ADVERTISEMENT

ദുബായ് ∙ ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ കൂടുതൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇയിലെ ബാങ്കുകൾ. ഇടപാടുകാരുടെ സ്വകാര്യത സംരക്ഷിക്കാനും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാനുമുള്ള പുതിയ മാർഗനിർദേശങ്ങൾ നവംബറിൽ നിലവിൽ വരും.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ചെക്ക് ബുക്ക്, പാസ്‍വേർഡ്, രഹസ്യ കോഡുകൾ എന്നിവ മറ്റൊരാൾക്കും കണ്ടെത്താൻ  കഴിയാത്ത വിധമാണെന്ന് ഇടപാടുകാർ ഉറപ്പാക്കണമെന്നതാണ് പ്രധാന നിർദേശം. ഇത്തരം ബാങ്ക് വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്തരുത്. നഷ്ടം സംഭവിക്കില്ലെന്ന് ഉറപ്പാക്കാതെ മുന്നാമതൊരു സേവന ദാതാവിന് ബാങ്ക് വിവരങ്ങൾ കൈമാറരുതെന്നും ഓർമിപ്പിച്ചു. ബാങ്കിൽനിന്നാണെങ്കിൽ പോലും ടെലിഫോൺ വഴി ബാങ്ക് വിവരങ്ങൾ നൽകുന്നത് കരുതലോടെയാകണം. പാസ്‍വേർഡ്, ജനന തീയതി, പേരിന്റെ ഭാഗം, മൊബൈൽ നമ്പർ എന്നിവ കൈമാറാൻ പാടില്ല. ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ഫോൺ വിളികളോട് പ്രതികരിക്കരുത്.

രഹസ്യ കോഡ് ഇടയ്ക്കിടെ മാറ്റണം

എളുപ്പത്തിൽ കണ്ടുപിടിക്കാത്ത വിധം അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചായിരിക്കണം രഹസ്യകോഡുകൾ. ഇവ ഇടയ്ക്കിടെ മാറ്റുകയും വേണം. ഇടപാടുകൾ നടത്തുന്ന  കംപ്യൂട്ടർ, സ്മാർട് ഫോൺ എന്നിവ വൈറസ് മുക്തമാണെന്ന് ഉറപ്പാക്കണം. രഹസ്യ കോഡുകൾ മറ്റുള്ളവർ കാണത്തക്കവിധം എഴുതിവയ്ക്കുകയോ മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കുകയോ ചെയ്യരുത്. സുരക്ഷിത വെബ്സൈറ്റുകളിൽ (ലോക്ക് ചിഹ്നമുള്ളവ) മാത്രമേ ഓൺലൈൻ ബാങ്ക് ഇടപടപാടുകൾ നടത്താവൂ.  പബ്ലിക് വൈഫൈ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കുകയോ ഓൺലൈൻ ഇടപാടിൽ ബാങ്ക് വിവരങ്ങൾ നൽകുകയോ ചെയ്യരുത്.

എ.ടി.എമ്മുകളിലോ സെയിൽസ് പോയന്റുകളിലോ പാസ് വേർഡുകൾ നൽകുമ്പോൾ മറ്റുള്ളവർ കാണുന്നില്ലെന്ന് ഉറപ്പാക്കണം. ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ പ്രധാന വെബ്പേജിലാണ് പ്രവേശിക്കേണ്ടത്. അപരിചിത   ലിങ്കുകൾ ക്ലിക്ക് ചെയ്ത് ബാങ്ക് വിവരങ്ങൾ നൽകുന്നത് അപകടത്തിലേക്കു നയിച്ചേക്കാം. ഓൺലൈൻ ബാങ്ക് ഇടപാടിനുശേഷം സൈറ്റിൽനിന്ന് സൈൻ ഔട്ട് ചെയ്തുവെന്ന് ഉറപ്പാക്കണം എന്നിവയാണ് മറ്റു പ്രധാന നിർദേശങ്ങൾ. നിശ്ചിത മാർഗ നിർദേശങ്ങൾ പാലിക്കാത്ത ഇടപാടുകൾ മൂലം സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ബാങ്കുകൾ ഉത്തരവാദിത്വം ഏൽക്കില്ലെന്നു അറിയിപ്പിൽ വ്യക്തമാക്കുന്നു.

ചതിക്കപ്പെട്ടാൽ പരാതിപ്പെടണം

ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാൽ ഉടൻ പൊലീസിലും ബാങ്കിലും അറിയിച്ച് ഉടൻ കാർഡോ അക്കൗണ്ടോ ബ്ലോക്ക് ചെയ്യണം. ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിൽ പ്രവേശിച്ചും സ്വയം കാർഡ് ബ്ലോക്ക് ചെയ്യാം.

സുരക്ഷിതമെന്ന് എങ്ങനെ അറിയും

സുരക്ഷിത വെബ്സൈറ്റ് അഡ്രസിനു മുൻപ് “https” എന്നു കാണും. ഇനി “s” ഇല്ലാതെ “http” മാത്രമാണെങ്കിൽ സുരക്ഷിതമല്ലെന്നു മനസ്സിലാക്കാം. സുരക്ഷിത വെബ്സൈറ്റുകൾ ലോക്ക് ചിഹ്നം കാണിക്കും. അല്ലാത്തവ തുറന്ന പൂട്ട്പോലെയോ സുരക്ഷിതമല്ലെന്നോ (not secure) കാണാം.  

English Summary: UAE Banks issues additional guidelines to secure bank accounts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com