ADVERTISEMENT

ദുബായ്∙ മലയാളത്തിലെ യുവ ഗായിക ആൻ ആമി വളര്‍ന്നതും പഠിച്ചതുമെല്ലാം യുഎഇയിലാണ്. അതുകൊണ്ടു തന്നെ ഇൗ ഗോൾഡൻ വീസയ്ക്ക് മാധുര്യവുമേറുന്നു. മലയാള സിനിമാ പിന്നണി ഗാന രംഗത്ത് ശ്രദ്ധേയായിക്കൊണ്ടിരിക്കുന്ന ആൻ ആമി കഴിഞ്ഞ ദിവസമാണ് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്ക് യുഎഇ അനുവദിക്കുന്ന 10 വർഷത്തെ വീസ ഏറ്റുവാങ്ങിയത്. ഗോൾഡൻ വീസ ഏറ്റുവാങ്ങിയ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ആൻ ആമി മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

anne-amie-uae
ആൻ ആമി

 

സെപ്റ്റംബർ 8ന് ഇതുവരെ എന്റെ ജീവിതത്തിൽ യാതൊരു പ്രത്യേകതയുമുണ്ടായിരുന്നില്ല. ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു. ഇൗ ദിവസം ഒരിക്കലും മറക്കാനാവില്ല. യുഎഇയിൽ വളർന്നവളാണ് ഞാൻ. ഇവിടെ തന്നെ പഠനവും പൂർത്തിയാക്കി. എനിക്ക് പാട്ടിലേയ്ക്ക് വഴിയൊരുക്കിത്തന്ന നാടാണിത്. എന്റെ ഏഴാം വയസിൽ എനിക്ക് പാടാൻ കഴിവുണ്ടെന്ന് പപ്പ തിരിച്ചറിയുന്നത് യുഎഇയിലാണ്. ഞാൻ പാട്ടുപഠിച്ചു തുടങ്ങുന്നതും ആദ്യമായി സ്റ്റേജിൽ പാടുന്നതും  ഏറ്റവും കൂടുതൽ പാടിയിട്ടുള്ളതും ദുബായിൽ തന്നെ. ദുബായ് എന്നെ പാട്ടുകാരിയായി അംഗീകരിച്ചു. ഇപ്പോൾ സർക്കാരും അംഗീകരിച്ചിരിക്കുന്നു. വളരെ വൈകാരികമായ നിമിഷങ്ങളിലൂ‌ടെയാണ് ഞാൻ കടന്നുപോകുന്നത്. എന്റെ കുടുംബവും എന്നെ എപ്പോഴും പിന്തുണച്ചു. ഗോൾഡൻ വീസയ്ക്ക് വഴിയൊരുക്കിയ യുഎഇയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇഖ്ബാൽ മാർക്കോണിക്കും സഹപ്രവർത്തകർക്കും ആൻ ആമി നന്ദി പറയുന്നു.

anne-amie-golden-visa
ആൻ ആമി

 

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവഗായികയാണ് ആൻ ആമി. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിൽ 'ഏത് മേഘമാരി...' എന്ന പാട്ടുപാടിക്കൊണ്ടാണ് ആൻ പിന്നണി ഗാനരംഗത്തേക്കു കടന്നുവന്നത്. 2019ൽ 'കൂടെ' എന്ന ചിത്രത്തിലെ 'ആരാരോ...' എന്ന പാട്ടിന് ആ വർഷത്തെ ഫിലിംഫെയർ അവാർഡ് ലഭിച്ചു. അടുത്തവർഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനു ശബ്ദം നൽകി ഡബ്ബിങ് മേഖലയിലും ഹരിശ്രീ കുറിച്ചു. ദുൽഖർ സൽമാന്റെ ‘സീതാരാമം’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ മൃണാൾ താക്കൂറിന് ശബ്ദം നൽകിയതും ആൻ ആമിയാണ്. അ‌ടുത്തിടെ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുത വിളക്കും എന്ന സിനിമയിൽ ആൻ ആമി പാടിയ ‘തിങ്കൾ പൂവേ’ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. ഇൗ ഒാണത്തിലെ ഏറ്റവും വലിയ ഹിറ്റായ ആർഡിഎക്സ് എന്ന ചിത്രത്തിൽ  െഎമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതും ആനാണ്. യുഎഇയിൽ ചിത്രീകരിച്ച ആയിരത്തൊന്നു നുണകളിൽ ഒരു ഗാനം ആലപിച്ചു. ഇൗ രണ്ട് ചിത്രങ്ങളിലും ഭാഗഭാക്കാകാൻ സാധിച്ചതിൽ ഏറെ സന്തോഷിക്കുന്നതായി ആൻ പറയുന്നു.

 

ഗായികയായി മാറും മുമ്പ് ബാങ്കിങ് മേഖലയിലും യാഹുവിലും ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് ബാങ്കിങ് മേഖലയിലേയ്ക്ക് പ്രവേശിക്കുന്നത്. അതിന് ശേഷമാണ് കൂടെയിലെ ആരാരോ പാടുന്നത്. ഇതിനകം മുപ്പതോളം സിനിമകളിൽ പാടിക്കഴിഞ്ഞു. ദുബായിൽ ട്രാവൽസ് നടത്തുന്ന ജോയ് തോമസാണ് പിതാവ്. മാതാവ്: ബെറ്റി. സഹോദരൻ കെവിൻ കാനഡയിൽ ജോലി ചെയ്യുന്നു. കുടുംബം കഴിഞ്ഞ 40 വർഷമായി യുഎഇയിലാണ് താമസിക്കുന്നത്. 

 

English Summary: I Love UAE: Playback Singer Anne Amie on UAE Life and Golden Visa 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com