ADVERTISEMENT

അബുദാബി ∙ സുഗന്ധദ്രവ്യ നിർമാണം എന്നത് പാചകം പോലെയാണ്. അതൊരു കൈപുണ്യം കൂടിയാണ്. ഉപ്പും മുളകും  കൂടിയാൽ ഭക്ഷണം അരുചികരമാകുന്നതുപോലെ, മിശ്രിതം നന്നായില്ലെങ്കില്‍ സുഗന്ധം ദുർഗന്ധമാകും. പാചകകല പോലെ ഒരു കലയാണ് സുഗന്ധദ്രവ്യ നിർമാണെന്ന് തെളിയിച്ച, കൈപുണ്യവും ആവോളം ലഭിച്ച മലയാളി യുവാവിന്റെ വിജയ കഥയാണിത്.  ഉപജീവനമാർഗം മറ്റൊന്നു തിരഞ്ഞെടുത്തിട്ടും തന്റെ പാഷനെ കൈവിടാതെ ആത്മാർഥമായി മുന്നോട്ടുപോയി നേട്ടങ്ങൾ കൊയ്യുകയാണ് ഈ യുവാവ്. അബുദാബിയിലെ ഫ്ലൈറ്റ് എയർ ഫിൽറ്റർ നിർമാണ കമ്പനിയിൽ  മാനുഫാക്ചറിങ് മാനേജരായി ജോലി ചെയ്യുന്ന ഇൻഡസ്ട്രിയൽ എൻജിനീയർ മലപ്പുറം പുത്തൻപള്ളി അയിരൂർ സ്വദേശി മുഹമ്മദ് സഫീർ(35) ആണ് ആരെയും മയക്കുന്ന സുഗന്ധദ്രവ്യ നിർമാണത്തിൽ വൈദഗ്ധ്യം നേടിയ. സ്വന്തമായി നിർമിച്ച അംബസഡർ സുഗന്ധദ്രവ്യങ്ങൾ വിപണിയിൽ സുഗന്ധം പരത്തുന്നതിന്റെ സന്തോഷം മനോരമ ഒാൺലൈനുമായി പങ്കിടുകയാണ്:

expatriate-youth-make-perfume
സഫീർ ഷോപ്പിൽ.

ഉപ്പയുടെ ഗന്ധം; വല്യുമ്മയുടെ നിസ്കാരക്കുപ്പായത്തിന്റെയും

മുഹമ്മദ് സഫീറിന്റെ പിതാവ് ഇബ്രാഹിം കുട്ടി മുൻ പ്രവാസിയാണ്. അദ്ദേഹത്തിന് അത്തറിന്റെ മണമായിരുന്നു. ഒാരോ അവധിക്കും ബാപ്പ നാട്ടിൽ വരുമ്പോൾ കുഞ്ഞു സഫീർ പറ്റിച്ചേർന്ന് നിന്ന് ആ മണം നുകരും. ബാപ്പ ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന ജന്നാത്തുൽ ഫിർദൗസ് (സ്വർഗത്തിലെ മണം) എന്ന അത്തർ വല്യുമ്മയുടെ നിസ്കാരക്കുപ്പായത്തിന്റേത് കൂടിയാണ്. സഫീറിന്റെ കുപ്പായത്തിലും അത്തർ പുരട്ടിക്കൊടുക്കും. വല്യുമ്മ നമസ്കരിക്കാനുപയോഗിക്കുന്ന മുസല്ലയിലും ഖുർആൻ വയ്ക്കുന്ന പെട്ടിക്കുള്ളിലും ഇതേ മണം. അന്നു മുതലേ സുഗന്ധദ്രവ്യങ്ങൾ സഫീറിന്റെ ഏറ്റവും വലിയ കൗതുകമായി. വിവിധ തരം അത്തറുകളും വെള്ളി മോതിരവുമായി ഗ്രാമത്തില്‍ എത്തുന്ന വയോധികനായ വിൽപനക്കാരനെ സഫീർ കാത്തിരിക്കുമായിരുന്നു. സുഗന്ധം പരത്തുക സുന്നത്താണെന്നും പ്രവാചകന് അത് ഏറെ ഇഷ്ടമായിരുന്നുവെന്നും മദ്രസയിൽ നിന്നും പഠിച്ചപ്പോൾ അവനൊന്നുറപ്പിച്ചു– വലുതാകുമ്പോൾ സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്ന ആളായി മാറണം.

expatriate-youth-make-perfume1
സഫീർ.

സ്കൂൾ പഠനകാലത്ത് ചിന്ത അതുമാത്രമായിരുന്നു

തശൂരിൽ എൻജിനീയറിങ് എൻ‌ട്രൻസ് പരിശീലനത്തിന് ചേർന്നപ്പോൾ പഠനത്തോടൊപ്പം പാർട് ടൈം ആയി തൃശൂരിലെ ഒരു പെർഫ്യൂം കടയിൽ ജോലി ചെയ്തു. ഏറെ അടുപ്പമുള്ള മതപണ്ഡിതൻ ഒാണംപള്ളി മുഹമ്മദ് ഫൈസി നേതൃത്വം നൽകുന്ന എം െഎസി പള്ളിക്ക് കീഴിലുള്ള ഹോസ്റ്റലിലായിരുന്നു താമസിച്ചത്. ആ പള്ളി കമ്മിറ്റി ഭാരവാഹികളുടെതായിരുന്നു പെർഫ്യൂം കട. മറ്റൊന്നും വേണ്ട, തന്റെ സ്പോക്കൺ ഇംഗ്ലിഷ് കോഴ്സിന്റെ ഫീസടയ്ക്കണം, പിന്നെ താമസവും ഭക്ഷണവും– ഇതായിരുന്നു സഫീറിന്റെ ഡിമാൻഡ്. അത് കടയുടമ അംഗീകരിച്ചതോടെ സഫീർ ജീവിതലക്ഷ്യത്തിലേക്കൂള്ള ആദ്യ ചുവട് വച്ചു. നാല് മാസത്തോളം അവിടെ ജോലി ചെയ്തു. പിന്നീട് തൃശൂർ എൻജിനീയറിങ് കോളജിൽ പ്രവേശനം ലഭിച്ചു കഴിഞ്ഞും എല്ലാ വാര്യന്തങ്ങളിലും ഇൗ പെർഫ്യും കടയിലേയ്ക്ക് ഒാടിയെത്തും– തന്നെ ഏതോ മായിക ലോകത്തെത്തിക്കുന്ന ആ സുഗന്ധം നുകരാൻ. എന്‍ജിനീയറിങ് പഠനം പൂർത്തിയാക്കുംവരെ ഇത് തുടർന്നു. മണത്തിൽ നിന്ന് ഏതൊക്കെ സുഗന്ധദ്രവ്യമാണെന്ന് തിരിച്ചറിയാനുള്ള കഴിവ് ലഭിച്ചത് ഇവിടെ നിന്നാണ്. ഉപയോക്താക്കളുടെ അഭിരുചിയും തിരിച്ചറിഞ്ഞു. പിന്നീട് ഖരക് പൂർ  െഎെഎടിയിൽ എംടെക് പൂർത്തിയാക്കിയ ശേഷം ടാറ്റാ സ്റ്റീലിലും തുടർന്ന് രണ്ടു വർഷം ഖത്തറിലും ജോലി ചെയ്തു. അപ്പോഴൊക്കെയും സുഗന്ധദ്രവ്യങ്ങൾ തേടി അലഞ്ഞുകൊണ്ടിരുന്നു. 2015ലാണ് യുഎഇയിലെത്തിയത്. അല്‍ െഎനിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ബാപ്പ അവധിക്ക് വരുമ്പോഴുള്ള ആ ഗൾഫ് മണം, അത് നേരിട്ട് ആസ്വദിക്കുകയായിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ആദ്യം ജോലി. അതിന് ശേഷം ദുബായ് ജബൽ അലിയിലെ കമ്പനിയിൽ 5 വർഷം പ്രവർത്തിച്ചു. 

expatriate-youth-make-perfume2
സഫീർ പഴയകാല ചിത്രം.

സുഗന്ധം ഒഴുകിനടന്ന കാലം

2019ലെ വാർഷികാവധി ദിനങ്ങളിൽ,  മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹം പൂർത്തീകരിക്കാൻ സമയം വിനിയോഗിക്കാനായിരുന്നു സഫീറിന്റെ തീരുമാനം. അങ്ങനെയാണ് സുഗന്ധദ്രവ്യ നിർമാണത്തിന്റെ അടിസ്ഥാന കാര്യങ്ങളും ശാസ്ത്രീയ വശങ്ങളും മനസിലാക്കാൻ ഇതുമായി ചേർന്ന സ്ഥാപനത്തിൽ ചേർന്നുപഠിച്ചത്. 

മുലപ്പൂവിന്റെ മണം ആസ്വദിക്കുമ്പോൾ നാസാരന്ധ്രത്തോട് ചേർത്ത് വച്ച് സുഗന്ധം ഉള്ളിലേയ്ക്കെടുത്താൽ അതിൽ തന്നെ വ്യത്യസ്തങ്ങളായ മണം നുകരാൻ സാധിക്കുമെന്ന് ഇൗ യുവാവ് പറയുന്നു. റോബസ്റ്റ പഴത്തിന്റെയും പച്ചപ്പുല്ലിന്റെയും വേറിട്ട ഗന്ധങ്ങൾ കൂടി ഉള്ളിലേക്ക് ഒഴുകും. ഇതു തൊട്ട് മിക്സിങ് വരെയുള്ള പാഠങ്ങളാണ് ഇൗ ക്ലാസുകളിലൂടെ സ്വന്തമാക്കാനായത്. മണങ്ങൾ നമ്മുടെ ബുദ്ധിയെ വികസിപ്പിക്കുന്നു. മനസിന്റെ നനുത്ത ഭാഗങ്ങളെ തൊട്ടുണർത്തി ഒാർമകളുടെ സുഗന്ധം പരത്തുന്നു. ഒരു മണത്തിൽ ഒട്ടേറെ മണങ്ങൾ ആസ്വദിക്കാനുള്ള ജാലവിദ്യ ഇവിടെ നിന്നാണ് സ്വായത്തമാക്കിയത്. വായന, ചിന്ത, സർഗാത്മകത എന്നിവയെല്ലാം പരിപോഷിപ്പിക്കാൻ സുഗന്ധം ഉപകരിക്കുമെന്നാണ് സഫീറിന്റെ അഭിപ്രായം. നാല് ലക്ഷത്തോളം രൂപയാണ് ഇൗ പഠനത്തിന് ചെലവഴിക്കേണ്ടി വന്നത്. 

expatriate-youth-make-perfume6

സുഗന്ധങ്ങളുടെ ഇന്ത്യൻ 'സ്ഥാനപതി'

സഫീർ എന്നാൽ അറബിക് ഭാഷയിൽ അംബസഡർ അഥവാ സ്ഥാനപതി എന്നാണർഥം. സുഗന്ധ നിർമാണത്തിൽ മലയാളികളുടെ അംബസഡറാകാനുള്ള യാത്രയിലാണ് സഫീർ. സ്വന്തമായി നിർമിക്കുന്ന മുപ്പതിലേറെ തരം സുഗന്ധദ്രവ്യങ്ങളുടെ ബ്രാൻഡ് നെയിം മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഷാർജ സഫാരി മാളിലാണ് പിതാവിന്റെ ഉടമസ്ഥതയിൽ ആദ്യത്തെ ‌‌സ്റ്റാൾ തുറന്നത്. ബിസിനസിലുപരി താനുണ്ടാക്കിയ സുഗന്ധ ദ്രവ്യങ്ങൾ ആവശ്യക്കാർക്ക് ആസ്വദിക്കാൻ കഴിയുന്നല്ലോ എന്ന സന്തോഷവമാണ് ഏറ്റവും വലുതെന്ന് 34 കാരൻ പറയുന്നു. 

expatriate-youth-make-perfume7
സഫീർ കുടുംബത്തോടൊപ്പം.

മഴയും മഞ്ഞും പ്രണയവും ചേർന്ന വശ്യസുന്ദരമായ സുഗന്ധം

ഒാരോ സുഗന്ധക്കൂട്ടുകൾക്കും ഇദ്ദേഹം നൽകിയിരിക്കുന്ന പേരിലുമുണ്ട് പുതുമ. ഒാരോ പ്രവാസിയുടെയും മനസിൽ ഗൃഹാതുരത്വത്തിന്റെ കുളിര് കോരുന്ന മൺസൂൺ കാലത്തെ ഒാർമിപ്പിക്കുന്ന മൺസൂൺ ഇൻ വെസ്റ്റേൺ ഘാട്ട്സ് എന്ന സുഗന്ധം പുതുമഴയ്ക്ക് ശേഷമുള്ള മണ്ണിന്റെ മണം മനസിൽ കൊണ്ടുവരും. കഥകളിലും കവിതകളിലും സിനിമകളിലും നാമനുഭവിച്ച മഞ്ഞുകാല രാത്രിയുടെ സുഗന്ധം പരത്തുന്ന മിസ്റ്റി മൂൺ ലൈറ്റ്, അൽ െഎൻ ഒയാസിലെ പനംതത്തകളുടെ മണമുള്ള പാരറ്റ്സ് ഒാഫ് അൽ ഹിലി, മുസരിസിൽ കച്ചവടത്തിനെത്തിയ നാവികന്റെ കടൽമണം അനുഭവിപ്പിക്കുന്ന സെയിലേഴ്സ് ഒാഫ് മുസരിസ്, റൂമി പ്രണയ കവിതകൾ പോലെ ആസ്വദിക്കാവുന്ന റൂമീസ് വൈറ്റ്, പഴയ വ്യാപാര ഇടനാഴിയായ സിൽക്ക് റൂട്ടിനെ ഒാർപ്പിക്കുന്ന സീക്രട്ട്സ് ഒാഫ് സിൽക് റൂട്ട്, ഇൗജിപ്തിലെ മമ്മികളുടെ ഒാർമയുണർത്തുന്ന സിറം ഒാഫ് കൈഫി (ലോകത്തെ ആദ്യത്തെ സുഗന്ധദ്രവ്യം ഇതാണെന്ന് പറയപ്പെടുന്നു), ലെറ്റർ ഫ്രം ചിറാപുഞ്ചി, മണാലി അഫയർ, മൈസൂർ സിംഫണി  തുടങ്ങിയ പേരുകൾ ഏതൊരു സുഗന്ധപ്രേമിയിലും കൗതുകമുണ്ടാക്കും. മുല്ലപ്പൂവിന്റെ അവാച്യമായ അനുഭൂതി പകരുന്നു മുല്ലാ റിപ്പബ്ലിക് എന്ന സുഗന്ധ ദ്രവ്യം.

ഒാർമ, സങ്കൽപം, ചരിത്രം എന്നിവ പ്രമേയമാക്കിയാണ് താൻ സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്നതെന്ന് സഫീർ പറയുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന സുഗന്ധമാണെങ്കിലും ഇന്ത്യക്കാരെയാണ് കൂടുതൽ അടുപ്പിക്കുക. മധ്യപൂർവദേശം ഒരു ഗന്ധക ഭൂമിയാണ്. ഇവിടെ മണ്ണിൽ സൾഫറിന്റെ അംശം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ നമുക്ക് വ്യത്യസ്തങ്ങളായ മികച്ച മണങ്ങളും ലഭിക്കുന്നു. സുഗന്ധദ്രവ്യ നിർമാണത്തിന് സഫീർ കൂടുതലും ഉപയോഗിക്കുന്നത് ഇന്ത്യയുടെ തനതായ കൂട്ടുകളാണ്.

നിര്‍മാണം തപസ്സ് പോലെ; ക്ഷമ വേണം, കാത്തിരിക്കേണ്ടി വരും

ക്രിയാത്മകതയോടൊപ്പം തപസിനെന്നപോലെ ക്ഷമയും ഏകാഗ്രതയും വേണ്ടതാണ് സുഗന്ധദ്രവ്യ മിശ്രിതമുണ്ടാക്കൽ പ്രക്രിയ. വായിക്കാനറിയാത്തയാളുടെ കൈയിൽ പിയാനോ കൊടുത്താൽ അയാൾ അപശബ്ദമുണ്ടാക്കുകയേ ചെയ്യൂം. അതുപോലെ നന്നായി മിശ്രിതമുണ്ടാക്കാനറിയാത്ത വ്യക്തി സുഗന്ധമുണ്ടാക്കിയാൽ അത് ദുർഗന്ധമായി മാറും. ഒട്ടേറെ കൂട്ടുകൾ ചേർത്താണ് സുഗന്ധമുണ്ടാക്കുന്നത്. അവ 99% കൃത്യമായാൽ മാത്രമേ ആരെയും മയക്കുന്ന സുഗന്ധമാവുകയുള്ളൂ. ഒാരോന്നിന്റെയും അളവാണ് ഏറ്റവും പ്രധാനപ്പെട്ടത്. ജോലി ഒഴിവു വേളകളാണ് സഫീർ സുഗന്ധദ്രവ്യ നിർമാണത്തിന് ഉപയോഗിക്കുന്നത്. ചെറുപ്പത്തിലേ തന്റെ ആഗ്രഹത്തിന് കൂട്ടുനിന്ന അമ്മാവൻ ബുർഹാനാണ് മേൽനോട്ടം. സഹോദരൻ ജാസിർ, അടുത്ത സുഹൃത്തും കോളജ് സഹപാഠിയുമായ അബിൻ, ബന്ധുക്കളായ ഫവാസ്, ബാസിൻ എന്നിവർ കട്ട പിന്തുണയുമായി കൂടെയുണ്ട്.  വൈകാതെ നിർമാണം വികസിപ്പിക്കാനുള്ള തയാറെടുപ്പും നടത്തിവരുന്നു. മാതാവ് ഷരീഫ. ഖലീഫ യൂണിവേഴ്സിറ്റിയിൽ ഗവേഷണവിദ്യാർഥിയാണ് ഭാര്യ ഷദീദ, രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ സഫ്രീൻ, മകൻ ഇൽഹാൻ ഇബ്രാഹിം എന്നിവരോടൊപ്പം അബുദാബിയിലാണ് താമസം.

English Summary:  Expatriate youth made success by making perfume

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com