മനാമ ∙ ബഹ്‌റൈൻ വാദ്യകലാരംഗത്ത് ശ്രദ്ധേയമായ സോപാനംവാദ്യകലാസംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'സോപാനം വാദ്യസംഗമം' 2023 ഓക്ടോബർ 6 നു വൈകിട്ട് 4 മുതൽ ടുബ്ലി അദാരി പാർക്ക് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാരൂപങ്ങൾ വാദ്യസംഗമത്തിൽ അരങ്ങേറും.
സോപാനരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ നാൽപ്പത് കലാകാരന്മാർ സോപാനസംഗീതം അവതരിപ്പിക്കും. തുടർന്ന് കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ ഇരുനൂറിലേറെ വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരി മേളവും അരങ്ങേറും.
സംഗീത വാദ്യകലാ ബാൻഡ് ആയ 'ത്രികായ' അവതരിപ്പിക്കുന്ന വാദ്യസംഗീത സമന്വയവും ഉണ്ടാകും. പ്രകാശ് ഉള്ള്യേരി, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ എന്നിവർക്കൊപ്പം സംഗീത സംവിധായകൻ ശരത്തും ത്രികായയിൽ ഒത്തുചേരും. പ്രവേശനം സൗജന്യമായിരിക്കും. കോൺവെക്സ് മീഡിയ എംഡി അജിത്ത് നായർ, സോപാനം രക്ഷാധികാരി അനിൽ മാരാർ, വാദ്യസംഗമം ചെയർമാൻ ചന്ദ്രശേഖരൻ, ട്രഷറർ രാജേഷ് മാധവൻ, ശശികുമാർ, മനുമോഹനൻ, വിനീഷ് സോപാനം രൂപേഷ് ഊരാളുങ്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.