ADVERTISEMENT

അബുദാബി ∙ സ്കൂൾ ബസുകളിലെ സുരക്ഷാ നിബന്ധനകൾ കർശനമാക്കി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി. നിരീക്ഷണ ക്യാമറ, അടിയന്തര സാഹചര്യങ്ങളിൽ ഗ്ലാസ് തകർക്കാനുള്ള ചുറ്റിക, പ്രാഥമിക ചികിത്സയ്ക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്സ്, അഗ്നിശമന ഉപകരണം എന്നിവ നിർബന്ധം. 

ബസിനുള്ളിലും പുറത്തും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് അഗ്നിരക്ഷാസേന പുറത്തിറക്കിയത്.  അപകടം, അഗ്നിബാധ തുടങ്ങി അടിയന്തര സന്ദർഭങ്ങളിൽ ഗ്ലാസ് തകർത്ത് മുഴുവൻ കുട്ടികളെയും സുരക്ഷിതമായി പുറത്ത് എത്തിക്കുന്നതിനാണ് ചുറ്റിക നിർബന്ധമാക്കിയത്.

തീ അണയ്ക്കാൻ അറിയണം 

അഗ്നിബാധ ഉണ്ടായാൽ തീ അണയ്ക്കാനുള്ള പരിശീലനവും ജീവനക്കാർക്ക് നൽകണം. അഗ്നിശമന ഉപകരണം പ്രവർത്തിപ്പിക്കാൻ ഡ്രൈവർക്കും ബസ് സൂപ്പർവൈസർക്കും അറിയണം. സുരക്ഷാ ഉപകരണങ്ങൾ സമയബന്ധിതമായി അറ്റകുറ്റപ്പണി ചെയ്യാൻ അംഗീകൃത കമ്പനികളുമായി കരാർ ഉണ്ടാക്കണം.

ബസ് ഡ്രൈവർ അറിയാൻ

ബസ് പാർക്ക് ചെയ്യുമ്പോൾ കുട്ടികൾ വാഹനത്തിൽ ഇല്ലെന്ന് ഉറപ്പാക്കണം. ബസിൽ കയറാനും ഇറങ്ങാനും കുട്ടികളെ സഹായിക്കണം. വാഹനത്തിൽ കയറുന്ന കുട്ടികൾക്ക് സീറ്റിൽ ഇരിക്കാനുള്ള സാവകാശം നൽകണം. നിശ്ചിത ഇടങ്ങളിലല്ലാതെ വാഹനം നിർത്തരുത്. ഇറങ്ങിയ കുട്ടികൾ വാഹനത്തിനു സമീപം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമേ മുന്നോട്ടെടുക്കാവൂ. വിദ്യാർഥികൾ വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്റ്റോപ്പ് ബോർഡുകൾ പ്രദർശിപ്പിക്കണം. വേഗപരിധി ലംഘിക്കരുത്. മഞ്ഞു വീഴ്ച ഉണ്ടാകുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണം. മുന്നിലെ വാഹനവുമായി മതിയായ അകലം പാലിക്കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

സ്വകാര്യവാഹനങ്ങളിലെ സുരക്ഷ 

സ്വന്തം വാഹനം ഉപയോഗിക്കുന്നവർ 10 വയസ്സു തികയാത്ത കുട്ടികളെ മുൻ സീറ്റിൽ ഇരുത്തരുത്. സ്കൂൾ പരിസരത്ത് കുട്ടികളെ ഇറക്കിവിടരുത്. റോഡിനു കുറുകെ കടക്കാൻ അവരെ സഹായിക്കണം. വാഹനം പാർക്കിങ്ങിൽ മാത്രമേ  നിർത്തിയിടാവൂ. ചെറിയ കുട്ടികളെ ബസിൽ കയറാനും ഇറങ്ങാനും രക്ഷിതാക്കൾ പരിശീലിപ്പിക്കണം.

English Summary: Abu Dhabi civil defence authority issued regulations to ensure the safety of students.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com