തഖ്ദീർ അവാർഡ് രാജ്യാന്തര തലത്തിലേക്ക്; കമ്പനികൾക്ക് 10 ലക്ഷം ദിർഹത്തിന്റെ അവാർഡ്
Mail This Article
ദുബായ് ∙ ലോകത്ത് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികൾക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള തഖ്ദീർ അവാർഡ് നൽകുമെന്ന് അധികൃതർ പറഞ്ഞു. വിജയികൾക്ക് 10 ലക്ഷം ദിർഹമാണ് സമ്മാനം.
നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി മികച്ച ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നവർക്കാണ് ദുബായ് തഖ്‌ദീർ പുരസ്‌കാരം നൽകി ആദരിക്കുകയെന്ന് അവാർഡ് കമ്മിറ്റി ചെയർമാനും ദുബായ് എമിഗ്രേഷൻ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. മുൻപ് ദുബായിലെ കമ്പനികൾക്ക് നൽകിയ അംഗീകാരമാണ് സ്റ്റാർ റേറ്റിങ് 5-ൽ നിന്ന് ഏഴാക്കിക്കൊണ്ട് ആഗോളതലത്തിൽ കമ്പനികൾക്ക് നൽകി ആദരിക്കുക.
Read also: ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ
തൊഴിലുടമകൾക്കും ജീവനക്കാർക്കും തുല്യവുമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിനും അവരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കപ്പെടുന്നതിനും ദുബായിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ആഗോള തലത്തിലേയ്ക്ക് പുരസ്‌കാരം വ്യാപിപ്പിച്ചത്. സുസ്ഥിരവും പോസിറ്റീവുമായ തൊഴിൽ വിപണിയുടെ തത്വങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണ്. ലോക തൊഴിലാളികളെ ഉൾക്കൊള്ളുന്നതിനായി അവാർഡിന്റെ വ്യാപ്തി വിശാലമാക്കുന്നതിലൂടെ എമിറേറ്റിനെ തൊഴിലാളി ക്ഷേമ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാടും പ്രതിബദ്ധതയും സാക്ഷാത്കരിച്ചിരിക്കുകയാണെന്ന് മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു.
∙ ലോകത്തെ ആദ്യ സംരംഭം
സമഗ്ര മൂല്യനിര്‍ണയത്തിലുടെ പോയിന്‍റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്ര പദവി നല്‍കുന്ന ഈ സമ്പ്രദായം ലോകത്ത് തന്നെ ആദ്യമാണെന്ന് അധികൃതർ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ നടത്തിപ്പിലെ കാര്യക്ഷമത തിരിച്ചറിഞ്ഞ് തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സന്തോഷകരമായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് തഖ്ദീര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവാർഡിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തഖ്‌ദീർ അവാർഡ് കമ്മിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കണം. ദുബായ് എമിഗ്രേഷൻ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അവാർഡ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ടെക്നിക്കൽ അഡ്വൈസർ ബ്രി. ജനറൽ അബ്ദുൽ സമദ് ഹുസ്സെൻ, സെക്രട്ടറി ജനറൽ ലഫ്. കേണൽ ഖാലിദ് ഇസ്മായിൽ, മുഹമ്മദ് കമാൽ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Taqdeer Award goes global: 7-star companies to win Dh1m for labour welfare excellence