ADVERTISEMENT

ദുബായ്∙ ബീച്ചുകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേക സംഘത്തെ നിയോഗിച്ച് ദുബായ് മുനിസിപ്പാലിറ്റി. 140 അംഗ സംഘത്തിൽ 124 പേർ വിദഗ്ധ ലൈഫ് ഗാർഡുകളും 12 പേർ സൂപ്പർവൈസർമാരും 2 പേർ അസിസ്റ്റന്റ് മാനേജർമാരുമാണ്. ഒരു ഓപ്പറേഷൻസ് മാനേജരുണ്ട്. 

പുതിയ ഓൾ ടെറേൻ ബീച്ച് വെഹിക്കൾ (എടിവി), സുരക്ഷാ ഉപകരണങ്ങൾ എന്നിവ സംഘത്തിനുണ്ട്. മംസാർ ബീച്ച്, മംസാർ കോർണിഷ്, ജുമൈറ1,2,3 ഉംസുഖീം ഒന്നും രണ്ടും, എൽ ഷൊറൂഖ്, അൽ സുഫൗ, ജബൽ അലി ബീച്ചുകളിലാണ് രക്ഷാ സംഘത്തെ നിയോഗിച്ചത്. 

തിരയിൽപെട്ടു പോകുന്നവരെ സുരക്ഷിതമായി കരയിൽ എത്തിക്കാൻ പരിശീലനം ലഭിച്ചവരാണ് ഇവർ. 

കടലിൽ കുളിക്കുമ്പോഴും ജെറ്റ്സ്കി ഉൾപ്പടെ വാട്ടർ ബൈക്കുകളിൽ സഞ്ചരിക്കുമ്പോഴും സംഭവിക്കാവുന്ന അപകടങ്ങളിൽ ഇവർ രക്ഷകരാകും. 

വിനോദ സഞ്ചാരികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു മുനിസിപ്പാലിറ്റി അറിയിച്ചു. സൂര്യോദയം മുതൽ അസ്തമയം വരെ സംഘത്തിന്റെ സേവനം ബീച്ചുകളിൽ ലഭിക്കും. രാത്രി ബീച്ചുകളിൽ 24 മണിക്കൂറും സേവനമുണ്ടായിരിക്കുമെന്നു ബീച്ച് കാര്യ വകുപ്പ് ഡയറക്ടർ ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു. 

ബീച്ചിൽ എത്തുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. കടലിൽ വിവിധ നിറങ്ങളിൽ അപകട മുന്നറിയിപ്പ് കൊടികളുമുണ്ട്. ചുവന്ന കൊടിയുള്ള സ്ഥലങ്ങളിൽ നീന്തുന്നത് നിരോധിച്ചു. 

മഞ്ഞക്കൊടി അപകട മുന്നറിയിപ്പ് നൽകുന്നു. പർപ്പിൾ നിറത്തിലുള്ള കൊടി സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ കടൽ ജീവജാലങ്ങളുടെ സാന്നിധ്യം ഓർമിപ്പിക്കുന്നു.

English Summary: Dubai Municipality assigns integrated rescue crew across emirate beaches.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com