ADVERTISEMENT

ദോഹ∙ അവധിക്കാലത്തിന് വിട പറഞ്ഞ് ഖത്തറിലെ സ്‌കൂളുകൾ വീണ്ടും സജീവമായി.  പുതിയ കണക്കുകൾ പ്രകാരം  പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി മൂന്നര ലക്ഷത്തിലധികം വിദ്യാർഥികൾ  ക്ലാസുകളിലെത്തി. കരഞ്ഞും മടികാട്ടിയും സ്‌കൂളിലേക്ക് വന്ന ചെറിയ കുട്ടികൾ തിരികെ മടങ്ങിയത് കളിചിരിയും സന്തോഷവുമായാണ്. നീണ്ട ദിവസങ്ങൾക്ക് ശേഷം സഹപാഠികളെ വീണ്ടും കണ്ടതിന്റെ സന്തോഷവും അവധിക്കാല വിശേഷങ്ങളും പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു മുതിർന്ന വിദ്യാർഥികളും. 

രക്ഷിതാക്കളെ സംബന്ധിച്ച് ഒരിടവേളയ്ക്ക് ശേഷം മക്കളെ സ്‌കൂളിൽ കൊണ്ടു പോകാനും തിരിച്ചു കൊണ്ടുവരാനുമുള്ള ജോലിയാണ് പുനരാരംഭിച്ചത്. 

രാവിലെ മക്കളെ സ്‌കൂളിലാക്കിയിട്ട് ഓഫിസിൽ പോകുന്നവരാണ് ഏറെയും. സ്‌കൂൾ ബസുകളുടെ ഉയർന്ന നിരക്ക് താങ്ങാനാകാത്ത പല കുടുംബങ്ങളും സ്വന്തം വാഹനങ്ങളിലാണ് മക്കളെ സ്‌കൂളിൽ കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും. 

സ്‌കൂൾ ബസുകളും രക്ഷിതാക്കളുടെ വാഹനവും നിരത്തിൽ നിറഞ്ഞതോടെ ശാന്തമായിരുന്ന റോഡുകളിലും രാവിലെയും ഉച്ചയ്ക്കും ഗതാഗത തിരക്കേറി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌കൂൾ പരിസരങ്ങളിൽ രാവിലെയും ഉച്ചയ്ക്കും ഗതാഗത പട്രോളിങ് സംഘങ്ങളും സജീവമായിരുന്നു.  

സ്‌കൂളുകളുടെയും വിദ്യാർഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഇത്തവണയുള്ളത്. സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം 1,32,000 ആയപ്പോൾ സ്വകാര്യ സ്‌കൂളുകളിലേത് 2,09,000 ആയി വർധിച്ചു. 

ഇതോടെ പൊതു-സ്വകാര്യ മേഖലകളിലെ വിദ്യാർഥികളുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു.  2012-2013 അധ്യയന വർഷത്തിൽ 178 ആയിരുന്ന സർക്കാർ സ്‌കൂളുകളുടെ എണ്ണമിപ്പോൾ 209 ആയി. 182 എണ്ണമായിരുന്ന സ്വകാര്യ സ്‌കൂളുകൾ 10 വർഷം കൊണ്ട് 334 ആയാണ് ഉയർന്നത്. പതിനെട്ടോളമാണ് ഇന്ത്യൻ സ്‌കൂളുകളുടെ എണ്ണം.

രാജ്യത്തുടനീളമായി 34 ഉന്നത പഠന കേന്ദ്രങ്ങളുമുണ്ട്. 400 അക്കാദമിക് പ്രോഗ്രാമുകളാണ് ഈ കേന്ദ്രങ്ങളിലുള്ളത്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലായി 40,572 വിദ്യാർഥികളുണ്ട്.

English Summary: Qatar Schools reopened after long break.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com