ കോഴ്‌സുകളിലും ചേർന്നു .

 

അങ്ങനെ പൈത്തണിന്റെ  ഉപയോഗം യഥാർഥ ജീവിതത്തിൽ എങ്ങനെ പ്രായോഗികമാക്കാൻ സാധിക്കുമെന്ന് ചിന്തിച്ചു തുടങ്ങി.അങ്ങനെയിരിക്കെയാണ് ഒരു ദിവസം  വീട്ടിലെ റിമോട്ട് കൺട്രോൾ കാണാതെ  പോയത്. റിമോട്ട് ഇല്ലാതെ എന്നാൽ ടി വി യുടെ കൺട്രോളുകൾ ഒന്നും തൊടാതെ എങ്ങനെ ചാനലുകൾ മാറ്റാൻ കഴിയും എന്നായി ക്രിസിന്റെ ചിന്ത. അങ്ങനെയാണ് പൈത്തണിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കൈ ആംഗ്യങ്ങൾ ഉപയോഗിച്ച് ഒരു ആൻഡ്രോയിഡ്  ബോക്‌സ് നിയന്ത്രിക്കുന്ന ഒരു പ്രോഗ്രാം എന്ന  ആശയം ക്രിസിന്റെ   മനസ്സിൽ ഉരുത്തിരിഞ്ഞത്.

 

 ഫോൺ സ്‌ക്രീൻ നിയന്ത്രിക്കാൻ പ്രോഗ്രാം എഡിബി (ആൻഡ്രോയിഡ് ഡീബഗ് ബ്രിഡ്ജ്) ഉപയോഗിക്കുകയും ഫോൺ സ്‌ക്രീൻ പിന്നീട് ആൻഡ്രോയിഡ് ബോക്‌സിനെ നിയന്ത്രിക്കുകയും ചെയ്യുന്ന പ്രോഗ്രാമാണ് ക്രിസ് ചെയ്തു നോക്കിയത്.ഈ രണ്ടു പ്രോഗ്രാമുകളെയും സംയോജിപ്പിച്ചു വിജയിപ്പിക്കാനായത് ക്രിസിന്റെ ചിന്തകളെയും ആശയങ്ങളെയും കൂടുതൽ സംപുഷ്ടമാക്കി .

 

തുടർന്ന് ക്രിസ് മറ്റു പ്രോജക്റ്റുകളിലേക്ക് കടന്നു.അതിൽ ഒന്നാണ് 'എൻട്രി പോയിന്റ് ട്രാക്കർ' എന്ന പ്രോഗ്രാം.  ആരെങ്കിലും ഒരു കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ ട്രാക്ക് ചെയ്യാൻ ഈ പ്രോഗ്രാം ബാർ കോഡ് കാർഡുകൾ ഉപയോഗിക്കുന്നു. ജീവനക്കാരുടെ ഹാജർ ട്രാക്ക് ചെയ്യാനോ സുരക്ഷാ ക്രമീകരണത്തിൽ ആളുകളുടെ ചലനം നിരീക്ഷിക്കാനോ  ഉപയോഗിക്കാവുന്ന മികച്ച ഒരു പ്രോഗ്രാമാണിത്.

 

മറ്റൊന്ന് ഡ്രൈവർമാർ ഉറങ്ങുന്നത് മൂലം ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒരളവു വരെ ഇല്ലാതാക്കാൻ ഉതകുന്ന  'ഡ്രൈവർ പാസ് ഔട്ട് ഡിറ്റക്ടർ'.   ഡ്രൈവറുടെ കണ്ണുകൾ മൂന്ന് സെക്കൻഡിൽ കൂടുതൽ അടച്ചിരിക്കുകയാണെങ്കിൽ, ഡ്രൈവറെയും യാത്രക്കാരെയും അറിയിക്കാൻ  പ്രോഗ്രാം അലാറം മുഴക്കും എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങിയത് കാരണം ഉണ്ടായ വാഹനാപകടത്തെപ്പറ്റിയുള്ള ഒരു വാർത്ത കണ്ടതാണ്  ഇത്തരത്തിലുള്ള ഒരു  പ്രോഗ്രാം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ക്രിസ് പറഞ്ഞു.  ഭാവിയിൽ  സർക്കാർ തലത്തിൽ തന്നെ ശ്രദ്ധയിൽപ്പെടുത്തി മോട്ടോർ വാഹനവകുപ്പിന്റെ സഹകരണത്തോടെ വാഹനങ്ങളിൽ  ഈയൊരു പ്രോഗ്രാം ഉപയോഗപ്പെടുത്തണമെന്നാണ്  ഈ കൊച്ചു മിടുക്കന്റെ അഭിപ്രായം.   പ്രോഗ്രാമിങിനോടുള്ള താല്പര്യമുള്ള  സ്‌കൂളിലെ തന്റെ സഹപാഠികളുമായി ചേർന്നുകൊണ്ട് ഭാവിയിൽ ഒരു ആപ്പ് ക്ലബ്ബ് തുടങ്ങാനാണ് ക്രിസിന്റെ ആലോചന. അത്  നൂതന ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കുവാനും  അതുവഴി പുതിയ പ്രോഗ്രാമുകൾ ഉണ്ടാക്കുവാനുമുള്ള  വഴിയൊരുക്കും എന്നും ക്രിസ് പറയുന്നു.

 

 ഇത്തരം പ്രോഗ്രാമുകൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന  ലോക കോടീശ്വരനായ എലോൺ മസ്‌ക് ആണ് ക്രിസിന്റെ ആരാധനാ കഥാപാത്രം. ക്രിസിന്റെ താൽപ്പര്യങ്ങൾക്ക് എന്നും പിന്തുണ നൽകുന്ന  രക്ഷിതാക്കൾ ക്രിസിനു ദിവസവും  മൂന്നു മണിക്കൂറാണ്   കംപ്യൂട്ടർ പ്രോഗ്രാമിങ്ങിന് നീക്കി വയ്ക്കാൻ   അനുമതി നൽകിയിട്ടുള്ളത് എന്ന് സ്‌കൂൾ അധ്യാപിക കൂടിയായ ക്രിസിന്റെ മാതാവ് നിധി ചെറിയാൻ പറഞ്ഞു. 

 

ക്രിസ് കീ ബോർഡ് വായനയിലും മികവ് പുലർത്തുന്നുണ്ട്. ഗൾഫിലെ ഈ അവധിക്കാലത്ത് റൂബിക്‌സ് ക്യൂബും പ്രോഗ്രാമിംഗും ചെയ്യാൻ തന്നെയാണ് ക്രിസ് കൂടുതൽ സമയവും ചിലവഴിക്കുന്നത്.എറണാകുളം കലൂരിൽ  സ്‌ഥിരതാമസം ആക്കിയിട്ടുള്ള  ജോസ് തോമസിന്റെയും  നിധി ചെറിയാന്റെയും കുടുംബം കഴിഞ്ഞ വർഷമാണ്  ജോലി ആവശ്യാർത്ഥം ബഹ്‌റൈനിലേക്ക് എത്തുന്നത്.  ജോഅന്ന (11 ) സോഫിയ (9) എന്നീ രണ്ടു സഹോദരിമാരും ക്രിസിന്റെ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിന് പിന്തുണയുമായി കൂടെയുണ്ട് .

 

 

English Summary: 12-year-old excels in Python programming

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com