ADVERTISEMENT

ദുബായ് ∙ വർഷത്തിൽ 2.2 കോടി യാത്രക്കാരെ ലക്ഷ്യമിട്ട് ദുബായിൽ വൻ ജലഗതാഗത വികസന പദ്ധതി പ്രഖ്യാപിച്ചു. സമുദ്ര ഗതാഗത ശൃംഖലയുടെ 188% വികസിപ്പിക്കുന്ന പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. നിലവിലെ 1.4 കോടിയിൽനിന്ന് യാത്രക്കാരുടെ എണ്ണത്തിൽ 50% ഏറെ വർധനയാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഇലക്ട്രിക് അബ്ര നിർമിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിക്കുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു. കൂടാതെ ഡ്രൈവറില്ലാ ഇലക്ട്രിക് അബ്ര പുറത്തിറക്കുന്നതിനുള്ള പരീക്ഷണങ്ങളും നടക്കുന്നു. 7 വർഷത്തിനകം ഗതാഗത ശൃംഖലയുടെ ദൈർഘ്യം 55 കി.മീയിൽനിന്ന് 158 ആയി നീട്ടാനും പദ്ധതിയുണ്ട്.

ദുബായ് ക്രീക്, വാട്ടർ കനാൽ പദ്ധതികൾക്കൊപ്പം മറൈൻ സ്റ്റേഷനുകളുടെ എണ്ണം 79 ആയി ഉയർത്തും.  നിലവിൽ 48 സ്റ്റേഷനുകളാണ് ഉള്ളത്. പാസഞ്ചർ ലൈനുകളുടെ എണ്ണം ഏഴിൽ നിന്ന് 35 ആയി ഉയരും. ദുബായ് മറീനയിയിലെ സ്റ്റേഷനുകൾ പാം ഐലൻഡിന്ചുറ്റുമുള്ള സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും, യാത്രക്കാരെ ദുബായ് കനാലിലേക്കും ബിസിനസ് ബേയിലേക്കും ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ് ഏരിയകളിലേക്കും ജദ്ദാഫ് ക്രീക് ഹാർബറിലേക്കും കൊണ്ടുപോകുമെന്നും ആർടിഎ അറിയിച്ചു. ഷിന്ദഗ, അൽഗുബൈബ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പഴയ ദുബായ് ഏരിയയിൽനിന്ന് അൽ മംസാർ, ഷാർജ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ലഭ്യമാക്കും.

ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 20 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് അബ്രകളും വ്യാപകമാക്കും. ത്രീഡി പ്രിന്റിങ് പദ്ധതി നിർമാണ സമയം 90 ശതമാനവും ചെലവ് 30 ശതമാനവും ലാഭിക്കാം. 8 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സ്വയം നിയന്ത്രിത ഇലക്ട്രിക് അബ്രകളും ദുബായ് തീരങ്ങളിൽ സജീവമാകും. അൽ ജദ്ദാഫ് സ്റ്റേഷനും ദുബായ് ഫെസ്റ്റിവൽ സിറ്റി മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനും ഇടയ്ക്കാണ് ഇവയുടെ സേവനം. ഇവയ്ക്ക് പരമാവധി ഏഴ് നോട്ടിക് മൈൽ വേഗമുണ്ടാകും. 

യുഎഇയിലെ ആദ്യ ഇമറാത്തി വനിതാ ക്യാപ്റ്റൻ ഹനാദി അൽ ദോസരിയുമായും ഷെയ്ഖ് ഹംദാൻ ചർച്ച  നടത്തി. ജലഗതാഗത രംഗത്ത് ഹനാദി വരുത്തിയ മാറ്റങ്ങളെ ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ചു.

English Summary: Dubai Sheikh Hamdan approves new plan to develop the Emirate’s maritime transport network.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com