ADVERTISEMENT

ദോഹ∙ രാജ്യത്തെ പൊതു ഗതാഗതമേഖലയിൽ 70 ശതമാനവും ഇലക്ട്രിക് ബസുകൾ. 2030നകം പൊതുഗതാഗത ബസുകൾ 100 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കുമെന്ന ലക്ഷ്യത്തിലേക്ക് അടുത്ത് രാജ്യം.  

ഈ വർഷം മൂന്നാം പാദത്തിലെത്തിയപ്പോഴേക്കും 70 ശതമാനം ബസുകളും ഇ-ബസുകൾ ആക്കാൻ കഴിഞ്ഞു. 2030 എത്തും മുൻപേ തന്നെ പരിസ്ഥിതി സൗഹൃദ പൊതുഗതാഗതമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നും ഗതാഗത മന്ത്രി  ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി പറഞ്ഞു. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ‘തലമുറകൾക്കായി സുസ്ഥിര ഗതാഗതവും പൈതൃകവും’ എന്ന തലക്കെട്ടിൽ നടന്ന ദ്വിദിന സമ്മേളനവും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പൊതുഗതാഗത മേഖലയ്ക്ക് സ്മാർട്, പരിസ്ഥിതി സൗഹൃദ ട്രാൻസിറ്റ് സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രൈവറില്ലാതെ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങളും നിബന്ധനകളും സംബന്ധിച്ച നയപ്രഖ്യാപനം ഇതോടൊപ്പം നടന്നു. 

അടുത്ത 5 വർഷത്തേക്കുള്ള ചട്ടങ്ങളാണ് തയാറാക്കിയിരിക്കുന്നത്. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നിബന്ധനകളും മാനദണ്ഡങ്ങളും സംബന്ധിച്ച പഠനത്തിലാണ് ഗതാഗത മന്ത്രാലയം. 

ഇ-വാഹനങ്ങളുടെ സാങ്കേതിക മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും അനുമതി സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി പുതിയ കേന്ദ്രം രൂപീകരിക്കുന്നതും പുരോഗതിയിലാണെന്നും മന്ത്രി വിശദീകരിച്ചു. 

സ്കൂളുകളിലും മറ്റു ഗതാഗത മേഖലകളിലും ഇ-ബസുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ധന കാര്യത്തിൽ വരെ കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ യൂറോ 5 എൻജിൻ ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ ശ്രദ്ധ ചെലുത്തുന്നുണ്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ദോഹ മെട്രോ റെയിൽ സേവനങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ തുറമുഖ വികസന പദ്ധതിയുടെ മൂന്നാം ഘട്ടം സംബന്ധിച്ച അന്തിമ നടപടികൾ പുരോഗതിയിലാണ്. നാവിഗേഷൻ ചാനലും ബേസിന്റെ ആഴം കൂട്ടുന്നതും ശേഷി വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വികസനമാണ് പുരോഗമിക്കുന്നത‌്. ദോഹ തുറമുഖത്തിന്റെ വികസനം രാജ്യത്തിന്റെ ടൂറിസം മേഖലയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ സഹായകമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

2 ദിവസത്തെ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽതാനി, നഗരസഭ മന്ത്രി ഡോ.അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ തുടങ്ങി നിരവധി മന്ത്രിമാരും പങ്കെടുത്തു.

English Summary: Public transport in Qatar is completely eco-friendly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com