ADVERTISEMENT

ദമാം ∙ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ ഒട്ടുമിക്ക പ്രവാസികളിലും പലതരം സംശയങ്ങൾ ഉയരാറുണ്ട്. ഇതിൽ ഇപ്പോൾ പ്രധാനപ്പെട്ടതാണ് ലാപ്ടോപ് നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്നത്.  ലാപ്ടോപ്-ടാബ് ഇറക്കുമതി പൂർണമായും ഇന്ത്യ നിരോധിക്കുന്ന സാഹചര്യത്തിലാണ് പ്രവാസികൾക്ക് ഇത്തരത്തിൽ പലവിധ സംശയങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഐ ഫോണും ടാബുമൊക്കെ  എത്രയെണ്ണം വരെ കൂടെക്കരുതാം, ടെലിവിഷന് ഇളവുണ്ടോ, ഇതിനൊക്കെ എയർപോർട്ടിൽ നികുതി അടയ്ക്കേണ്ടി വരുമോ, നികുതി ഇല്ലാതെ എത്രയെണ്ണം കൊണ്ടുപോകാം എന്നിങ്ങനെ നീളുന്നു സംശയങ്ങൾ. ഇക്കാര്യത്തിൽ ആശയകുഴപ്പം വേണ്ടന്ന് വ്യക്തമാക്കി  സംശയനിവൃത്തി തരികയാണ് ഈ രംഗത്തെ വിദഗ്ധർ.

ലാപ്ടോപ്പുകളും ടാബുമൊക്കെ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതിനായി ഇന്ത്യ തീരുമാനം കൈക്കൊള്ളുന്ന ഘട്ടത്തിലാണ്  പ്രവാസികളില്‍ ആശയകുഴപ്പം ഉടലെടുത്തിരിക്കുന്നത്. ഇനി നാട്ടിലേക്ക് അവധിക്കോ ഫൈനൽ എക്സിറ്റിലോ പോകുമ്പോൾ തങ്ങളുടെ കൈവശം ലാപ്ടോപോ  ടാബോ സൂക്ഷിക്കാൻ പറ്റുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യങ്ങളിലൊന്ന്. ഇന്ത്യയിൽ വിൽപന നടത്തുന്ന ആപ്പിൾ,  ഡെൽ, സാംസങ്, ലെനോവോ, എച്ച്പി, അസൂസ്, എയ്സർ തുടങ്ങിയ മുൻനിര കമ്പനികളുടെ ലാപ്ടോപ്പുകൾ -ടാബുകൾ എന്നിവയൊക്കെ ഇനി മുതൽ  പുറത്ത് നിന്ന് കൊണ്ടുവന്ന് വിൽക്കാൻ സാധിക്കില്ല.

Read Also: ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാളായ മലയാളിയെ ഫുജൈറയിലെ കടലിൽ കാണാതായി; ആശങ്കയിൽ കുടുംബം

 സാധാരണയായി മുൻനിര കമ്പനികളൊക്കെ വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി നടത്തുകയാണ്. ആപ്പിൾ കമ്പനി വിൽക്കുന്ന ലാപ് അടക്കമുള്ള കംപ്യൂട്ടറുകളും മറ്റും ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കുകയാണ് ചെയ്തിരുന്നത്. കൊറിയയിലെ ഫാക്ടറികളിൽ നിർമാണം പൂർത്തീകരിച്ചാണ് സാംസങ് കംപ്യൂട്ടറുകളും മറ്റും ഇന്ത്യയിലെ വിപണിയിൽ വിറ്റഴിച്ചിരുന്നത്. ഇത്തരത്തിലുള്ള കമ്പനികൾ ലാപ്ടോപ്പിന്റെയും ടാബിന്റെയും വിൽപന നടത്തണമെങ്കിൽ അവർക്ക് ഇന്ത്യയിൽ തന്നെ നിർമാണം പൂർത്തീകരിക്കേണ്ടിവരും. ലോകത്തിൽ ഏറ്റവും കൂടുതൽ ലാപ്-മൊബൈൽ- ടാബ് വിൽപന നടക്കുന്ന വിപണികളിലൊന്നാണ് ഇന്ത്യ.

dubai-airport-customs
എയർപോർട്ടിലെ കസ്റ്റംസ് പരിശോധന. ചിത്രം: (Special Arrangement)

പ്രവാസികൾക്ക് പ്രത്യേക ഇളവുകളുണ്ട്

പ്രവാസികൾക്ക് പുതിയ ഇറക്കുമതി നിയമം ബാധകമല്ല. പ്രവാസികൾക്ക്  കേന്ദ്ര സർക്കാർ ഈ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. നിലവിലുള്ള ബാഗേജ് നിയമങ്ങളും ചട്ടങ്ങളും മാത്രമാണ് പ്രവാസികൾക്ക് ബാധകമാക്കിയിട്ടുള്ളുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എയർപോർട്ടിലെ ബാഗേജ് റൂൾ പ്രകാരം വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കു വരുന്ന  18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഒരു ലാപ്ടോപ് അല്ലെങ്കിൽ ടാബ് കൈയ്യിൽ കരുതാൻ അനുവദിക്കും. അത് ഡ്യൂട്ടിഫ്രീയായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും അനുവാദമുണ്ട്. 

ചിലർ ഉന്നയിക്കുന്ന സംശയം വേറൊന്നാണ്

കൈവശം സ്വന്തം ഉപയോഗത്തിനുള്ള കംപ്യൂട്ടറും  ജോലിയുമായി ബന്ധപ്പെട്ട പ്രഫഷനൽ കംപ്യൂട്ടറുമുണ്ടെങ്കിൽ ഇളവുണ്ടോ എന്നതാണ്. അതായത് രണ്ട് ലാപ്ടോപ് കൈവശം കൊണ്ടുപോകാൻ കഴിയുമോ, രണ്ടാമത്തെ കംപ്യൂട്ടറിന് ഡ്യൂട്ടി അടയ്ക്കേണ്ടിവരുമോ എന്നതാണ് സംശയം. സ്വന്തം ആവശ്യങ്ങൾക്കുള്ള കംപ്യൂട്ടർ തികച്ചും സൗജന്യമായി കൊണ്ടുപോകാനാവും. അതായത് ഏതെങ്കിലും ഒരു കംപ്യൂട്ടർ സൗജന്യമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

രണ്ടാമത്തെ ലാപ്ടോപ്പിന് ഡ്യൂട്ടി അടച്ചു മാത്രമേ കൊണ്ടുപോകുവാൻ സാധിക്കുകയുള്ളു. എന്നാൽ രണ്ടാമത്തെ ലാപ്- കംപ്യൂട്ടർ തൊഴിൽ ആവിശ്യവുമായി ബന്ധപ്പെട്ടതാണെന്നും ജീവിതോപാധിയാണെന്നും വിമാനത്താവളത്തിലെ കസ്റ്റംസ് അധികാരിയെ ബോധ്യപ്പെടുത്താൽ സാധിച്ചാൽ മാത്രം ഡ്യൂട്ടി ഇനത്തിൽ തുക അടയ്ക്കാതെ കൊണ്ടുപോകുന്നതിന് കഴിയും. കസ്റ്റംസ് ഓഫിസർക്ക് ബോധ്യപ്പെടാത്ത പക്ഷം നിശ്ചിത ഡ്യൂട്ടി അടയ്ക്കേണ്ടിയും വരും. ഉദാഹരണം ഐടി കംപ്യൂട്ടർ രംഗത്തുള്ളവർക്ക്  ലാപ് തുറന്ന് കാണിച്ച് ഒരു പക്ഷേ ബോധ്യപ്പെടുത്തേണ്ടി വന്നേക്കാം. രണ്ടാമത്തെ ലാപ്ടോപ്പിന്റെ വില 50,000 രൂപയ്ക്ക് മുകളിൽ വിലമതിക്കുന്നതാണെങ്കിൽ വിലയുടെ 38 ശതമാനം ടാക്സ് അടയ്കേണ്ടിവരും. അതായത് 1 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപിന് 38 ശതമാനമായ 38000 രൂപയോളം അടക്കേണ്ടിവരും. എന്നാൽ 50,000ത്തിനു താഴെ വിലയുള്ളതാണെങ്കിൽ ബോധ്യപ്പെടുന്ന പക്ഷം ഡ്യൂട്ടി ഫ്രീയായിരിക്കും.

ഐ ഫോൺ-ടാബ് -വിലകൂടിയ മൊബൈലുകൾ

ഐഫോൺ -ടാബ് അടക്കം വിലകൂടിയ മൊബൈൽ സാമഗ്രഹികൾക്കും ഇതേ മാനദണ്ഡങ്ങളും നിയമവുമാണ് ഉള്ളത്. ഒരെണ്ണം കൂടെ കരുതാൻ അനുവദിക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ വിലയേറിയ ഫോണുകളുണ്ടെങ്കിൽ രണ്ടാമത്തേത് ജീവിതോപാധിയാണെന്നും പ്രഫഷനൽ, കമ്പനി അവശ്യമായി ബന്ധപ്പെട്ടതാണെന്നും കസ്റ്റംസ് ഓഫിസറെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ ഒരു പക്ഷേ അനുവദിക്കും. എന്നാൽ ഒന്നിലേറേ വിലയേറിയ ഫോണുകൾ സമ്മാനം നൽകുന്നതിനും മറ്റും കൊണ്ടുപോകുന്നെങ്കിൽ വിലയുടെ  38 ശതമാനം കരം ഒടുക്കേണ്ടതുണ്ട്.

ടെലിവിഷന് ഇളവുണ്ടോ?

 ലാപ്പിനും ടാബിനും ഐ ഫോണടക്കമുള്ള മൊബൈലിനു കിട്ടിയ ഇളവുകൾ ടെലിവിഷന് നൽകുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടെ കരുതുന്നത് ഒരു ടിവി മാത്രമാണെങ്കിലും  പുതിയതോ പഴയതോ ആയാലും അതിന്റെ വിപണിമൂല്യമനുസരിച്ച് 38 ശതമാനം നികുതി നൽകെണ്ടി വരും. ഉപയോഗിച്ചിരുന്ന പഴയ ടെലിവിഷന് മാർക്കറ്റ് വാല്യു കുറവായതിനാൽ ഒടുക്കുന്ന നികുതി തുകയും അതിനനുസരിച്ച് 38 ശതമാനമായിരിക്കും. അതായത് 10,000 രൂപ വിലമതിക്കുന്ന പഴയ ടിവിക്കും 38 ശതമാനമായ 3800 രൂപ നൽകേണ്ടിവരുമെന്ന് സാരം. ബ്രാൻഡ് ന്യൂ ആണെങ്കിൽ ഇന്ത്യയിലെ മൂല്യമനുസരിച്ചുള്ള 38 ശതമാനം നികുതി എയർപോർട്ടിൽ ഒടുക്കേണ്ടിവരും. ഒരെണ്ണമായാലും ഒന്നിലേറെയായാലും പ്രത്യേക ഇളവു ലഭിക്കില്ല. മാനദണ്ഡങ്ങൾ പാലിച്ച്  ഗൾഫിൽ നിന്നോ മറ്റു വിദേശ രാജ്യങ്ങളിൽ നിന്നോ വരുന്നവർക്ക്  ഇന്ത്യയിലേക്ക് ടിവി കൊണ്ടു വരുന്നതിന് ബുദ്ധമുട്ടില്ല.

ഇൗ മാസം 3 നായിരുന്നു കേന്ദ്ര സർക്കാർ വിദേശ നിർമിത  ലാപ്ടോപ് ഇറക്കുമതി ഇന്ത്യയിൽ നിരോധിച്ചത്. വൻകിട വിദേശ കമ്പനികളുടെ നിർമാണ കേന്ദ്രങ്ങളും ഫാക്ടറികളും ഇന്ത്യയിൽ സ്ഥാപിച്ച് പ്രവർത്തിക്കുന്നത് വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ ഈ രംഗത്തുള്ളവർക്ക് ലഭിക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രഗവൺമെന്റെിന്റെ നീക്കം. ഡെൽ, ആപ്പിൾ, സാംസങ് അടക്കമുള്ള  വിദേശ കമ്പനികളുടെ ലാപ്, ടാബ്, മൊബൈൽ ഉത്പന്നങ്ങൾ  ഇന്ത്യയിൽ തന്നെ നിർമിച്ച് വിതരണം ചെയ്യുന്നതിന് ഇത് സൗകര്യമൊരുക്കും.

പ്രൊഡക്‌ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) സ്കീമിന് കീഴിൽ 44 ഹാർഡ്‌വെയർ നിർമാതാക്കൾ ഇന്ത്യയിൽ നിർമാണത്തിനായി ഇതിനോടകം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സനൽ കംപ്യൂട്ടറുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ റജിസ്‌ട്രേഷൻ നിർബന്ധമാക്കിയതിന് തൊട്ടുപിന്നാലെയാണിത്.

English Summary: Can expatriates bring laptops and tablets home, What are tax free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com